മോദിയുടെ വിശ്വസ്തൻ, പ്രതിപക്ഷത്തിന് അഭിമതനല്ലാത്ത സ്പീക്കർ; ചരിത്രമായി ഓം ബിർളയുടെ രണ്ടാമൂഴം

തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം ബിര്‍ള സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുന്നത്. ഇതാദ്യമായാണ് ഒരു ബിജെപി നേതാവ് ഈ പദം തുടർച്ചയായി അലങ്കരിക്കുന്നത്.
മോദിയുടെ വിശ്വസ്തൻ, പ്രതിപക്ഷത്തിന് അഭിമതനല്ലാത്ത സ്പീക്കർ; ചരിത്രമായി ഓം ബിർളയുടെ രണ്ടാമൂഴം

ന്യൂഡൽഹി: 18ാം ലോക്സഭാ സ്പീക്കറായി ഓം ബിർള തിരഞ്ഞെടുക്കപ്പെട്ടതോടെ മറ്റൊരു ചരിത്രവും ആവർത്തിച്ചു. രണ്ടാം തവണ തുടർച്ചയായി ഒരാൾ സ്പീക്കർ സ്ഥാനത്തേക്ക് എത്തുന്നത് പാർലമെൻറ് ചരിത്രത്തിൽ തന്നെ ഇത് രണ്ടാം തവണയാണ്. കോൺഗ്രസിൻറെ ബൽറാം ഝാക്കറായിരുന്നു ഇതിന് മുൻപ് രണ്ട് പ്രാവശ്യം സ്പീക്കറായത്. ഇതാദ്യമായാണ് ഒരു ബിജെപി നേതാവ് ഈ പദം തുടർച്ചയായി അലങ്കരിക്കുന്നത്. ലോക്സഭയിൽ മൂന്നാമൂഴക്കാരനായ ഓം ബിർള സുമിത്ര മഹാജന് ശേഷം 2019ലാണ് ആദ്യമായി ലോക്സഭാ സ്പീക്കർ പദവിയിലെത്തുന്നത്.

39 വർഷം മുമ്പായിരുന്നു കോൺഗ്രസിൻറെ ബൽറാം ഝാക്കർ തുടർച്ചായായി രണ്ട് തവണ സ്പീക്കറായത്. 1980 മുതൽ 85 വരേയും 85 മുതൽ 89 വരേയും ബൽറാം സ്പീക്കർ പദവി അലങ്കരിച്ചു. അതേസമയം ഇത് അഞ്ചാം തവണയാണ് സ്പീക്കർ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. 1952, 67, 76 ലോക്സഭകളിലും സ്പീക്കർ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നിരുന്നു. ടിഡിപി നേതാവ് ജിഎംസി ബാലയോഗി, കോൺഗ്രസ് നേതാവ് പി എ സാങ്മ എന്നിവരും ഇതിന് മുൻപ് രണ്ട് തവണ സ്പീക്കർ പദവിയിലെത്തിയിട്ടുണ്ട്. തുടർച്ചയായി അല്ലെന്ന് മാത്രം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും വിശ്വസ്തനാണ് ഓം ബിര്‍ള. ഈ അടുപ്പം തന്നെയാണ് 2019 ല്‍ മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് ഓം ബിര്‍ളയെത്താന്‍ കാരണമായത്. രാജസ്ഥാനിലെ കോട്ടയില്‍ നിന്നാണ് അദ്ദേഹം ലോകസ്ഭയിലെത്തുന്നത്. വിദ്യാര്‍ത്ഥി നേതാവായി രാഷ്ട്രീയ ജീവിതം ആരംഭിച്ച ഓം ബിര്‍ള മൂന്ന് തവണ രാജസ്ഥാന്‍ നിയമസഭാംഗമായിരുന്നു. 2019ൽ മുതിര്‍ന്ന നേതാക്കളെയെല്ലാം ഒഴിവാക്കി മോദി തന്റെ വിശ്വസ്തനായ ഓം ബിര്‍ളയെ സ്പീക്കര്‍ പദവിയില്‍ അവരോധിക്കുകയായിരുന്നു.

വിദ്യാര്‍ത്ഥി നേതാവായി രാഷ്ട്രീയ ജീവിതം ആരംഭിച്ച ബിര്‍ള, ജെപി നദ്ദ യുവജന വിഭാഗത്തിന്‍റെ തലവനായിരുന്ന കാലത്ത് ഭാരതീയ യുവമോര്‍ച്ചയുടെ ദേശീയ വൈസ് പ്രസിഡന്റായിരുന്നു. വസുന്ധര രാജെ സിന്ധ്യ രാജസ്ഥാന്‍ ബിജെപിയില്‍ അനിഷേധ്യ നേതാവായിരുന്ന കാലത്താണ് ഓം ബിര്‍ള തന്‍റെ രാഷ്ട്രീയ ഗ്രാഫ് ഉയര്‍ത്തുന്നത്.

2003-ൽ കോട്ട അസംബ്ലി മണ്ഡലത്തിൽ നിന്ന് കോൺഗ്രസിലെ ശാന്തി ധരിവാളിനെതിരെ ബിർളയെ രാജെ മത്സരിപ്പിച്ചു. രാജെ മുഖ്യമന്ത്രിയായിരിക്കെ 2003-08 കാലത്ത് അദ്ദേഹത്തെ പാർലമെൻ്ററി സെക്രട്ടറിയായി നിയമിച്ചു. എന്നാൽ പിന്നീട് ഇരുവരും തമ്മിൽ അഭിപ്രായഭിന്നതയുണ്ടായി. എന്നാല്‍ അന്നത്തെ ബിജെപി അധ്യക്ഷനായ വെങ്കയ്യ നായിഡുവുമായിട്ടുണ്ടായിരുന്ന അടുപ്പം ബിര്‍ളയെ തുണച്ചു. 2003, 2008, 2013 വര്‍ഷങ്ങളില്‍ രാജസ്ഥാന്‍ നിയമസഭാം​ഗമായിരുന്ന ബിര്‍ളക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള മുൻകാല പരിചയമാണ് ലോക്സഭയിലേക്ക് വഴിയൊരുക്കിയ്. 2014 ല്‍ കോട്ടയില്‍ നിന്ന് ബിര്‍ള ലോക്സഭയിലെത്തി. 2019 ൽ കോട്ടയിൽ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം, മറ്റ് നിരവധി മുതിർന്ന പാർട്ടി നേതാക്കളെ മറികടന്ന് മോദി അദ്ദേഹത്തെ സ്പീക്കർ സ്ഥാനത്തേക്ക് നിര്‍ദേശിച്ചു.

പ്രതിപക്ഷത്തിന് ഒട്ടും അഭിമതനല്ല ഓം ബിര്‍ള. കഴിഞ്ഞ ലോക്സഭയില്‍ പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്പെന്‍ഡ് ചെയ്ത് പുറത്താക്കിയത് വിവാദങ്ങള്‍ക്കിടവെച്ചിരുന്നു. പ്രതിപക്ഷ നേതാക്കള്‍ സംസാരിക്കുമ്പോള്‍ മൈക്ക് ഓഫാക്കിയും, പരാമര്‍ശങ്ങള്‍ രേഖയില്‍ നിന്ന് നീക്കം ചെയ്തും സഭ പ്രക്ഷുബ്ദമാകുമ്പോള്‍ തത്സമയ സംപ്രേഷണം തടഞ്ഞും ബിര്‍ള പ്രതിപക്ഷത്തെ എതിര്‍പക്ഷത്ത് തന്നെ നിര്‍ത്തി. പ്രധാന വിഷയങ്ങളിൽ സമവായത്തിനായി ബിർള ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും പ്രതിപക്ഷത്തിന്‍റെ പ്രധാന പരാതിയാണ്.

മോദിയുടെ വിശ്വസ്തൻ, പ്രതിപക്ഷത്തിന് അഭിമതനല്ലാത്ത സ്പീക്കർ; ചരിത്രമായി ഓം ബിർളയുടെ രണ്ടാമൂഴം
അടിയന്തരാവസ്ഥ പരാമർശിച്ച് സ്പീക്കർ, കോൺഗ്രസിന് വിമർശനം; സഭയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം

Related Stories

No stories found.
logo
Reporter Live
www.reporterlive.com