Top

ആര്‍എസ്എസിനെ പോപ്പുലര്‍ ഫ്രണ്ടിനോട് ഉപമിച്ചു; ബിഹാര്‍ പൊലീസ് ഓഫീസര്‍ മാപ്പ് പറയണമെന്ന് ബിജെപി

15 July 2022 2:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആര്‍എസ്എസിനെ പോപ്പുലര്‍ ഫ്രണ്ടിനോട് ഉപമിച്ചു; ബിഹാര്‍ പൊലീസ് ഓഫീസര്‍ മാപ്പ് പറയണമെന്ന് ബിജെപി
X

പാട്‌ന: പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തന രീതി ആര്‍എസ്എസിനെപ്പോലെയാണെന്ന വിവാദ പ്രസ്താവന നടത്തിയ പാട്‌ന പൊലീസ് സൂപ്രണ്ടിനെതിരെ ബിജെപി രംഗത്ത്. പ്രസ്താവന പിന്‍വലിച്ച് അദ്ദേഹം മാപ്പ് പറയണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. പാട്‌ന പൊലീസ് സൂപ്രണ്ടായ മാനവ്ജീത് സിംഗ് ധില്ലാനാണ് ആര്‍എസ്എസിനെയും പോപ്പുലര്‍ ഫ്രണ്ടിനെയും താരതമ്യം ചെയ്ത് സംസാരിച്ചത്.

സംഭവം വിവാദമായതോടെ അദ്ദേഹത്തില്‍ നിന്ന് 48 മണിക്കൂറിനുള്ളില്‍ വിശദീകരണം തേടാന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിര്‍ദേശം നല്‍കി. മാനവ്ജീത് സിംഗ് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് രാജ്യസഭാ അംഗവും മുന്‍ ഉപ മുഖ്യമന്ത്രിയുമായിരുന്ന സുശീല്‍ മോദി ട്വീറ്റ് ചെയ്തു.

' ആര്‍എസ്എസ് ശാഖകളില്‍ ലാത്തിയും മറ്റും ഉപയോഗിച്ച് പരിശീലനം നല്‍കുന്നതു പോലെയാണ് പോപ്പുലര്‍ ഫ്രണ്ട് അവരുടെ ആശയങ്ങള്‍ പ്രവര്‍ത്തകരുടെ മനസ്സില്‍ നിറയ്ക്കുന്നത്.' എന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ പ്രസ്താവന.

മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ മാനവ്ജീത് സിംഗിന്റെ മാനസിക നില തകരാറിലായെന്നും അതുകൊണ്ടാണ് ദേശീയ സംഘടനയായ ആര്‍എസ്എസിനെ പോപ്പുലര്‍ ഫ്രണ്ടുമായി ഉപമിച്ചതെന്നും ഹരിഭൂഷന്‍ താക്കൂര്‍ ബച്ചൗള്‍ എംഎല്‍എ പറഞ്ഞു. അതേസമയം, ഹിന്ദുസ്ഥാന്‍ ആവാസ് മോര്‍ച്ച ഉദ്യോഗസ്ഥന് പിന്തുണ പ്രഖ്യാപിച്ചു. ആര്‍എസ്എസിന് ശാഖകള്‍ ഉള്ളതുപോലെ പോപ്പുലര്‍ഫ്രണ്ടിനും ശാഖകള്‍ ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞതെന്ന് ഹിന്ദുസ്ഥാന്‍ ആവാസ് മോര്‍ച്ച നേതാവ് ഡാനിഷ് റിസ്വാന്‍ പറഞ്ഞു.

പോപ്പുലര്‍ഫ്രണ്ടിന്റെ വിദ്വേഷ പ്രചാരണങ്ങളെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മാനവ്ജീത് സിംഗ് ധില്ലാന്‍ പ്രസ്താവന നടത്തിയത്. രണ്ട് പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്‌തെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ബിഹാര്‍ സന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ അറസ്റ്റിന് പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി യാതൊരു ബന്ധമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായിരുന്നു അറസ്റ്റ്. ഇവര്‍ സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

STORY HIGHLIGHT: Comparing PFI with RSS Bihar police officer spark huge row

Next Story