

തിരുവനന്തപുരം: വി കെ പ്രശാന്ത് എംഎല്‍എയുമായുള്ള തര്‍ക്കങ്ങള്‍ക്കും അനുനയ നീക്കങ്ങള്‍ക്കുമൊടുവില്‍ ഓഫീസ് തുറന്ന് ആര്‍ ശ്രീലേഖ. ശാസ്ത്രമംഗലത്ത് വി കെ പ്രശാന്തിന്റെ ഓഫീസിന് സമീപത്തുള്ള തര്‍ക്ക സ്ഥലത്ത് തന്നെയാണ് ശ്രീലേഖ ഓഫീസ് തുറന്നിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് ഓഫീസ് തുറന്ന കാര്യം ശ്രീലേഖ അറിയിച്ചത്.
ഒരു മുറിയെന്ന് പറയാനാകില്ലെന്നും ചെറിയ ഒരിടത്താണ് ഓഫീസ് തുടങ്ങിയിരിക്കുന്നതെന്നും ശ്രീലേഖ കുറിപ്പില്‍ പറഞ്ഞു. ആത്മാര്‍ത്ഥതയുള്ള ഒരു ജനസേവകയ്ക്ക് ഇവിടെയും പ്രവര്‍ത്തിക്കാം. ജനസേവനം തുടങ്ങിയ ആദ്യ ദിവസം തന്നെ നിരവധി പേര്‍ കാണാനെത്തി. ഉച്ചവരെ പതിനെട്ട് പേര്‍ കാണാനെത്തിയെന്നും അവരെ സഹായിച്ചതില്‍ തൃപ്തിയുണ്ടെന്നും അത് മതിയെന്നും ശ്രീലേഖ കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
ശ്രീലേഖയുടെ കുറിപ്പിന്റെ പൂര്‍ണരൂപം
ഇന്ന് മുതല്‍ സേവനം തുടങ്ങി. ഒരു മുറിയെന്ന് പറയാന്‍ ആവില്ല. ചെറിയ ഒരിടം. ആത്മാര്‍ത്ഥതയുള്ള ഒരു ജനസേവകക്ക് ഇവിടെയും പ്രവര്‍ത്തിക്കാം. ഇന്ന് ഉച്ചവരെ ഇവിടെ വന്നത് 18 പേര്‍. അവരെ സഹായിച്ചതില്‍ തൃപ്തി. അത് മതി
ശാസ്തമംഗലത്തെ എംഎല്‍എ ഓഫീസ് വി കെ പ്രശാന്ത് ഒഴിയണമെന്നാവശ്യപ്പെട്ട് ശ്രീലേഖ രംഗത്തെത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ശ്രീലേഖയുടെ വാര്‍ഡായ ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടത്തിലാണ് പ്രശാന്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കന്നത്. തന്റെ ഓഫീസ് സൗകര്യപ്രദമായി പ്രവര്‍ത്തിക്കുന്നതിന് പ്രശാന്ത് ഓഫീസ് ഒഴിയണമെന്നായിരുന്നു ശ്രീലേഖ ഫോണിലൂടെ വിളിച്ച് ആവശ്യപ്പെട്ടത്. പ്രശാന്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നതിന് മാര്‍ച്ച് വരെ കാലാവധിയുള്ളപ്പോഴായിരുന്നു ശ്രീലേഖലയുടെ ഇത്തരത്തിലുള്ള ഇടപെടല്‍. ഇതിനെതിരെ വിമര്‍ശനവുമായി പ്രശാന്ത് രംഗത്തെത്തി.
ശ്രീലേഖലയുടേത് മര്യാദയില്ലാത്ത നടപടിയെന്നായിരുന്നു പ്രശാന്ത് പറഞ്ഞത്. വാടക നല്‍കിയാണ് കെട്ടിടം പ്രവര്‍ത്തിക്കുന്നതെന്നും കെട്ടിടം ഒഴിയാന്‍ നോട്ടീസ് നല്‍കേണ്ടത് സെക്രട്ടറിയാണെന്നും പ്രശാന്ത് പറഞ്ഞിരുന്നു. ശ്രീലേഖയ്ക്ക് പിന്നില്‍ ആളുകളുണ്ടെന്നും പ്രശാന്ത് ആരോപിച്ചിരുന്നു. കാലാവധി തീരാതെ ഒഴിയില്ലെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി. പ്രശാന്തിന് പിന്തുണയുമായി മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ളവര്‍ രംഗത്തെത്തി. സംഭവം വിവാദമായതോടെ അനുനയ നീക്കവുമായി ശ്രീലേഖ രംഗത്തെത്തി. പ്രശാന്തിനെ ഓഫീസില്‍ പോയി കണ്ട ശ്രീലേഖ, അദ്ദേഹത്തെ സഹോദരനെപ്പോലെ കണ്ട് ഓഫീസ് മാറിത്തരാന്‍ അഭ്യര്‍ത്ഥിക്കുകയാണ് ചെയ്തതെന്നും ശ്രീലേഖ പറഞ്ഞിരുന്നു.
Content Highlights- Councillor R Sreelekha opened office near v k prasanth's office in Sasthamangalam