രാമക്ഷേത്രവും ഹിന്ദുത്വയും വിലപോയില്ല; യുപിയില്‍ എന്‍ഡിഎക്ക് കാലിടറിയെന്ന് ആദ്യ ഫലസൂചന

543 സീറ്റില്‍ 270 സീറ്റില്‍ ഇന്‍ഡ്യാ സഖ്യം മുന്നിട്ട് നില്‍ക്കുമ്പോള്‍ എന്‍ഡിഎ 255 സീറ്റിലും മറ്റുള്ളവര്‍ 16 സീറ്റിലുമാണ് മുന്നിലുള്ളത്.
രാമക്ഷേത്രവും ഹിന്ദുത്വയും വിലപോയില്ല; യുപിയില്‍ എന്‍ഡിഎക്ക് കാലിടറിയെന്ന് ആദ്യ ഫലസൂചന

ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎക്ക് ഉത്തർപ്രദേശില്‍ തിരിച്ചടി. ഇന്ത്യയുടെ ഹൃദയമായ ഉത്തര്‍പ്രദേശില്‍ പിന്നാക്കം പോയത് ബിജെപിയെ ഞെട്ടിരിക്കുകയാണ്. ആകെയുള്ള 80 സീറ്റില്‍ എന്‍ഡിഎ 32 സീറ്റില്‍ മുന്നേറുമ്പോള്‍ ഇന്‍ഡ്യാ സഖ്യം 48 സീറ്റില്‍ മുന്നിട്ടുനില്‍ക്കുന്നതാണ് നിലവിലെ ലീഡ് നില. അയോധ്യയില്‍ രാമക്ഷേത്രവും ഹിന്ദുത്വവും വിലപ്പോയില്ലെന്നാണ് ആദ്യഘട്ട വോട്ടെണ്ണലിലെ സൂചന. രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദില്‍ സമാജ് വാദി പാർട്ടിയാണ് ലീഡ് ചെയ്യുന്നതെന്നും ശ്രദ്ധേയം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം മണ്ഡലമായ വാരാണസിയിലും ബിജെപിക്ക് കാലിടറുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. മോദി ഇമേജിന് പുറമെ ഗംഗയും രാമക്ഷേത്രവും ഗ്യാന്‍വ്യാപി പള്ളിയും ഉള്‍പ്പെടെ ഉയര്‍ത്തിയാണ് വാരാണസിയിലും ബിജെപി പ്രചാരണം നടത്തിയത്. എന്നാല്‍ വോട്ടെണ്ണലിന്റെ തുടക്കത്തില്‍ തന്നെ പിന്നില്‍ പോയ മോദിക്ക് ചെക്ക് വെക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കായി. മോദിക്കെതിരെ ഇത് മൂന്നാം തവണയാണ് അജയ് റായ് മത്സരിക്കുന്നത്.

നിലവിലെ പിസിസി അധ്യക്ഷന്‍ കൂടിയായ അജയ് റായിയെ കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ബാഹുബലിയെന്നാണ് വിളിക്കുന്നത്. ഇത്തവണ എസ് പിയുടെ പിന്തുണയോടെയാണ് അജയ് റായ് വാരാണയിയില്‍ മൂന്നാം അങ്കത്തിനിറങ്ങിയത്. താഴെത്തട്ട് മുതല്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2023 ആഗസ്റ്റില്‍ അജയ് റായ്യെ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായി തിരഞ്ഞെടുക്കുന്നത്. പ്രാദേശിക തലത്തില്‍ കോണ്‍ഗ്രസിന്റെ സമവാക്യം പ്രവര്‍ത്തിച്ചുവെന്നാണ് ലീഡ് നില സൂചിപ്പിക്കുന്നത്.

രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ് അടക്കമുള്ള ഇന്‍ഡ്യാ മുന്നണി നേതാക്കളും സ്വന്തം മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുകയാണ്. ദേശീയ തലത്തിലും ഇന്‍ഡ്യാ സഖ്യം കേവലഭൂരിപക്ഷത്തിന് അടുത്തെത്തി. 543 സീറ്റില്‍ 270 സീറ്റില്‍ ഇന്‍ഡ്യാ സഖ്യം മുന്നിട്ട് നില്‍ക്കുമ്പോള്‍ എന്‍ഡിഎ 255 സീറ്റിലും മറ്റുള്ളവര്‍ 16 സീറ്റിലുമാണ് മുന്നിലുള്ളത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com