പട്ന: തുടർച്ചായായ പൊളിഞ്ഞുവീഴലിന് പിന്നാലെ ബിഹാറിൽ ദേശീയപാത 31ലെ ഫ്ലൈഓവറും തകർന്നുവീണു. ഫ്ലൈഓവറിന്റെ ഒരു ഭാഗമാണ് തകർന്നത്. സംഭവത്തിന് പിന്നാലെ ഫ്ലൈഓവറിലൂെടെയുള്ള യാത്ര വിലക്കിയിരിക്കുകയാണ്. ഒരാഴ്ചക്ക് മുൻപ് 1700 കോടി ചെലവാക്കി നിർമിച്ച പാലം തകർന്നുവീണിരുന്നു.
കഴിഞ്ഞ വർഷം ജൂൺ അഞ്ചിന് 3.11 കിലോമീറ്റർ നീളമുള്ള നാലുവരിപ്പാലത്തിൻ്റെ മൂന്ന് തൂണുകൾ തകർന്നിരുന്നു. 2022 ഏപ്രിലിലും പാലത്തിൻ്റെ മറ്റൊരു ഭാഗം തകർന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. വടക്കൻ ബിഹാറിനെ തെക്കുമായി ബന്ധിപ്പിക്കുന്ന ഗംഗയ്ക്ക് കുറുകെയുള്ള ആറാമത്തെ പാലമാണിത്. സുൽത്താൻഗഞ്ച് , ഖഗാരിയ, സഹർസ, മധേപുര, സുപൗൾ എന്നിവിടങ്ങളിലേക്കുള്ള യാത്രാ സമയം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ളതാണിത്. ഇത് ഗംഗാ നദിക്ക് കുറുകെ NH 31, NH 80 എന്നിവയെ ബന്ധിപ്പിക്കുകയും ചെയ്യുന്നു.
ദിവസങ്ങളുടെ വ്യത്യാസത്തിൽ പത്തിലധികം പാലങ്ങൾ തകർന്നുവീണതോടെ ബിഹാറിലെ നിർമാണങ്ങളും സർക്കാരിൻ്റെ അഴിമതിയും ചർച്ചയായിരുന്നു. പതിനഞ്ച് വർഷം മാത്രം പഴക്കമുള്ള പാലമാണ് സരൺ ജില്ലയിൽ തകർന്നുവീണത്.
തുടർച്ചയായുള്ള പാലങ്ങളുടെ തകർന്നുവീഴ്ച ബിഹാറിലെ അടിസ്ഥാന സൗകര്യരംഗത്തെ വീഴ്ചയാണെന്ന വിമർശനം ഉയർന്നിരുന്നു. ജൂൺ 22ന് സിവാനിലെത്തന്നെ മറ്റൊരു പാലം തകർന്നുവീണിരുന്നു. സിവാനിൽ മാത്രമല്ല, മധുബാനി, അരാരിയ, ഈസ്റ്റ് ചംബാരൻ, കിഷൻഗഞ്ച് എന്നിവിടങ്ങളിലും പാലങ്ങൾ തകർന്നുവീണിരുന്നു.
രാജ്യത്ത് ആദ്യമായി പാലം പരിപാലനത്തിന് നടപടി സ്വീകരിച്ചത് ബിഹാറിലാണ്. പാലങ്ങളുടെ പരിപാലനത്തിനും നവീകരണത്തിനുമായി ബിഹാർ പ്രത്യേക നയം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു. പാലങ്ങളുടെ നിരന്തരമായ നിരീക്ഷണം, ആവശ്യമായ അറ്റകുറ്റപ്പണികളും നവീകരണവും നടപ്പാക്കൽ എന്നിവയാണ് പുതിയ നയത്തിൻറെ ഭാഗം. എല്ലാ പാലങ്ങൾക്കും പ്രത്യേക ഹെൽത്ത് കാർഡ് കൊണ്ടുവരും. പാലത്തിൻറെ നിർമാണ വിവരങ്ങളും അറ്റകുറ്റപ്പണി വിശദാംശങ്ങളുമെല്ലാം ഇതിൽ രേഖപ്പെടുത്തും. ഇതിൻറെ അടിസ്ഥാനത്തിൽ പാലത്തിലൂടെയുള്ള വാഹനഗതാഗതത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും വ്യക്തമാക്കിയിരുന്നു.