

ഇന്ത്യൻ സിനിമയിൽ അമ്പത് വർഷം പൂർത്തിയാക്കിയ നടനും സംവിധായകനും തിരക്കഥാകൃത്തുമായ കെ ഭാഗ്യരാജിനെ ആദരിക്കുന്ന ചടങ്ങിൽ പഴകകാല ഓർമകൾ പങ്കുവച്ച് സൂപ്പർസ്റ്റാർ രജനീകാന്ത്. കമൽഹസൻ, മോഹൻബാബു, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ എന്നിവർ പങ്കെടുത്ത ചടങ്ങിലാണ് 1995 നടന്ന ഒരു സംഭവം രജനി ഓർത്തെടുത്തത്.
ചെന്നൈയിൽ ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരമായ ശിവാജി ഗണേഷനെ ആദരിക്കുന്ന ഒരു ചടങ്ങിൽ കുറച്ച് വൈകാരികമായി താൻ സംസാരിച്ചെന്നും അത് പലരുടെയും വികാരത്തെ സ്വാധീനിക്കുന്ന തരത്തിലായി പോയെന്നും രജനീകാന്ത് ഓർത്തെടുത്തു. തുടർന്ന് ജനസാഗരത്തിനിടയിലൂടെ ജീപ്പിൽ കടന്ന് പോയപ്പോൾ തനിക്ക് നേരെ കല്ലേറുണ്ടായി. കൂടെ ഉണ്ടായിരുന്ന എല്ലാവരും രക്ഷപ്പെട്ടു, എങ്ങോട്ടേക്ക് ഓടണം എന്നറിയാതെ താൻ പകച്ച് നിന്ന് പോയെന്നും രജനി പറയുന്നു. അപ്പോഴാണ് കൃത്യസമയത്ത് ഭാഗ്യരാജിന്റെ ഇടപെടൽ ഉണ്ടായത്. സംഭവ സ്ഥലത്ത് നിലയുറപ്പിച്ച പൊലീസ് ഉദ്യോഗസ്ഥരോട് തനിക്ക് സംരക്ഷണം നൽകണമെന്നും സുരക്ഷിതമായി വീട്ടിലെത്തിക്കണമെന്നും ഭാഗ്യരാജ് ആവശ്യപ്പെട്ടുവെന്ന് പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. പൊലീസ് കൃത്യമായ ഇടപെടൽ നടത്തി. അന്ന് തനിക്ക് വേണ്ടി നിലകൊണ്ട ഭാഗ്യരാജിനെയും ആ ദിവസത്തെയും ഒരിക്കലും മറക്കാൻ കഴിയില്ലെന്നും താരം പറഞ്ഞു.
ആൾക്കൂട്ടത്തിൽ നിന്നും അദ്ദേഹം എന്നെ രക്ഷിക്കുക മാത്രമായിരുന്നില്ല, മറ്റൊരു മനുഷ്യന് വേണ്ടി നിലയുറപ്പിക്കുക കൂടിയാണ് ഭാഗ്യരാജ് ചെയ്തത്. അത് എത്ര വലിയ കാര്യമാണെന്ന് അദ്ദേഹം കാട്ടിത്തന്നു. സിനിമാമേഖലയിലെ പ്രമുഖ വ്യക്തിത്വം മാത്രമല്ല ഭാഗ്യരാജ്, അസാമാന്യ ധൈര്യവും ദയയുമുള്ള മനുഷ്യനാണെന്നും രജനി കൂട്ടിച്ചേർത്തു.
1970കളിൽ മൂന്ന് രാജാക്കന്മാരാണ് തമിഴ് സിനിമയ്ക്ക് ലഭിച്ചത്. ഇളയരാജ, ഭാരതീരാജ, ഭാഗ്യരാജ് എന്നിവരാണത്. ഓരോരുത്തരും ഓരോ വിഭാഗങ്ങൾ ഭരിച്ചു. സംഗീതം, സംവിധാനം, തിരക്കഥ. ഇളയരാജ സംഗീതത്തിൽ വ്യത്യസ്ത കൊണ്ടു വന്നു. ഭാരതീരാജ സിനിമയും തിരക്കഥയും വ്യത്യസ്തമാക്കി. അതേസമയം ഭാഗ്യരാജ് മാത്രമാണ് എഴുത്തിലും സംവിധാനത്തിലും അഭിനയത്തിലും സംഗീതസംവിധാനത്തിലും ഒരേസമയം പ്രവർത്തിച്ചത്. ഒരു സിനിമയുടെ നട്ടെല്ല് തിരക്കഥയണ്. കഥയുടെയും വൈകാരികതയുടെയും തലത്തിൽ സിനിമയ്ക്ക് നട്ടെല്ല് ഉണ്ടാക്കി കൊടുത്തയാൾ ഭാഗ്യരാജാണെന്നും രജനീകാന്ത് കൂട്ടിച്ചേർത്തു.
Content highlights: Rajinikanth recalled an incident where director Bhagyaraj’s timely intervention helped save him from a mob attack