പ്രതിപക്ഷത്തെ രാഹുല്‍ നയിക്കണം; പ്രവര്‍ത്തക സമിതിയില്‍ ആവശ്യം; ഉത്തര്‍പ്രദേശില്‍ നന്ദി പ്രകാശന യാത്ര

വയനാട്ടിലും റായ്ബറേലിയിലും വിജയിച്ച രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം നിലനിര്‍ത്തണമെന്ന് കേരളത്തിലെ നേതാക്കള്‍ പ്രവര്‍ത്തക സമിതിയില്‍ ആവശ്യപ്പെട്ടു.
പ്രതിപക്ഷത്തെ രാഹുല്‍ നയിക്കണം; പ്രവര്‍ത്തക സമിതിയില്‍ ആവശ്യം; ഉത്തര്‍പ്രദേശില്‍ നന്ദി പ്രകാശന യാത്ര

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകണമെന്ന നിര്‍ദേശം പ്രവര്‍ത്തക സമിതിയില്‍ ഉയര്‍ത്തി കോണ്‍ഗ്രസ് നേതാക്കള്‍. മുതിര്‍ന്ന നേതാവെന്ന നിലയില്‍ രാഹുല്‍ പ്രതിപക്ഷ നേതൃപദവി ഏറ്റെടുക്കണമെന്നും ഇത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നാണ് നേതാക്കളുടെ അഭിപ്രായം. പ്രതിപക്ഷ സ്ഥാനത്തിരുന്നുകൊണ്ട് പാര്‍ലമെന്റില്‍ എന്‍ഡിഎ സര്‍ക്കാരിനെതിരെ നിര്‍ണ്ണായക നീക്കങ്ങള്‍ നടത്താന്‍ രാഹുലിന് കഴിയും. അന്തിമ തീരുമാനം കൈകൊള്ളേണ്ടത് പാര്‍ട്ടിയാണെന്നും നേതാക്കള്‍ പറഞ്ഞു.

വയനാട്ടിലും റായ്ബറേലിയിലും വിജയിച്ച രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം നിലനിര്‍ത്തണമെന്ന് കേരളത്തിലെ നേതാക്കള്‍ പ്രവര്‍ത്തക സമിതിയില്‍ ആവശ്യപ്പെട്ടു. അതേസമയം റായ്ബറേലി നിലനിര്‍ത്തണമെന്നാണ് ഉത്തര്‍പ്രദേശ് പിസിസിയുടെ നിലപാട്. രണ്ട് മണ്ഡലങ്ങളിലെയും വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കാന്‍ രാഹുല്‍ അടുത്തയാഴ്ച്ച മണ്ഡലത്തിലെത്തും. അതിന് ശേഷമായിരിക്കും ഏത് മണ്ഡലം നിലനിര്‍ത്തണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ട ഉത്തര്‍പ്രദേശില്‍ നന്ദി പ്രകാശന യാത്ര നടത്താനും കോണ്‍ഗ്രസ് തീരുമാനിച്ചു. പ്രധാന നേതാക്കളെ പങ്കെടുപ്പിച്ച് ജൂണ്‍ 11 മുതല്‍ 15 വരെയായിരിക്കും യാത്ര. അയോധ്യ രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന മണ്ഡലത്തിലടക്കം ബിജെപി പരാജയപ്പെട്ടിരുന്നു. ആകെയുള്ള 80 സീറ്റില്‍ ഇന്‍ഡ്യ സഖ്യത്തില്‍ മത്സരിച്ച എസ്പി 37 സീറ്റിലും കോണ്‍ഗ്രസ് ആറ് സീറ്റിലും വിജയിച്ചപ്പോള്‍ ബിജെപി 33 സീറ്റില്‍ ഒതുങ്ങി.

രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര കടന്ന് പോയ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മികച്ച വിജയം നേടിയെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി വിലയിരുത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച ചില സംസ്ഥാനങ്ങളിലെ തോല്‍വി പരിശോധിക്കും. മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ തിരിച്ചടികള്‍ ചര്‍ച്ച ചെയ്യാനും യോഗത്തില്‍ തീരുമാനമായി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com