'ആർഎസ്എസും അൽഖ്വയ്ദയും ഒരുപോലെ'; രണ്ട് കൂട്ടരും വെറുപ്പ് പ്രചരിപ്പിക്കുന്നുവെന്ന് കോൺഗ്രസ് എംപി മാണിക്കം ടാഗോർ

'ആര്‍എസ്എസ് വെറുപ്പ് പ്രചരിപ്പിക്കുകയാണ്. വെറുപ്പില്‍ നിന്ന് ഒന്നും പഠിക്കാനില്ല. അതേ പോലെയാണ് അല്‍ഖ്വയ്ദയും'

'ആർഎസ്എസും അൽഖ്വയ്ദയും ഒരുപോലെ'; രണ്ട് കൂട്ടരും വെറുപ്പ് പ്രചരിപ്പിക്കുന്നുവെന്ന് കോൺഗ്രസ് എംപി മാണിക്കം ടാഗോർ
dot image

ന്യൂഡല്‍ഹി: ആര്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍. ആര്‍എസ്എസും അല്‍ഖ്വയ്ദയും ഒരുപോലെയാണെന്നും രണ്ട് കൂട്ടരും വെറുപ്പ് പ്രചരിപ്പിക്കുകയാണെന്നും മാണിക്കം ടാഗോര്‍ പറഞ്ഞു. വെറുപ്പ് പ്രചരിപ്പിക്കുന്നവരില്‍ നിന്ന് ഒന്നും പഠിക്കാനില്ലെന്നും മാണിക്കം ടാഗോര്‍ പറഞ്ഞു. ആർഎസ്എസിൻ്റെ സംഘടനാ സംവിധാനത്തെ പുകഴ്ത്തി കോൺഗ്രസ് മുതിർന്ന നേതാവും രാജ്യസഭാംഗവുമായ ദിഗ്‌വിജയ് സിങ് രംഗത്തെത്തിയത് കോൺഗ്രസിനെ വെട്ടിലാക്കിയിരുന്നു. ഇതിനിടെയാണ് ആർഎസ്എസിനെ രൂക്ഷഭാഷയിൽ വിമർശിച്ച് മാണിക്കം ടാഗോർ രംഗത്തെത്തിയത്.

ആര്‍എസ്എസ് വെറുപ്പിന്റെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്ത സംഘടനയാണെന്നും മാണിക്കം ടാഗോര്‍ പറഞ്ഞു. ആര്‍എസ്എസ് വെറുപ്പ് പ്രചരിപ്പിക്കുകയാണ്. വെറുപ്പില്‍ നിന്ന് ഒന്നും പഠിക്കാനില്ല. അതേ പോലെയാണ് അല്‍ഖ്വയ്ദയും. ആ സംഘടനയില്‍ നിന്ന് എന്തെങ്കിലും പഠിക്കാന്‍ സാധിക്കുമോ?. അല്‍ഖ്വയ്ദയും വെറുപ്പിന്റെ സംഘടനയാണ്. ആ സംഘടനയില്‍ നിന്നും പഠിക്കാന്‍ ഒന്നുമില്ലെന്നും മാണിക്കം ടാഗോര്‍ കൂട്ടിച്ചേർത്തു.

മാണിക്കം ടാഗോറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി വക്താവ് ഷഹ്‌സാദ് പൂനാവാല രംഗത്തെത്തി. വോട്ട് ബാങ്ക് ലക്ഷ്യംവെച്ചുള്ള യാത്രയില്‍ കോണ്‍ഗ്രസിന് സമനില തെറ്റിയതായി ഷഹ്‌സാദ് പൂനാവാല പറഞ്ഞു. ഹിന്ദുക്കളെയും സനാതനത്തെയും ഭാരതത്തെയും അപമാനിച്ചതിന് ശേഷം കോണ്‍ഗ്രസ് ഒരു ദേശീയ സംഘടനയെയും ലക്ഷ്യമിടുകയാണ്. കഴിഞ്ഞ നൂറ് വര്‍ഷമായി ദേശീയ സമര്‍പ്പണത്തിനായി പ്രവര്‍ത്തിച്ച ഒരു സംഘടനയെയാണ് അവര്‍ ഭീകരര്‍ എന്ന് പറയുന്നതെന്നും ഷഹ്‌സാദ് പൂനാവാല പറഞ്ഞു.

ആര്‍എസ്എസിന്റെ സംഘടനാ സംവിധാനത്തെ പുകഴ്ത്തിക്കൊണ്ടുള്ള ദിഗ്‌വിജയ് സിങിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നേതാവ് എല്‍ കെ അദ്വാനിയും അടക്കമുള്ളവര്‍ ഒരുമിച്ചിരിക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു ദിഗ്‌വിജയ് സിങിന്റെ പുകഴ്ത്തല്‍. ചിത്രത്തില്‍ അദ്വാനിക്ക് സമീപം തറയില്‍ നരേന്ദ്ര മോദി ഇരിക്കുന്നത് കാണാം. സ്വയംസേവകരും പ്രവര്‍ത്തകരും നേതാക്കളുടെ കാല്‍ക്കല്‍ തറയില്‍ ഇരുന്ന് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായി മാറുന്ന രീതി. ഇതാണ് സംഘടനയുടെ ശക്തി എന്നായിരുന്നു ദിഗ്‌വിജയ് സിങ് എക്‌സില്‍ കുറിച്ചത്.

ഇതിന് പിന്നാലെ ദിഗ്‌വിജയ് സിങിന്റെ പോസ്റ്റ് ബിജെപി ഏറ്റെടുത്തു. ദിഗ്‌വിജയ് സിങിന്റെ പരാമര്‍ശം കോണ്‍ഗ്രസ് നേതൃത്വത്തിൻ്റെ സ്വേച്ഛാധിപത്യപരവും ജനാധിപത്യവിരുദ്ധവുമായ നിലപാടിനെ തുറന്നുകാട്ടുന്നതെന്നായിരുന്നു ബിജെപി പറഞ്ഞത്. കോണ്‍ഗ്രസ് കുടുംബത്തിലെ അംഗങ്ങള്‍ എങ്ങനെയാണ് പാര്‍ട്ടിയെ സ്വേച്ഛാധിപത്യപരമായി നയിക്കുന്നതെന്ന് ദിഗ് വിജയ് സിങിന്റെ പോസ്റ്റിലൂടെ വ്യക്തമായി. ഇതിനോട് പ്രതികരിക്കാന്‍ രാഹുല്‍ ഗാന്ധി ധൈര്യം കാണിക്കുമോ എന്നും ബിജെപി ചോദിച്ചിരുന്നു. സംഭവം വിവാദമായതോടെ നിലപാട് മാറ്റി ദിഗ്‌വിജയ് സിങ് രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്നായിരുന്നു ദിഗ്‌വിജയ് സിങ് പറഞ്ഞത്. ഗാന്ധി കുടുംബം രക്തസാക്ഷികളുടെ കുടുംബമാണെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു. ഗാന്ധി കുടുംബത്തില്‍ ഭിന്നത വിതയ്ക്കാനുള്ള ബിജെപി ശ്രമത്തെ ശക്തമായി അപലപിക്കുന്നു. ജില്ലാ തലത്തിലും അതിന് താഴെത്തട്ടിലും കോണ്‍ഗ്രസ് സംഘടനയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ രാഹുല്‍ ഗാന്ധി ആരംഭിച്ചിട്ടുണ്ട്. ഇത് ഉടന്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞിരുന്നു.

Content Highlights- RSS is like al-Qaida says congress mp manickam tagore

dot image
To advertise here,contact us
dot image