'PM ശ്രീയില്‍ ഒപ്പിട്ട ദിവസം അങ്ങയുടെ നാവ് ഉളുക്കി ഇരിക്കുകയായിരുന്നോ?'; എം സ്വരാജിന് മറുപടിയുമായി അബിൻ വർക്കി

മറ്റത്തൂർ വിഷയത്തിൽ കോൺഗ്രസിനെ വിമർശിച്ച് എം സ്വരാജ് രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയുമായാണ് അബിൻ വർക്കിയുടെ വരവ്

'PM ശ്രീയില്‍ ഒപ്പിട്ട ദിവസം അങ്ങയുടെ നാവ് ഉളുക്കി ഇരിക്കുകയായിരുന്നോ?'; എം സ്വരാജിന് മറുപടിയുമായി അബിൻ വർക്കി
dot image

തിരുവനന്തപുരം: മറ്റത്തൂർ പഞ്ചായത്തിൽ കോൺഗ്രസ് പ്രവർത്തകർ കൂറുമാറി ബിജെപി ഭരണം പിടിച്ച വിഷയത്തിലെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജിന്റെ പ്രതികരണത്തിന് മറുപടിയുമായി യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി. മറ്റത്തൂരിൽ കണ്ടത് സിപിഐഎം നീക്കമാണെന്നായിരുന്നു അബിൻ വർക്കി പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അബിൻ വർക്കിയുടെ വിമർശനം.

തെരഞ്ഞെടുപ്പിന്റെ തലേന്നാൾ രാത്രി സിപിഐഎമ്മിന്റെ ജില്ലാ നേതൃത്വം പണക്കെട്ടുകളുമായി വന്ന് ഔസേപ്പച്ചനെ വലയിൽ വീഴ്ത്തിയെന്നും രാവിലെ ഔസേപ്പച്ചന് വോട്ട് ചെയ്യാൻ വന്ന യുഡിഎഫ് അംഗങ്ങൾ കാണുന്നത് സിപിഐഎമ്മിന്റെ പ്രൊട്ടക്ഷനിൽ സിപിഐഎം സ്ഥാനാർത്ഥിയായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ വരുന്ന ഔസേപ്പച്ചനെയാണെന്നും അബിൻ വർക്കി പറയുന്നു.

'ഭരണം പിടിക്കാനായി യുഡിഎഫ് വിമതരേയും ഒപ്പം ചേർത്ത് മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ തീരുമാനമെടുത്തു. യുഡിഎഫ് വിമതനും മുൻ പ്രതിപക്ഷ നേതാവുമായ ഔസേപ്പച്ചനെ പ്രസിഡന്റ് ആക്കാനാണ് തീരുമാനമെടുത്തത്. പക്ഷേ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ തലേന്നാൾ രാത്രി സിപിഐഎമ്മിന്റെ ജില്ലാ നേതൃത്വം പണക്കെട്ടുകളുമായി വന്ന് ഔസേപ്പച്ചനെ വലയിൽ വീഴ്ത്തി. രാവിലെ ഔസേപ്പച്ചന് വോട്ട് ചെയ്യാൻ വന്ന യുഡിഎഫ് അംഗങ്ങൾ കാണുന്നത് സിപിഐഎമ്മിന്റെ പ്രൊട്ടക്ഷനിൽ സിപിഐഎം സ്ഥാനാർത്ഥിയായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ വരുന്ന ഔസേപ്പച്ചനെയാണ്. ഇതോടെ സ്വഭാവികമായി ടെസി ജോസഫ് എന്ന മറ്റൊരു വിമതയെ സ്ഥാനാർത്ഥിയാക്കാൻ യുഡിഎഫ് തീരുമാനിക്കുകയും ആ തീരുമാനത്തെ ബിജെപിയുടെ നാല് അംഗങ്ങൾ ഇങ്ങോട്ട് പിന്തുണക്കുകയുമാണ് ഉണ്ടായത്' അബിൻ വർക്കി കുറിപ്പിൽ പറയുന്നു.

എം സ്വരാജ് ഇന്ന് കാലങ്ങൾക്ക് ശേഷം മറ്റത്തൂർ പഞ്ചായത്തിലെ വിഷയം ചൂണ്ടിക്കാണിച്ച് കോൺഗ്രസും ബിജെപിയും ബന്ധമുണ്ട് എന്ന് വരുത്തി തീർക്കാനാണ് ശ്രമിച്ചതെന്നും പിഎം ശ്രീയിലും വർഗീയത പറഞ്ഞ സാമുദായിക നേതാവിനെ മുഖ്യമന്ത്രി കാറിൽ കയറ്റിയപ്പോഴും സ്വരാജ് പ്രതികരിച്ചില്ലെന്ന വിമർശനവും അബിൻ വർക്കി ഉന്നയിച്ചു.

അബിൻ വർക്കിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ശ്രീ എം.സ്വരാജ് ഇന്ന് കാലങ്ങൾക്ക് ശേഷം കോൺഗ്രസ് ബി.ജെ.പി ബാന്ധവം പറയാൻ വേണ്ടി പോസ്റ്റുമായി വന്നതു കണ്ടു. അദ്ദേഹം മറ്റത്തൂർ പഞ്ചായത്തിലെ വിഷയം ചൂണ്ടിക്കാണിച്ചാണ് കോൺഗ്രസും ബിജെപിയും ബന്ധമുണ്ട് എന്ന് വരുത്തി തീർക്കാൻ ശ്രമിച്ചത്.
എന്താണ് മറ്റത്തൂരിലെ യാഥാർത്ഥ്യം?
ആ പഞ്ചായത്തിന്റെ ചരിത്രത്തിൽ ആകെ സിപിഎം അല്ലാതെ ഭരിക്കപ്പെട്ടത് 2000 മുതൽ 2002 വരെയുള്ള യുഡിഎഫ് ഭരണമാണ്. 2003ൽ വിമത കോൺഗ്രസ് അംഗങ്ങളെ കൂട്ടി എൽ ഡി എഫ് ഭരണം ആട്ടിമറിച്ചു.
2025ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം കക്ഷിനില ഇങ്ങനെയാണ്.
യു ഡി എഫ് - 8
എൽ ഡിഎഫ് -10
യുഡിഎഫ് വിമതർ - 2
ബി ജെ പി - 4

വർഷങ്ങൾക്കുശേഷം ഭരണം പിടിക്കാൻ യുഡിഎഫ് തീരുമാനിച്ചു. അങ്ങനെ യുഡിഎഫ് വിമതരേയും ഒപ്പം ചേർത്ത് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ തീരുമാനമെടുത്തു. യുഡിഎഫ് വിമതനും മുൻ പ്രതിപക്ഷ നേതാവുമായ ഔസേപ്പച്ചനെ പ്രസിഡന്റ് ആക്കാനാണ് തീരുമാനമെടുത്തത്. പക്ഷേ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ തലേന്നാൾ രാത്രി സിപിഐഎമ്മിന്റെ ജില്ലാ നേതൃത്വം പണക്കെട്ടുകളുമായി വന്ന് ഔസേപ്പച്ചനെ വലയിൽ വീഴ്ത്തി. അങ്ങനെ രാവിലെ ഔസേപ്പച്ചന് വോട്ട് ചെയ്യാൻ വന്ന യുഡിഎഫ് അംഗങ്ങൾ കാണുന്നത് സിപിഎമ്മിന്റെ പ്രൊട്ടക്ഷനിൽ സിപിഐഎം സ്ഥാനാർത്ഥിയായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ വരുന്ന ഔസേപ്പച്ചനെയാണ്. സ്വഭാവികമായി ടെസി ജോസഫ് എന്ന മറ്റൊരു വിമതയെ സ്ഥാനാർഥി ആക്കാൻ യു ഡി എഫ് തീരുമാനിക്കുന്നു. ആ തീരുമാനത്തെ ബിജെപിയുടെ 4 അംഗങ്ങൾ ഇങ്ങോട്ട് പിന്തുണക്കുന്നു.
ഇതാണ് ഉണ്ടായത്.
പക്ഷേ ഇന്ന് രാവിലെ മുതൽ കറങ്ങിയ വാർത്ത. 8 കോൺഗ്രസ് അംഗങ്ങൾ ബിജെപിയിൽ ചേർന്നു എന്നാണ്.
ഒരാളെങ്കിലും ബിജെപി യിൽ ചേർന്നോ?
ഇല്ല.
ആരെങ്കിലും ചേരും എന്ന് പറഞ്ഞോ?
ഇല്ല
ഇവർ ആരെങ്കിലും കോൺഗ്രസുകാർ അല്ല എന്ന് ഈ നിമിഷം വരെ പറഞ്ഞിട്ടുണ്ടോ?
ഇല്ല

അവരുടെ പ്രശ്‌നം എന്താണ്?
അത് പാർട്ടിക്കുള്ളിൽ നില നിന്ന പ്രശ്‌നങ്ങളാണ്.
അത് വരും ദിവസങ്ങളിൽ പരിഹരിക്കാൻ പറ്റും.
ഇനി ശ്രീ സ്വരാജിനോടാണ്.
പി എം ശ്രീ യിൽ ഒപ്പിട്ട ദിവസം അങ്ങയുടെ നാവ് ഉളുക്കി ഇരിക്കുകയായിരുന്നോ?
പാർട്ടി പോലും അറിയാതെ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ആശിർവാദത്തോടുകൂടി ഗവർണറും മുഖ്യമന്ത്രിയുമായി ഒത്തുതീർപ്പ് ഉണ്ടാക്കിയ ദിവസം അങ്ങയുടെ പേനയുടെ മഷി തീർന്നിരുന്നോ?
ഇതിനെല്ലാം ചുക്കാൻ പിടിക്കുന്ന ബ്രിഡ്ജ് എന്നത് ജോൺ ബ്രിട്ടാസ് ആണ് എന്ന് കേന്ദ്ര മന്ത്രി പറഞ്ഞ ദിവസം അങ്ങേയ്ക്ക് ഫ്‌ലൂ പിടിച്ചിരുന്നോ?
നാട്ടിൽ ചില സാമുദായിക നേതാക്കൾ ആർഎസ്എസിന് നിലമൊരുക്കാൻ പച്ചയ്ക്ക് വർഗീയത പറഞ്ഞപ്പോൾ, അവരെ സ്വന്തം കാറിൽ കയറ്റി ആനയിച്ച മുഖ്യമന്ത്രിയെ കണ്ടപ്പോൾ അങ്ങ് അന്ധനായിരുന്നോ?

മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളുടെ ഒക്കെ കാര്യം പറയുമ്പോൾ ത്രിപുരയിലെ ചുവപ്പ് പാർട്ടി ഓഫീസുകൾ എങ്ങനെ കൂട്ടത്തോടെ കാവി ആയി എന്നും ബംഗാളിലെ ഇന്നത്തെ അവസ്ഥയും, ഗഗൻ മർമു തൊട്ട് കണ്ണന്താനം വരെയുള്ളവരെയും ഓർക്കുന്നതും നല്ലതാണ്.
പിന്നെ ചരിത്രമാണ് പറയാൻ ഉദ്ദേശിക്കുന്നത് എങ്കിൽ 1967ലെ സംയുക്ത വിദായക് ദളും, സിപിഎം സ്ഥാനാർത്ഥിക്ക് വേണ്ടി എൽ കെ അധ്വാനി പ്രസംഗിക്കുന്ന ചിത്രവും, ഇഎംഎസും എ ബി വാജ്‌പേയിയും ഒരുമിച്ച് നടത്തിയ ചായ സൽക്കാരങ്ങളും തൊട്ട് ആണവ കരാറിൽ ഒരുമിച്ചു വോട്ട് ചെയ്തത് വരെ ഓർമ്മിക്കുന്നത് നല്ലതാണ്. താങ്കളുടെ ഈ പോസ്റ്റിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്.
ചരിത്രത്തിലും വർത്തമാനത്തിലും ആർഎസ്എസിന് വിളനിലം ഉണ്ടാക്കാൻ വാക്കുകൊണ്ടും പ്രവർത്തികൊണ്ടും കഷ്ടപ്പെട്ട ഒറ്റുകാരുടെ റോളാണ് സിപിഐഎമ്മിന്
.

എളുപ്പത്തില്‍ ലയിക്കാവുന്ന ഘടനയാണ് കോണ്‍ഗ്രസിനും ബിജെപിക്കും ഇപ്പോഴുമുള്ളതെന്നും പണ്ട് ഹിന്ദുമഹാസഭയിലും കോണ്‍ഗ്രസിലും ആര്‍എസ്എസിലും കോണ്‍ഗ്രസിലും ഒരേസമയം അംഗത്വമെടുക്കാനും പ്രവര്‍ത്തിക്കാനും തടസമില്ലെന്ന തീരുമാനം കോണ്‍ഗ്രസ് എടുത്തിരുന്നുവെന്നും മറ്റത്തൂർ വിഷയത്തിൽ എം സ്വരാജ് പറഞ്ഞിരുന്നു.

Content Highlights:‌ abin varkey against m swaraj on mattathur panchayat issue

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us