യോഗിയുടെ യുപിയെ ഇളക്കിമറിച്ച് വിജയം കൊയ്ത ഹീറോ; അഖിലേഷ് യാദവ്

നിലവിലുള്ള സമവാക്യങ്ങളെ പൊളിച്ച് പുതിയ സമവാക്യങ്ങൾ പരീക്ഷിക്കാനുള്ള അഖിലേഷിന്റെ തീരുമാനം വിജയം കണ്ടു
യോഗിയുടെ യുപിയെ ഇളക്കിമറിച്ച് വിജയം കൊയ്ത ഹീറോ; അഖിലേഷ് യാദവ്

ബിജെപിയുടേതെന്ന് കൊത്തിവച്ച സംസ്ഥാനം, ഉത്തർപ്രദേശിന് ഇതെന്തുപറ്റി? ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ എന്നും ബിജെപിയുടെ കരുത്ത് യുപിയിലെ സ്ഥാനാർത്ഥികളുടെ വമ്പൻ വിജയമായിരുന്നു. മോദി, യോഗി, അയോധ്യ അങ്ങനെ തന്ത്രങ്ങള്‍ ഓരോന്നായി പയറ്റിതെളിഞ്ഞു വന്ന സംസ്ഥാനത്ത് ബിജെപിയല്ല, ലീഡ് ചെയ്യുന്നത് സമാജ് വാദി പാർട്ടിയാണ്.

ബിജെപി തുത്തൂവാരിയിരുന്ന, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 62 സീറ്റ് നേടിയ സംസ്ഥാനത്ത് ഇപ്പോൾ 33 സീറ്റുകളിൽ മാത്രമാണ് ബിജെപി മുന്നേറുന്നത്. വെറും അഞ്ച് സീറ്റ് വിജയിച്ചിടത്തുനിന്ന് എസ് പി 37 സീറ്റിന്റെ മുന്നേറ്റമാണ് കാഴ്ച വെക്കുന്നത്. യുപിയിൽ ഇൻഡ്യാ സഖ്യത്തിൻ്റെ ധാരണ പ്രകാരം സമാജ് വാദി പാര്‍ട്ടി 62 സീറ്റിൽ മത്സരിക്കുമ്പോൾ കോൺഗ്രസ് 17 സീറ്റിലും തൃണമൂൽ കോൺഗ്രസ് ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്.

മോദിക്ക് എവിടെ കാലിടറി എന്ന ചോദ്യത്തേക്കാൾ എസ്പിക്ക് എങ്ങനെ ഈ വലിയ വിജയത്തിലേക്കെത്താനായെന്ന ചോദ്യമാണ് അഭികാമ്യം. ഉത്തരം ഒന്നേയുള്ളൂ, അഖിലേഷ് യാദവ് എന്ന നേതാവിന്റെ കൂർമ്മ ബുദ്ധി. നിലവിലുള്ള സമവാക്യങ്ങളെ പൊളിച്ച് പുതിയ സമവാക്യങ്ങൾ പരീക്ഷിക്കാനുള്ള അഖിലേഷിന്റെ തീരുമാനം വിജയം കണ്ടു. യുപിയിൽ മോദി - യോ​ഗി ദ്വയങ്ങളോട് പോരാടാൻ ഇൻഡ്യ മുന്നണിയെയും സമുദായങ്ങളെയും ചേർത്ത് നിർത്തി അഖിലേഷ്.

മുലായം സിങ് യാദവിന്റെ കാലത്ത് മുതലുള്ള മുസ്ലിം - യാദവ പാര്‍ട്ടിയെന്ന ലേബല്‍ ബോധപൂർവ്വം എടുകത്തുകളഞ്ഞാണ് അഖിലേഷ് തന്റെ യുപി മിഷൻ ആരംഭിക്കുന്നത്. മുസ്ലിം, യാദവ നേതാക്കൾക്ക് കൂടുതൽ സ്ഥാനാർത്ഥിത്വം നൽകിയിരുന്ന രീതിയിൽ നിന്ന് മാറി, യാദവ ഇതര പിന്നാക്ക ജാതി വിഭാഗങ്ങൾക്ക് സീറ്റ് വിതരണത്തിൽ പരമാവധി പ്രാതിനിധ്യം നൽകിയാണ് അഖിലേഷ് ബിജെപിക്ക് മേൽ അട്ടിമറി വിജയം നേടിയിരിക്കുന്നത്.

ബിജെപിയുടെ ഏറെ കാലത്തെ തിരഞ്ഞെടുപ്പ് തന്ത്രമായിരുന്ന അയോധ്യ ഉൾപ്പെട്ട ഫൈസാബാദിൽ പാർ‌ട്ടിക്ക് വൻ തിരിച്ചടി നേരിടേണ്ടി വന്നു. എസ് പിയുടെ അവദേശ് പ്രസാദ് ഫൈസാബാദില്‍ വിജയിച്ചത് ബിജെപിക്കേറ്റ കനത്ത പ്രഹരമാണ്. ബിജെപിയുടെ ഏറ്റവും വലിയ തുറുപ്പുചീട്ടായ അയോധ്യ പോലും യുപിയില്‍ ഏശിയിട്ടില്ല.

സംസ്ഥാനത്ത് 20%ത്തിലേറെ വരുന്ന മുസ്ലിം ജനവിഭാഗത്തെ പ്രതിനിധീകരിച്ച് നാല് സ്ഥാനാര്‍ത്ഥികളെ മാത്രമാണ് സമാജ് വാദി പാര്‍ട്ടി രംഗത്തിറക്കിയത്. ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നിന്നും മാറി സ്വാധീനശേഷിയില്ലാത്ത ജാതിവിഭാഗങ്ങളെയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഉള്‍പ്പെടുത്തിയതാണ് സമാജ് വാദി പാര്‍ട്ടിക്ക് നേട്ടമായത്. 2014 മുതല്‍ ബിജെപിക്ക് പിന്നില്‍ അണിനിരക്കുന്ന ഈ വിഭാഗത്തെയും ഒപ്പം കൂട്ടാനുള്ള എസ്പിയുടെ നീക്കം വിജയിച്ചു. മുപ്പത് ശതമാനത്തിലേറെ ന്യൂനപക്ഷ ജനവിഭാഗങ്ങളുള്ള മൊറാദബാദ്, മീററ്റ് സീറ്റുകളില്‍ ഹിന്ദു സ്ഥാനാര്‍ത്ഥികളെയാണ് ഇത്തവണ അഖിലേഷ് മത്സരിപ്പിച്ചത്. ഒരു ജനറല്‍ സീറ്റിലേയ്ക്ക് ദളിത് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി. ഈ നിലയില്‍ പരമ്പരാഗത സീറ്റ് നിര്‍ണ്ണയ രീതികള്‍ മാറ്റിപ്പിടിക്കാന്‍ അഖിലേഷ് യാദവ് തയ്യാറായിരിക്കുകയാണ്.

2014 ല്‍ 78 സ്ഥാനാര്‍ത്ഥികളില്‍ 12 പേരും 2019 ൽ 37 സ്ഥാനാർത്ഥികളിൽ 10 പേരും യാദവ സ്ഥാനാര്‍ത്ഥികളായിരുന്നു. എന്നാല്‍ ഇത്തവണ അഖിലേഷ് പ്രയോഗിച്ച തന്ത്രത്തെ പിഡിഎ (“Pichde (backward classes or OBCs), Dalits, Alpasankhyak (minorities) ) എന്നാണ് വിശേഷിപ്പിക്കുന്നത്.

യാദവരില്‍ നിന്ന് അഞ്ച് പേര്‍, മറ്റ് ഒബിസിയിൽ നിന്ന് 27 പേർ മുന്നാക്ക വിഭാ​ഗത്തിൽ‌ നിന്ന് 11 പേർ (നാല് ബ്രാഹ്മിൺസ്, രണ്ട് താക്കൂർ, രണ്ട് വൈഷ്ണവ്, ഒരു ഖത്രി), മുസ്ലിം വിഭാ​ഗത്തിൽ നിന്ന് നാല് പേർ. ദളിത് സംവരണ സീറ്റുകളിലേക്ക് 15 പേർ‌ ഇങ്ങനെയായിരുന്നു എസ് പിയുടെ സ്ഥാനാര്‍ത്ഥി

തന്റെ പിഡിഎ ഫോര്‍മുലയിൽ പൂർണ്ണവിശ്വാസമുണ്ടായിരുന്നു അഖിലേഷിന്. പിന്നാക്ക ദളിക് വിഭാ​ഗഭങ്ങൾ എസ്പിക്കൊപ്പം നിൽക്കുമെന്ന് അഖിലേഷ് ഉറച്ച് വിശ്വസിച്ചു. ഇത്തവണ ബിജെപിയുടെ സമവാക്യങ്ങളും പ്രതീക്ഷകളും ഈ ഫോർമുലയിൽ തകർന്നുവീഴുമെന്ന് അഖിലേഷ് പറഞ്ഞിരുന്നു. ആവിശ്വാസം വെറുതെയായില്ല.

ബിജെപിയുടെ സ്ഥാനാർത്ഥി നിർണ്ണയം വൈകുന്നതിനെ ചൂണ്ടിക്കാട്ടി ബിജെപിയുടെ സമവാക്യങ്ങൾ തെറ്റുന്നുവെന്ന് അന്നേ അഖിലേഷ് പറഞ്ഞിരുന്നു. ബിജെപി ടിക്കറ്റിൽ മത്സരിച്ച് പരാജയപ്പെടാൻ ആരും ആ​ഗ്രഹിക്കുന്നില്ലെന്നായിരുന്നു അന്ന് അഖിലേഷിന്റെ വാക്കുകൾ.

ജെഡിയു, എഐഎഡിഎംകെ, ടിഡിപി പോലുള്ള പ്രാദേശിക പാര്‍ട്ടികളെല്ലാം ഏതെങ്കിലുമൊരു ഘട്ടത്തില്‍ ബിജെപിയുമായി സഖ്യത്തിന് തയ്യാറായിട്ടുണ്ടെന്നിരിക്കെ എല്ലാ കാലത്തും ഈ വിജയ ഫോർമുല പരീക്ഷണങ്ങൾക്ക് പുറത്തായിരുന്നു സമാജ് വാദി പാർ‌ട്ടി. ഉത്തർപ്രദേശിന്റെ ഭരണം കൈവിരൽ തുമ്പിലുണ്ടായിരുന്നിടത്തുനിന്ന് മോദി തരം​ഗത്തിൽ തകർന്നടിഞ്ഞപ്പോഴും എൻഡിഎ പാളയത്തിൽ അഭയം തേടാൻ മുലായം സിങ് യാദവ് ഒരു ചെറുവിരലുപോലും നീക്കിയിരുന്നില്ല. ആദ്യം മുതൽ മതേതര മുഖം കാത്തുസൂക്ഷിച്ച മുലായം സിങ്ങിന്റെ അതേ പാതയിലൂടെ തന്നെയാണ് അഖിലേഷും കടന്നുപോകുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലത്തിൽ ആദ്യഘട്ടത്തിൽ അദ്ദേഹം പിന്നോട്ട് പോകുന്ന കാഴ്ചയും രാജ്യത്തെ മുഴുവൻ അമ്പരപ്പിച്ചു. ഇൻഡ്യ മുന്നണിയുടെ കോൺഗ്രസ് സ്ഥാനാർത്ഥി അജയ് റായ് ഒരു ഘട്ടത്തിൽ മോദിക്ക് മുന്നിൽ കടന്നിരുന്നു. അമേത്തിയിൽ ബിജെപി തകർന്നടിഞ്ഞു. 2019 ൽ രാഹുൽ ​ഗാന്ധിയെ പരാജയപ്പെടുത്തിയതിന്റെ അമിതാത്മവിശ്വാസത്തൽ പ്രചാരണം കൊഴുപ്പിച്ച സ്മൃതി ഇറാനി പരാജയത്തിലേക്ക് കൂപ്പുകുത്തി. ​ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തൻ കിഷോരി ലാൽ 122854 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുന്നേറുന്നത്. റായ് ബറേലിയിൽ രാഹുലിന്റെ ഭൂരിപക്ഷം മോദിയുടെ ഭൂരിപക്ഷത്തിന്റെ ഇരട്ടിയിലേറെയാണ്. 388615 ഭൂരിപക്ഷത്തിലാണ് രാഹുലിന്റെ മുന്നേറ്റം. ഫൈസാബാദും അമേതിയും റായ്ബറേലിയും മാത്രമല്ല, ബിജെപി കോട്ടകളിലടക്കം 'മോദിയുടെ കുടുംബം' വിറയ്ക്കുന്നതാണ് യുപിയിലെ അഖിലേഷ് യാദവ് തന്ത്രത്തിന്റെ മിടുക്ക്. കനൗജിൽ അഖിലേഷ് യാദവും മെയിൻപിരിയില്‍ ഡിംപിള്‍ യാദവും വിജയിച്ചിട്ടുണ്ട്.

അഖിലേഷെന്ന രാഷ്ട്രീയ തന്ത്രജ്ഞനെ പൂര്‍ണാര്‍ത്തത്തില്‍ ഉപയോഗിക്കപ്പെട്ട തിരഞ്ഞെടുപ്പാണിത്. ബിജെപിയുടെ ഹൃദയത്തില്‍ ആഴത്തിലേറ്റ മുറിവാണ് ഫൈസാബാദിലെ പരാജയവും യുപിയില്‍ രണ്ടാമതായതും. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും അഖിലേഷിന്റെ തന്ത്രത്തില്‍ ബിജപി വിയര്‍ക്കുമെന്ന് കൂടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com