LIVE BLOG: ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ ആറാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായി, ഉയർന്ന പോളിങ് ബംഗാളിൽ

LIVE BLOG: ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ ആറാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായി, ഉയർന്ന പോളിങ് ബംഗാളിൽ

ആറാം ഘട്ട വോട്ടെടുപ്പിൽ 11.13 കോടി വോട്ടർമാരാണ് ജനവിധി നിർണ്ണയിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ ആറാം ഘട്ട വോട്ടെടുപ്പ് തുടങ്ങി

രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി നടക്കുന്ന ആറാംഘട്ട വോട്ടെടുപ്പിൽ 58 മണ്ഡലങ്ങളിൽ പോളിങ്ങ് തുടങ്ങി. 58 മണ്ഡലങ്ങളിലായി 889 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 2019 ലെ വിജയം ആവർത്തിക്കാമെന്ന് ബിജെപിയും മണ്ഡലങ്ങൾ തിരിച്ച് പിടിച്ചെടുക്കാമെന്ന് ഇൻഡ്യ സഖ്യവും കണക്ക് കൂട്ടുന്നു. ഉത്തരേന്ത്യയിലെ കനത്ത ചൂട് പോളിങ് ശതമാനത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് പാർട്ടികൾ. ആറാം ഘട്ട വോട്ടെടുപ്പിൽ 11.13 കോടി വോട്ടർമാരാണ് വിധി നിർണ്ണയിക്കുന്നത്. 5.84 കോടി പുരുഷ വോട്ടർമാരും 5.29 കോടി സ്ത്രീ വോട്ടർമാരും ഇന്ന് പോളിങ്ങ് ബൂത്തിലെത്തും.

പ്രതീക്ഷയോടെ ഇന്ത്യാ സഖ്യം, എൻഡിഎ പോരാട്ടം നിലനിൽപ്പിന്

മത്സരം നടക്കുന്ന 58 മണ്ഡലങ്ങളിൽ 53 ഇടത്തായിരുന്നു 2019ഷ ബിജെപി മത്സരിച്ചത്. നാല്‍പ്പതിടത്തായിരുന്നു ബിജെപി വിജയം. 44 സീറ്റില്‍ മല്‍സരിച്ച കോണ്‍ഗ്രസിന് ഒരൊറ്റ സീറ്റിലും വിജയം നേടാനായില്ല. അതുകൊണ്ട് നഷ്ടപ്പെടാനുള്ളത് ബിജെപിക്കും, എന്തുകിട്ടിയാലും നേട്ടം ഇൻഡ്യ സഖ്യത്തിനുമാണ്. മുഴുവൻ സീറ്റുകളിലും മത്സരം നടക്കുന്ന ഡൽഹി, ഹരിയാന സംസ്ഥാനങ്ങളിൽ അരവിന്ദ് കെജ്‌രിവാളിന്റെ മടങ്ങി വരവും കർഷക പ്രശ്നങ്ങളും തുണക്കുമെന്നാണ് ഇന്ത്യ സഖ്യത്തിൻ്റെ കണക്ക് കൂട്ടൽ

ആറാം ഘട്ടം ആകെ സീറ്റുകൾ  58

  • ഉത്തര്‍പ്രദേശ് - 14

  • ഹരിയാന - 10

  • ബിഹാര്‍ - 8

  • പശ്ചിമ ബംഗാള്‍ - 8

  • ഡല്‍ഹി - 7

  • ഒഡീഷ - 6

  • ജാര്‍ഖണ്ഡ് - 4

  • ജമ്മുകശ്മീര്‍ - 1

ശ്രദ്ധേയമായ മത്സരങ്ങൾ ഇവിടെ

  • നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി

    കനയ്യ കുമാര്‍ (കോണ്‍ഗ്രസ്)

    മനോജ് തിവാരി (ബിജെപി)

  • ഗുരുഗ്രാം

    രാജ് ബബ്ബര്‍ (കോണ്‍ഗ്രസ്)

    റാവു ഇന്ദ്രജിത്ത് സിങ് (ബിജെപി)

  • കുരുക്ഷേത്ര

    അഭയ് സിങ് ചൗട്ടാല (ഐഎന്‍എല്‍ഡി)

    നവീന്‍ ജിന്‍ഡല്‍ (ബിജെപി)

  • സിര്‍സ

    അശോക് തന്‍വര്‍ (ബിജെപി)

    കുമാരി സെല്‍ജ (കോണ്‍ഗ്രസ്)

  • കര്‍ണാല്‍

    മനോഹര്‍ ലാല്‍ ഖട്ടര്‍ (ബിജെപി)

    ദിവ്യാൻഷു ബുദ്ധിരാജ (കോൺഗ്രസ്)

  • സുല്‍ത്താന്‍പുര്‍

    മനേക ഗാന്ധി (ബിജെപി)

    രാം ഭൂവൽ നിഷാദ് (എസ്‍.പി)

  • ന്യൂഡല്‍ഹി

    ബാന്‍സുരി സ്വരാജ് (ബിജെപി)

    സോമനാഥ് ഭാരതി (എഎപി)

  • അനന്ത്നാഗ്-രജൗരി

    മെഹ്ബൂബ മുഫ്തി (പിഡിപി)

    സഫർ ഇഖ്ബാൽ മൻഹാസ് (എപി)

കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരിയും പങ്കാളി ലക്ഷ്മി പുരിയും ഡഹിയി വോട്ട് രേഖപ്പെടുത്തി

എല്ലാവരോടും വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

എക്‌സില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു എല്ലാവരോടും വോട്ടു രേഖപ്പെടുത്തണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം. എല്ലാ സ്ത്രീ വോട്ടര്‍മാരും യുവവോട്ടര്‍മാരും വോട്ടുരേഖപ്പെടുത്തണമെന്ന് പ്രത്യേകമായി ഓര്‍മ്മിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി കുറിച്ചു

തിരഞ്ഞെടുപ്പ് നടക്കുന്ന 58 സീറ്റുകളിലെ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കക്ഷി നില

  • എന്‍ഡിഎ - 45

    ബിജെപി - 40

    ജെഡി(യു) - 3

    എല്‍ജെപി - 1

    എജെഎസ്‍യു - 1

  • ഇന്ത്യാ സഖ്യം - 5

    തൃണമൂല്‍ - 3

    എസ്.പി - 1

    നാഷണൽ കോൺഫറൻസ് - 1

    കോണ്‍ഗ്രസ് - 0

  • മറ്റുള്ളവര്‍ - 8

    ബിജെഡി - 4

    ബിഎസ്‍പി - 4

'ശക്തികേന്ദ്രങ്ങളിൽ പോളിങ് മന്ദഗതിയിലാക്കാൻ നിർദ്ദേശം'; ഡൽഹിയിൽ ലഫ്റ്റനൻ്റ് ഗവണർക്കെതിരെ ആരോപണവുമായി ആം ആദ്മി പാർട്ടി 

ദില്ലിയിൽ ഇന്ത്യ സഖ്യത്തിൻ്റെ ശക്തി കേന്ദ്രങ്ങളിൽ പോളിംഗ് മന്ദഗതിയിലാക്കാൻ പൊലീസിന് ലഫ്. ഗവർണർ നിർദേശം നൽകിയെന്ന് എഎപി. ഇത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചതായി മന്ത്രി അതിഷി മർലേന വ്യക്തമാക്കി. ബിജെപിയെ വിജയിപ്പിക്കാനുള്ള നീക്കമാണിത് ജനാധിപത്യ വിരുദ്ധവും ഭരണഘടന വിരുദ്ധവുമായ നടപടി ഞെട്ടിപ്പിക്കുന്നതുമായ സംഭവമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പ്രതികരിച്ചു. ദില്ലിയിൽ സുഗമമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കണമെന്നും ഡൽഹി മുഖ്യമന്ത്രി ആവശ്യപ്പെട്ടു

കേന്ദ്രവിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കര്‍ വോട്ട് രേഖപ്പെടുത്തി

അഴിമതി രഹിത സർക്കാരിനെ തിരഞ്ഞെടുക്കാനായി വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് അമിത് ഷാ

'അഴിമതി രഹിത സർക്കാരിനെ തിരഞ്ഞെടുക്കാൻ റെക്കോർഡ് പോളിങ്ങിനായി  വോട്ട് ചെയ്യാൻ ഡൽഹിയിലെ എല്ലാ സഹോദരി സഹോദരന്മാരോടും ഞാൻ അഭ്യർത്ഥിക്കുന്നു. വാഗ്ദാനങ്ങൾ പാലിക്കുകയും സൈന്യത്തെ ബഹുമാനിക്കുകയും അധികാരത്തിൻ്റെ സന്തോഷത്തിനായി അവസരവാദ കൂട്ടുകെട്ടുണ്ടാക്കി ജനവിശ്വാസം വഞ്ചിക്കാത്ത ഒരു സംവിധാനത്തിന് വോട്ട് ചെയ്യുക' എന്നായിരുന്നു അമിത് ഷായുടെ ഹിന്ദിയിലുള്ള ട്വീറ്റ്

ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്‌നി വോട്ട് രേഖപ്പെടുത്തി

നാരായണ്‍ഗഡിലെ ജന്മഗ്രാമമായ മിര്‍സാപൂരിലെത്തിയാണ് ഹരിയാന മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയത്

ഗൗതം ഗംഭീര്‍ വോട്ട് രേഖപ്പെടുത്തി 

മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററും ഈസ്റ്റ് ഡല്‍ഹിയിലെ ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍ വോട്ട് രേഖപ്പെടുത്തി

അനുഗ്രഹം തേടി ക്ഷേത്രത്തിലെത്തി കുരുക്ഷേത്രയിലെ ബിജെപി സ്ഥാനാര്‍ത്ഥി നവീന്‍ ജിന്‍ഡാല്‍

കുരുക്ഷേത്രയിലെ ബിജെപി സ്ഥാനാര്‍ത്ഥി നവീന്‍ ജിന്‍ഡാല്‍ പങ്കാളി ഷാലു ജിന്‍ഡാലിനൊപ്പം കരുക്ഷേത്രയിലെ സിദ്ധ്വേശ്വര്‍ ക്ഷേത്രത്തിലെത്തി അനുഗ്രഹം തേടി

നിലവാരമുള്ള വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ഗതാഗതത്തിനും വോട്ടു ചെയ്യുക; രാഘവ് ഛദ്ദ എം പി

'ഇന്ന് വോട്ടുചെയ്യാന്‍ പോകണമെന്ന് ഡല്‍ഹി നിവാസികളോട് അഭ്യര്‍ത്ഥിക്കുന്നു. നിലവാരമുള്ള വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ഗതാഗതത്തിനും വോട്ടു ചെയ്യുക, ജനാധിപത്യത്തെ ശക്തിപ്പെടുത്തുക. ചൂട് വളരെ കൂടുതലാണ്. പക്ഷെ ഈ കാരണങ്ങളാല്‍ വോട്ടു ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്തരുതെ'ന്നായിരുന്നു എക്‌സില്‍ പങ്കുവെച്ച വീഡിയോയിലൂടെ ആം ആദ്മി പാർട്ടി എം പി രാഘവ് ഛദ്ദയുടെ ആഹ്വാനം

വോട്ട് രേഖപ്പെടുത്താനെത്തി ആം ആദ്മി പാര്‍ട്ടിയുടെ നേതാവും മന്ത്രിയുമായ അഷിതി മര്‍ലേന

രാമനെ തിരികെ വിട്ടിലെത്തിച്ചവരെ വോട്ടു ചെയ്ത് തിരികെയെത്തിക്കണമെന്ന് പോസ്റ്റര്‍

ഇസ്റ്റ് ഡല്‍ഹിയിലെ വസുന്ധര എന്‍ക്ലെയ്‌വ്‌സിലെ പോളിങ്ങ് സ്‌റ്റേഷനില്‍ നിന്ന് 100 മീറ്റര്‍ ദൂരെയല്ലാതെയാണ് 'രാമനെ തിരികെ വിട്ടിലെത്തിച്ചവരെ വോട്ടു ചെയ്ത് തിരികെയെത്തിക്കണമെന്ന' പോസ്റ്റര്‍ പ്രചരിപ്പിക്കുന്നതെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്

ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖാ ശര്‍മ്മ വോട്ട് രേഖപ്പെടുത്തി

വെല്ലുവിളികള്‍ക്കെതിരെ ശക്തമായി ചേര്‍ന്നു നില്‍ക്കാം; കനയ്യ കുമാർ  

തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സഹായിച്ചവർക്കും പിന്തുണച്ചവർക്കും നന്ദി രേഖപ്പെടുത്തി ഈസ്റ്റ് ഡൽഹിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി കനയ്യ കുമാർ. എക്സ് കുറിപ്പിലായിരുന്നു കനയ്യയുടെ പ്രതികരണം. 'എൻ്റെ പ്രിയ സുഹൃത്തുക്കളേ, നോർത്ത് ഈസ്റ്റ് ഡൽഹിയിലെ ബഹുമാനപ്പെട്ട മുതിർന്നവരെ അമ്മമാരെ സഹോദരിമാരെ! തിരഞ്ഞെടുപ്പു പ്രചാരണ വേളയിൽ ചൂടും വെയിലുമൊന്നും വകവെക്കാതെ സ്നേഹത്തോടെയും അനുഗ്രഹത്തോടെയും എന്നെ പിന്തുണച്ചതിന് നിങ്ങൾക്കെല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി! ഇന്നും ഈ കൊടുചൂടും ചൂട് നിങ്ങളുടെ ധൈര്യത്തെ തകർക്കുകയില്ലെന്നും വീടുകളിൽ നിന്ന് പുറത്തിറങ്ങി നിങ്ങൾ പണപ്പെരുപ്പത്തിനും തൊഴിലില്ലായ്മയ്ക്കും അനീതിക്കുമെതിരായ പോരാട്ടം തുടരുമെന്നും എനിക്ക് പൂർണ വിശ്വാസമുണ്ട്' എന്നായിരുന്നു കനയ്യ കുമാർ എക്സിൽ കുറിച്ചത്.

ഡല്‍ഹി സംസ്ഥാന ഹജ്ജ് ചെയര്‍പേഴ്‌സണും ബിജെപി നേതാവുമായ കൗസര്‍ ജഹാന്‍ വോട്ടു രേഖപ്പെടുത്തി

ഡല്‍ഹി ചാന്ദ്‌നി ചൗക്കിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയ് പ്രകാശ് അഗര്‍വാള്‍ വോട്ട് രേഖപ്പെടുത്തി

തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ കൃത്രിമം കാണിക്കാൻ ശ്രമം; പ്രതിഷേധവുമായി മെഹബൂബ മുഫ്തി 

പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതെന്നും അധികാരികള്‍ തിരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടിയെന്നും ആരോപിച്ച് പിഡിപി മേധാവിയും അനന്ത്നാഗ്-രജൗരി ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ മെഹബൂബ മുഫ്തി ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ പ്രതിഷേധിക്കുന്നു. പാര്‍ട്ടി നേതാക്കളും അനുഭാവികളും ഒപ്പമുണ്ട്. പിഡിപി പോളിംഗ് ഏജന്റുമാരെയും പ്രവര്‍ത്തകരെയും അന്യായമായി തടങ്കലില്‍ വച്ചിരിക്കുകയാണെന്ന് മുഫ്തി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ കൃത്രിമം കാണിക്കാനുള്ള നഗ്‌നമായ ശ്രമമാണ് ഒറ്റരാത്രികൊണ്ട് നടക്കുന്നതെന്നാണ് മെഹബൂബയുടെ ആരോപണം. പ്രതിഷേധിക്കുന്ന മെഹബൂബ മുഫ്തിക്കു ചുറ്റും സുരക്ഷാ ഉദ്യോഗസ്ഥര്‍ സുരക്ഷാ വലയം തീര്‍ത്തതായും പ്രതിഷേധ സ്ഥലത്തുനിന്നും മെഹബൂബയെ മാറ്റാന്‍ ശ്രമം നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ബിജു ജനതാദള്‍ നേതാവും മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ വലംകൈയ്യുമായ വികെ പാണ്ഡ്യന്‍ ഓട്ടോറിക്ഷയിലെത്തി വോട്ട് രേഖപ്പെടുത്തി

ഭുനേശ്വറിലെ പോളിങ് ബൂത്തിലെത്തിയാണ് വി കെ പാണ്ഡ്യന്‍ വോട്ടുരേഖപ്പെടുത്തിയത്. എല്ലാവരും തിരഞ്ഞെടുപ്പിന്റെ ഉത്സവത്തില്‍ പങ്കാളികളാണകണമെന്നും വോട്ട് രേഖപ്പെടുത്തണമെന്നും പാണ്ഡ്യന്‍ പ്രതികരിച്ചു. ഓട്ടോറിക്ഷ അസോയിയേഷന്‍ അഭ്യര്‍ത്ഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഓട്ടോയില്‍ വോട്ടുചെയ്യാനെത്തിയതെന്നായിരുന്നു വി കെ പാണ്ഡ്യൻ്റെ വിശദീകരണം. ഒറീസയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി തമിഴ്‌നാട് സ്വദേശിയും നവീന്‍ പട്‌നായിക്കിന്റെ വലംകൈയ്യുമായ വികെ പാണ്ഡ്യനെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചിരുന്നു.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ മക്കള്‍ കന്നിവേട്ട് രേഖപ്പെടുത്തി

പ്രിയങ്ക ഗാന്ധി വദ്രയുടെ മക്കളായ റെയ്ഹാന്‍ വദ്രയും മിരയ വദ്രയും ഡല്‍ഹിയിലെ ലോധി എസ്‌റ്റേറ്റ് പോളിങ്ങ് ബൂത്തിലെത്തിയാണ് കന്നിവോട്ട് രേഖപ്പെടുത്തിയത്

രാവിലെ ഒൻപതി മണിവരെയുള്ള കണക്ക് പ്രകാരം ആറാംഘട്ട തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത് 10.82 ശതമാനം പോളിങ്ങ്

  • ബിഹാര്‍ - 9.66%

  • ഹരിയാന - 8.31%

  • ജമ്മു കശ്മീര്‍ - 8.89%

  • ജാര്‍ഖണ്ഡ് - 11.74%

  • ഡല്‍ഹി - 8.94%

  • ഒഡീഷ - 7.43%

  • ഉത്തര്‍പ്രദേശ് - 12.33%

  • പശ്ചിമബംഗാള്‍ - 16.54%

രാവിലെ ഒൻപത് മണിവരെയുള്ള കണക്ക് പ്രകാരം പോളിങ്ങിൽ മുന്നിൽ ബംഗാൾ പിന്നിൽ ഒഡീഷ

രാവിലെ ഒൻപത് മണിവരെയുള്ള കണക്ക് പ്രകാരം ഏറ്റവും കൂടുതൽ പോളിങ്ങ് രേഖപ്പെടുത്തിയത് ബംഗാളിൽ. ബംഗാളിലെ എട്ട് ലോക്സഭാ മണ്ഡലങ്ങളിലേയ്ക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത് 16.54 ശതമാനം പോളിങ്ങ്. ഏറ്റവും കുറവ് പോളിങ്ങ് രേഖപ്പെടുത്തിയത് ഒഡീഷയിലാണ്, 7.43 ശതമാനം പോളിങ്ങ്. ബംഗാൾ അടക്കം മൂന്ന് സംസ്ഥാനങ്ങളിൽ പത്ത് ശതമാനത്തിൽ കൂടുതൽ പോളിങ്ങ് രേഖപ്പെടുത്തി. ഉത്തർപ്രദേശിൽ 12.33 ശതമാനവും ജാർഖണ്ഡിൽ 11.74 ശതമാനവുമാണ് പോളിങ്ങ് രേഖപ്പെടുത്തിയത്

രാഷ്ട്രപതി ദ്രൗപതി മുര്‍മു വോട്ട് രേഖപ്പെടുത്തി

സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വോട്ട് രേഖപ്പെടുത്തി

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വോട്ട് രേഖപ്പെടുത്തി

വോട്ട് രേഖപ്പെടുത്തി സ്വാതി മലിവാള്‍

ഡല്‍ഹിയില്‍ വോട്ട് രേഖപ്പെടുത്തി ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എം പി സ്വാതി മലിവാള്‍. ജനാധിപത്യത്തെ സംബന്ധിച്ച് ഇതൊരു വലിയ ദിവസമാണ്. എല്ലാവരും പ്രത്യേകിച്ച് സ്ത്രീകള്‍ വോട്ടുചെയ്യാനെത്തണം. രാഷ്ട്രീയത്തിലെ സ്ത്രീകളുടെ പങ്കാളിത്തം ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനമാണെന്നും വോട്ടുരേഖപ്പെടുത്തിയ ശേഷം സ്വാതി മലിവാള്‍ പ്രതികരിച്ചു

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കപില്‍ ദേവ് വോട്ട് രേഖപ്പെടുത്തി

ബുദ്ധിപൂര്‍വ്വം വോട്ട് രേഖപ്പെടുത്തുന്നതിന്റെ ആവശ്യകതയില്‍ ഊന്നി കപില്‍ ദേവ്. പങ്കാളിക്കൊപ്പം എത്തിയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കപില്‍ ദേവ് വോട്ട് രേഖപ്പെടുത്തി.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വോട്ട് രേഖപ്പെടുത്തി

ജനാധിപത്യത്തിനും ഭരണഘടനയ്ക്കും വേണ്ടിയാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് പ്രതികരിച്ച് പ്രിയങ്ക ഗാന്ധി

ജനാധിപത്യത്തിൻ്റെ ഉത്സവത്തിൽ ഞാനും അമ്മയും വോട്ട് ചെയ്തു; രാഹുൽ ഗാന്ധി 

ആദ്യ അഞ്ച് ഘട്ടങ്ങളിൽ, വോട്ടർമാർ നുണകളും വിദ്വേഷവും കുപ്രചാരണങ്ങളും തള്ളി ജീവിതവുമായി ബന്ധപ്പെട്ട അടിസ്ഥാന പ്രശ്നങ്ങൾക്ക് മുൻഗണന നൽകിയെന്ന് രാഹുൽ ഗാന്ധി. ആറാം ഘട്ടത്തിൽ റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തണം. ജനാധിപത്യത്തിൻ്റെ ഉത്സവത്തിൽ ഞാനും അമ്മയും വോട്ട് ചെയ്തു എന്ന് സൂചിപ്പിച്ചു കൊണ്ട് സോണിയ ഗാന്ധിക്കൊപ്പമുള്ള ചിത്രവും രാഹുൽ ഗാന്ധി പങ്കുവെച്ചു

രാഹുല്‍ ഗാന്ധി ഇന്‍ഡ്യ മുന്നണിയുടെ പ്രധാനമന്ത്രി മുഖം; റോബര്‍ട്ട് വദ്ര

എല്ലാവരും വോട്ട് രേഖപ്പെടുത്താനെത്തണമെന്നും ഇന്‍ഡ്യ മുന്നണിക്ക് അവസരം നല്‍കണമെന്നും അഭ്യര്‍ത്ഥിച്ച് റോബര്‍ട്ട് വദ്ര. ഇന്‍ഡ്യ മുന്നണി രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി മുഖമായി തിരഞ്ഞെടുത്തുവെന്നാണ് അറിവെന്നും റോബര്‍ട്ട് വദ്ര പ്രതികരിച്ചു

വോട്ട് ചെയ്യാനായില്ല; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബൃന്ദ കാരാട്ട്

വോട്ട് ചെയ്യാനായില്ലെന്ന പരാതിയുമായി സിപിഎം പിബി അംഗം ബൃന്ദ കാരാട്ട് രംഗത്തെത്തി. ദില്ലിയിൽ വോട്ട് ചെയ്യാനെത്തിയ ബൃന്ദ കാരാട്ടിനോട് വോട്ടിംഗ് മെഷീനിൽ ബാറ്ററി കുറവാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായാണ് ആരോപണം. ഡൽഹിയിലെ സെൻ്റ് തോമസ് സ്കൂളിലാണ് ബൃന്ദ വോട്ടു ചെയ്യാനെത്തിയത്. സംഭവത്തിൽ ബൃന്ദാ കാരാട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അവസ്ഥ എന്താണെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗമായ ബൃന്ദ കാരാട്ട് ചോദിച്ചു

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വോട്ടു രേഖപ്പെടുത്തി. കുടുംബ സമേതം എത്തിയാണ് കെജ്‌രിവാള്‍ വോട്ട് രേഖപ്പെടുത്തിയത്

ആറാംഘട്ട തിരഞ്ഞെടുപ്പിൽ 11 മണിവരെ രേഖപ്പെടുത്തിയത് 25.76 ശതമാനം പോളിങ്

  • ബിഹാര്‍ - 23.67%

  • ഹരിയാന - 22.09%

  • ജമ്മു കശ്മീര്‍ - 23.11%

  • ജാര്‍ഖണ്ഡ് - 27.80%

  • ഡല്‍ഹി - 21.69%

  • ഒഡീഷ - 21.30%

  • ഉത്തര്‍പ്രദേശ് - 27.06%

  • പശ്ചിമബംഗാള്‍ - 36.88%

വോട്ട് ചെയ്തത് ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിക്ക്; സീതാറാം യെച്ചൂരി 

താൻ വോട്ട് ചെയ്തത് ആം ആദ്മി പാർട്ടി സ്ഥാനാർഥിക്കെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യയെ സംരക്ഷിക്കാൻ ഇത്തവണ ഒറ്റക്കെട്ട് രാജ്യത്തെ സംരക്ഷിക്കാൻ പല വിട്ടുവീഴ്ചകളും തൻ്റെ പാർട്ടി പ്രവർത്തകരടക്കം ചെയ്യുന്നവെന്ന് വ്യക്തമാക്കി യെച്ചൂരി മുംബൈയിലെ ശിവസേന ഭവനിൽ വരെ പോയി ചർച്ച നടത്തിയെന്നും പറഞ്ഞു.

കൽപ്പന സോറൻ വോട്ട് രേഖപ്പെടുത്തി

മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ പങ്കാളി കല്‍പ്പന സോറന്‍ റാഞ്ചിയില്‍ വോട്ട് ചെയ്തു. ഗാണ്ടേയിലെ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ജെഎംഎം സ്ഥാനാര്‍ത്ഥി കൂടിയാണ് കല്‍പ്പന സോറന്‍

വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കനയ്യ കുമാര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

വിരമിച്ച എയര്‍ മാര്‍ഷല്‍ മദന്‍ ലാല്‍ സേത്തി വോട്ട് രേഖപ്പെടുത്തി. 96കാരനായ അദ്ദേഹം ഡിഫന്‍സ് കോളനിയിലാണ് വോട്ട് രേഖപ്പെടുത്തിയത്.

ആറാംഘട്ട തിരഞ്ഞെടുപ്പിൽ ഒരുമണി വരെ രേഖപ്പെടുത്തിയത് 39.13 ശതമാനം പോളിങ്

  • ബിഹാര്‍ - 36.48%

  • ഹരിയാന - 36.48%

  • ജമ്മു കശ്മീര്‍ - 35.22%

  • ജാര്‍ഖണ്ഡ് - 42.54%

  • ഡല്‍ഹി - 34.37%

  • ഒഡീഷ - 35.69%

  • ഉത്തര്‍പ്രദേശ് - 37.23%

  • പശ്ചിമബംഗാള്‍ - 54.80%

ആറാംഘട്ട തിരഞ്ഞെടുപ്പിൽ ഒരുമണി വരെയുള്ള പോളിങ്; കുതിച്ച് ബംഗാൾ, കിതച്ച് ഡൽഹി 

ആറാംഘട്ട തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ഒരു മണി പിന്നിടുമ്പോൾ 50 ശതമാനം പോളിങ് പിന്നിട്ട് ബംഗാൾ. ബംഗാളിലെ എട്ട് നിയമസഭ മണ്ഡലങ്ങളിലാണ് ആറാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. 54.80 ശതമാനമാണ് ബംഗാളിൽ ഉച്ചയ്ക്ക് ഒരു മണിവരെ രേഖപ്പെടുത്തിയ പോളിങ്. ഏറ്റവും കുറവ് പോളിങ്ങ് ഡൽഹിയിലാണ്. 34.37 ശതമാനമാണ് ഡൽഹിയിൽ രേഖപ്പെടുത്തിയ പോളിങ്. ജാർഖണ്ഡിൽ മാത്രമാണ് പോളിങ് ശതമാനം 40 കടന്നത്. ജാർഖണ്ഡിൽ 42.54 ശതമാനം പോളിങ് രേഖപ്പെടുത്തി

ബംഗാളിൽ പരാതിയുമായി തൃണമൂൽ കോൺഗ്രസ്

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച ഒബ്‌സര്‍വറാണെന്ന് അവകാശപ്പെട്ട് പോളിങ്ങ് ബൂത്തിലെത്തിയ വ്യക്തി ബിജെപിക്ക് വോട്ട് പതിയുന്ന മൂന്നാം നമ്പര്‍ ബട്ടണ്‍ അമര്‍ത്താന്‍ ആവശ്യപ്പെട്ടതായി പരാതി. ബംഗാളിലെ ഘാട്ടല്‍ മണ്ഡലത്തിലാണ് സംഭവം. ഇതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സ്ത്രീകള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് കേന്ദ്രസേനയെ വിളിച്ച് അപമാനിച്ചതായും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.

ഉച്ചയ്ക്ക് ഒരു മണിവരെ ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് ഡൽഹിയിലാണ്. 34.37 ശതമാനം പോളിങാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്

  • ചാന്ദ്‌നി ചൗക്ക് 32.43%

  • വടക്ക്കിഴക്കന്‍ ഡല്‍ഹി 37.30%

  • ഈസ്റ്റ് ഡല്‍ഹി 34.30%

  • ന്യൂഡല്‍ഹി 31.76%

  • വടക്കു പടിഞ്ഞാറന്‍ ഡല്‍ഹി 35.73

  • വെസ്റ്റ് ഡല്‍ഹി 34.36%

  • സൗത്ത് ഡല്‍ഹി 33.74%

ആറാംഘട്ട തിരഞ്ഞെടുപ്പിൽ മൂന്ന് മണി വരെ രേഖപ്പെടുത്തിയത് 49.20 ശതമാനം പോളിങ്

  • ബിഹാര്‍ - 45.21%

  • ഹരിയാന - 46.26%

  • ജമ്മു കശ്മീര്‍ - 44.41%

  • ജാര്‍ഖണ്ഡ് - 54.34%

  • ഡല്‍ഹി - 44.58%

  • ഒഡീഷ - 48.44%

  • ഉത്തര്‍പ്രദേശ് - 43.95%

  • പശ്ചിമബംഗാള്‍ - 70.19%

ആറാംഘട്ട തിരഞ്ഞെടുപ്പിൽ  മൂന്ന് മണി വരെയുള്ള പോളിങ്; കുതിച്ച് ബംഗാൾ, കിതച്ച് ഉത്തർപ്രദേശ്

ആറാംഘട്ട തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ഒരു മണി പിന്നിടുമ്പോൾ 70 ശതമാനം പോളിങ് പിന്നിട്ട് ബംഗാൾ. ബംഗാളിലെ എട്ട് നിയമസഭ മണ്ഡലങ്ങളിലാണ് ആറാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. 70.19 ശതമാനമാണ് ബംഗാളിൽ ഉച്ചയ്ക്ക് ഒരു മൂന്ന് മണിവരെ രേഖപ്പെടുത്തിയ പോളിങ്. ഏറ്റവും കുറവ് പോളിങ്ങ് ഉത്തർപ്രദേശിലാണ്. 43.95 ശതമാനമാണ് ഉത്തർപ്രദേശിൽ രേഖപ്പെടുത്തിയ പോളിങ്. ജാർഖണ്ഡിൽ മാത്രമാണ് പോളിങ് ശതമാനം 50 കടന്നത്. ജാർഖണ്ഡിൽ 54.34 ശതമാനം പോളിങ് രേഖപ്പെടുത്തി

വൈറലായി രാഹുലിൻ്റെയും പ്രിയങ്കയുടെയും 'വോട്ട് ചിത്രം'

മുസ്ലിം വോട്ട് ബാങ്കിനെ പ്രീതിപ്പെടുത്താൻ ഇൻഡ്യ മുന്നണി 'മുജ്റ' നൃത്തം കളിക്കുന്നു

ദലിതരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും സംവരണം എടുത്തുകളയാനുള്ള ഇന്‍ഡ്യ മുന്നണിയുടെ ശ്രമങ്ങളെ തടയുമെന്ന് പ്രതിജ്ഞയെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആറാംഘട്ട വോട്ടെടുപ്പ് ദിവസം ബിഹാറിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. ഈ സമുദായങ്ങൾ അടിമകളായി തുടരുകയും പ്രതിപക്ഷ സഖ്യം മുസ്ലിം വോട്ട് ബാങ്കിന് വേണ്ടി 'മുജ്റ' നൃത്തം കളിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി. ഉത്തരേന്ത്യയിൽ പ്രചാരത്തിലുള്ള ഒരു നൃത്തരൂപമാണ് മുജ്റ. 'സാമൂഹ്യനീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് പുതിയ ദിശാബോധം നല്‍കിയ നാടാണ് ബീഹാര്‍. പട്ടികജാതി, പട്ടികവര്‍ഗ, ഒബിസി വിഭാഗങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനും മുസ്ലീങ്ങള്‍ക്ക് വേണ്ടി വഴിതിരിച്ചുവിടാനുമുള്ള ഇന്‍ഡ്യ മുന്നണിയുടെ പദ്ധതികള്‍ പരാജയപ്പെടുത്തുമെന്ന് ഞാന്‍ ഈ മണ്ണില്‍ പ്രഖ്യാപിക്കാന്‍ ആഗ്രഹിക്കുന്നു. പ്രതിപക്ഷ സഖ്യം അടിമകളായി തുടരുകയും മുസ്ലിം വോട്ട് ബാങ്കിനെ പ്രീതിപ്പെടുത്താന്‍ പ്രതിപക്ഷ സഖ്യം 'മുജ്റ' നൃത്തം ചെയ്യുകയുമാണ്,' ബീഹാറിലെ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു.

ആറാംഘട്ട വോട്ടെടുപ്പ് പൂർത്തിയായി; വിധിയെഴുതി 58 മണ്ഡലങ്ങൾ

ആറാംഘട്ട തിരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ അവസാന കണക്ക് പ്രകാരം പോളിങ്ങ് 57.70 ശതമാനം

  • ബിഹാര്‍ - 52.24%

  • ഹരിയാന - 55.93%

  • ജമ്മു കശ്മീര്‍ - 51.35%

  • ജാര്‍ഖണ്ഡ് - 61.41%

  • ഡല്‍ഹി - 53.73%

  • ഒഡീഷ - 59.60%

  • ഉത്തര്‍പ്രദേശ് - 52.02%

  • പശ്ചിമബംഗാള്‍ - 77.99%

ആറാംഘട്ട തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പൂർത്തിയായി; ഒടുവിലെ കണക്ക് പ്രകാരം കുതിച്ച് ബംഗാൾ, കിതച്ച് ഉത്തർപ്രദേശ്

ആറാംഘട്ട തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പൂർത്തിയായപ്പോൾ ഒടുവിലെ കണക്ക് പ്രകാരം ഏറ്റവും ഉയർന്ന പോളിങ് ബംഗാളിൽ. ബംഗാളിലെ എട്ട് നിയമസഭ മണ്ഡലങ്ങളിലാണ് ആറാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. 77.99 ശതമാനമാണ് ബംഗാളിൽ പോളിങ് കഴിഞ്ഞതിന് ശേഷമുള്ള കണക്ക് പ്രകാരം രേഖപ്പെടുത്തിയ പോളിങ്. ഏറ്റവും കുറവ് പോളിങ്ങ് ഉത്തർപ്രദേശിലാണ്. 52.02 ശതമാനമാണ് ഉത്തർപ്രദേശിൽ രേഖപ്പെടുത്തിയ പോളിങ്. ജാർഖണ്ഡിൽ മാത്രമാണ് പോളിങ് ശതമാനം 60 കടന്നത്. ജാർഖണ്ഡിൽ 61.41 ശതമാനം പോളിങ് രേഖപ്പെടുത്തി

ബംഗാളിൽ ബിജെപിസ്ഥാനാർത്ഥിക്ക് നേരെ കല്ലേറ്

ബംഗാളിൽ ബിജെപി സ്ഥാനാർത്ഥി പ്രണാത് ടുഡുവിന് നേരെ കല്ലേറ്. ബൂത്ത്‌ സന്ദർശിക്കാൻ എത്തിയപ്പോൾ ടി എം സി പ്രവർത്തകർ ആക്രമിക്കുകയായിരുന്നു എന്നാണ് ആരോപണം. ഗാർബെറ്റയിലെ പോളിംഗ് ബൂത്തിലാണ് സംഭവം

ആദ്യ അഞ്ച് ഘട്ടങ്ങളിലെ വോട്ടിംഗ് വിശദാംശങ്ങൾ പുറത്ത് വിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ

  • ആദ്യഘട്ടത്തിൽ 66.14 ശതമാനം പോളിംഗ്. വോട്ട് ചെയ്തത് 11 കോടി വോട്ടർമാർ

  • രണ്ടാം ഘട്ടത്തിൽ 66.71 ശതമാനം പോളിംഗ്. വോട്ട് ചെയ്തത് 10.6 കോടി വോട്ടർമാർ

  • മൂന്നാം ഘട്ടത്തിൽ 65.68 ശതമാനം പോളിംഗ്. വോട്ട് ചെയ്തത് 11.32 കോടി വോട്ടർമാർ

  • നാലാം ഘട്ടത്തിൽ 69.16 ശതമാനം പോളിംഗ്. വോട്ട് ചെയ്തത് 12.24 കോടി വോട്ടർമാർ

  • അഞ്ചാം ഘട്ടത്തിൽ 62.20 ശതമാനം പോളിംഗ്. വോട്ട് ചെയ്തത് 5.6 കോടി വോട്ടർമാർ

ആറാംഘട്ട തിരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഏറ്റവും ഒടുവിൽ പുറത്ത് വിട്ട കണക്ക് പ്രകാരം പോളിങ് 59.08 ശതമാനം

  • ബിഹാര്‍ - 53.42%

  • ഹരിയാന - 58.37%

  • ജമ്മു കശ്മീര്‍ - 52.28%

  • ജാര്‍ഖണ്ഡ് - 62.87%

  • ഡല്‍ഹി - 54.48%

  • ഒഡീഷ - 60.07%

  • ഉത്തര്‍പ്രദേശ് - 54.03%

  • പശ്ചിമബംഗാള്‍ - 78.19%

ആറാംഘട്ട തിരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഏറ്റവും ഒടുവിൽ പുറത്ത് വിട്ട കണക്ക് പ്രകാരം പോളിങ് 61.76 ശതമാനം

  • ബിഹാര്‍ - 55.24%

  • ഹരിയാന - 62.14%

  • ജമ്മു കശ്മീര്‍ - 54.46%

  • ജാര്‍ഖണ്ഡ് - 63.76%

  • ഡല്‍ഹി - 58.03%

  • ഒഡീഷ - 70.99%

  • ഉത്തര്‍പ്രദേശ് - 54.03%

  • പശ്ചിമബംഗാള്‍ - 80.06%

ആറാംഘട്ട തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പൂർത്തിയായി; ഒടുവിലെ കണക്ക് പ്രകാരം കുതിച്ച് ബംഗാൾ, കിതച്ച് ഉത്തർപ്രദേശ്

ആറാംഘട്ട തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പൂർത്തിയായപ്പോൾ ഒടുവിലെ കണക്ക് പ്രകാരം ഏറ്റവും ഉയർന്ന പോളിങ് ബംഗാളിൽ. ബംഗാളിലെ എട്ട് നിയമസഭ മണ്ഡലങ്ങളിലാണ് ആറാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. 80.06 ശതമാനമാണ് ബംഗാളിൽ പോളിങ് കഴിഞ്ഞതിന് ശേഷമുള്ള കണക്ക് പ്രകാരം രേഖപ്പെടുത്തിയ പോളിങ്. ഏറ്റവും കുറവ് പോളിങ്ങ് ഉത്തർപ്രദേശിലാണ്. 54.03 ശതമാനമാണ് ഉത്തർപ്രദേശിൽ രേഖപ്പെടുത്തിയ പോളിങ്. ഒഡീഷയിൽ പോളിങ് 70 ശതമാനം പിന്നിട്ടു. 70.99 ശതമാനമാണ് ഒഡീഷയിൽ പോളിങ്. ജാർഖണ്ഡിലും ഹരിയാനയിലും പോളിങ് ശതമാനം 60 കടന്നു. ജാർഖണ്ഡിൽ 63.76 ശതമാനവും ഹരിയാനയിൽ 62.14 ശതമാനവും പോളിങ് രേഖപ്പെടുത്തി

logo
Reporter Live
www.reporterlive.com