പത്ത് വര്‍ഷത്തിനിടെ ആറാമത്തെ പരാജയം; ബൈചുങ് ബൂട്ടിയയുടെ വിധി ഇക്കുറിയും മാറിയില്ല

ബൈചുങ് ബൂട്ടിയ പശ്ചിമ ബംഗാളിൽ നിന്ന് തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി രണ്ട് തവണ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്
പത്ത് വര്‍ഷത്തിനിടെ ആറാമത്തെ പരാജയം; ബൈചുങ് ബൂട്ടിയയുടെ വിധി ഇക്കുറിയും മാറിയില്ല

ഗാങ്ടോക്ക്: സിക്കിം നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങിയ ഇന്ത്യൻ ഫുട്ബോൾ ടീമിൻ്റെ മുൻ ക്യാപ്റ്റൻ ബൈചുങ് ബൂട്ടിയ പരാജയപ്പെട്ടു. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ ടിക്കറ്റിൽ ബാർഫങ് സീറ്റിലാണ് താരം മത്സരത്തിനിറങ്ങിയത്. ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ചയുടെ റിക്ഷൽ ഡോർജി ബൂട്ടിയയായിരുന്നു എതിരാളി. 4346 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം പരാജയപ്പെട്ടതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

ബൈചുങ് ബൂട്ടിയ പശ്ചിമ ബംഗാളിൽ നിന്ന് തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി രണ്ട് തവണ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡാർജിലിംഗിൽ നിന്നും 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സിലിഗുരിയിൽ നിന്നും ഇദ്ദേഹം മത്സരിച്ചു പരാജയപ്പെട്ടിരുന്നു. 2019-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സിക്കിമിലെ ഗാങ്ടോക്കിൽനിന്നും തുമേൻ ലിങ്കിയിൽനിന്നും മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2019-ൽ ഗാങ്ടോക്കിൽ നടന്ന ​ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴും ഫലം മറിച്ചായില്ല. പത്ത് വര്‍ഷത്തിനിടെ ആറാമത്തെ പരാജയമാണ് ബൂട്ടിയ നേരിടുന്നത്.

2018-ൽ ഹംരോ സിക്കിം പാർട്ടി എന്ന സ്വന്തം പാർട്ടിയുമായി രംഗത്തെത്തിയ ബൂട്ടിയ കഴിഞ്ഞ വർഷമാണ് പാർട്ടിയെ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിൽ ലയിപ്പിച്ചത്. നിലവിൽ പാർട്ടി വൈസ് പ്രസിഡന്റാണ്. നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ആകെയുള്ള 32 സീറ്റിൽ 31ലും സിക്കിം ക്രാന്തികാർ മോർച്ച മുന്നേറുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com