തകര്‍ക്കാന്‍ ശ്രമിക്കുന്തോറും ശക്തിപ്രാപിക്കും; മോദിക്ക് കടന്നാക്രമണം, ആവേശമായി കെജ്‌രിവാള്‍

എല്ലാ അഴിമതിക്കാരും ബിജെപിയിലാണ്. കൊച്ചുകുട്ടികള്‍ക്ക് പോലും കാര്യങ്ങള്‍ അറിയാം. ഒരു രാഷ്ട്രം ഒരു നേതാവ് എന്നതാണ് അവരുടെ ശ്രമം.
തകര്‍ക്കാന്‍ ശ്രമിക്കുന്തോറും  ശക്തിപ്രാപിക്കും; മോദിക്ക് കടന്നാക്രമണം, ആവേശമായി കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ജയില്‍ മോചിതനായ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രസംഗം. അഴിമതിക്കാരെല്ലാം ബിജെപിയില്‍ ആണെന്നും അഴിമതിക്കെതിരെ എങ്ങനെ പോരാടണം എന്നത് തന്നില്‍ നിന്നും പഠിക്കണമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ആപ്പ് ചെറിയ പാര്‍ട്ടിയാണ്. ആപ്പിന്റെ നാല് നേതാക്കളെയാണ് മോദി ജയിലില്‍ അടച്ചത്. അരവിന്ദ് കെജ്‌രിവാള്‍, മനീഷ് സിസോദിയ, സജ്ഞയ് സിംഗ്, സത്യേന്ദര്‍ ജെയിന്‍ എന്നിവരെ ജയിലില്‍ ആക്കി. ആപ്പിനെ തകര്‍ക്കാനായിരുന്നു മോദിയുടെ ശ്രമം. നേതാക്കളെ ജയിലില്‍ അടച്ചാല്‍ മാത്രം ആപ്പിനെ തകര്‍ക്കാനാകില്ല. തകര്‍ക്കാന്‍ ശ്രമിച്ചാല്‍ കരുത്തോടെ തിരിച്ചുവരും എന്ന് കെജ്രിവാള്‍ പറഞ്ഞു.

എല്ലാ അഴിമതിക്കാരും ബിജെപിയിലാണ്. കൊച്ചുകുട്ടികള്‍ക്ക് പോലും കാര്യങ്ങള്‍ അറിയാം. ഒരു രാഷ്ട്രം ഒരു നേതാവ് എന്നതാണ് അവരുടെ ശ്രമം. മോദിയുടെ അപകടകരമായ പദ്ധതിയാണിത്. വൈകാതെ എല്ലാ പ്രതിപക്ഷ മുഖ്യമന്ത്രിമാരെയും ജയിലില്‍ അടയ്ക്കും. സ്റ്റാലിനെയും പിണറായി വിജയനെയും മമത ബാനര്‍ജിയെയും ഉദ്ധവ് താക്കറെയും ജയിലില്‍ അടക്കും. തന്നെ അറസ്റ്റ് ചെയ്തതിലൂടെ ആരെയും അറസ്റ്റ് ചെയ്യാമെന്ന സന്ദേശമാണ് മോദി നല്‍കുന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ഹനുമാന്റെ അനുഗ്രഹം എന്നും തനിക്കുണ്ടാവും. ബിജെപിയോടാണ് തനിക്ക് ചോദിക്കാനുള്ളത് ആരാണ് നമ്മുടെ പ്രധാനമന്ത്രി. ഏകാധിപത്യമാണ് മോദി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കെജ്‌രിവാളിനെ ആവേശത്തോടെയാണ് അണികള്‍ പാര്‍ട്ടി ആസ്ഥാനത്ത് സ്വീകരിച്ചത്. 50 ദിവസത്തിന് ശേഷം തിരിച്ചെത്താനായതില്‍ സന്തോഷം. ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് വോട്ട് ചൊദിക്കുന്നത്. എല്ലാവര്‍ക്കും നന്ദിയെന്നും കെജ്‌രിവാള്‍ പറഞ്ഞു.

മുതിര്‍ന്ന ബിജെപി നേതാക്കളുടെ രാഷ്ട്രീയം അവസാനിപ്പിച്ചു. അടുത്തത് യോഗി ആദിത്യനാഥാണ്. മോദി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ രണ്ട് മാസത്തിനകം യുപി മുഖ്യമന്ത്രിയെ മാറ്റും. ഏകാധിപത്യത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കണം. ഈ ഏകാധിപത്യം അവസാനിപ്പിക്കാന്‍ രാജ്യം മുഴുവന്‍ സന്ദര്‍ശിക്കും.

രാജ്യത്തിന് വേണ്ടി ചോര ചിന്താന്‍ തയ്യാറാണ്. മോദി പ്രധാനമന്ത്രിയാകാനല്ല വോട്ട് ചോദിക്കുന്നത്. അമിത് ഷായെ പ്രധാനമന്ത്രിയാക്കാനാണ് വോട്ട് ചോദിക്കുന്നത്. മോദി ഇന്‍ഡ്യാ സഖ്യത്തോട് ചോദിക്കുന്നു ആരെ പ്രധാനമന്ത്രി ആക്കും എന്ന്. ഇത് താന്‍ തിരിച്ച് ബിജെപിയോട് ചോദിക്കുന്നു. മോദിക്ക് പ്രായം ആകുന്നു. ഉടന്‍ റിട്ടയര്‍ ആവും, പിന്നെ ആര്? ഉത്തരമുണ്ടോ നിങ്ങള്‍ക്ക്? താന്‍ ഇറങ്ങിയതിന്റെ കാറ്റാണ് ഇന്നലെ ദില്ലിയില്‍ വീശിയത്. ഒരിടത്തും ബിജെപിക്ക് സീറ്റ് വര്‍ധിക്കുന്നില്ല. 230 ല്‍ അധികം സീറ്റ് ലഭിക്കില്ല. അധികാരത്തില്‍ വരുന്നത് ഇന്‍ഡ്യാ സഖ്യം ആയിരിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

അധികാരത്തോട് ആര്‍ത്തിയുള്ളയാളല്ല താന്‍. തനിക്ക് മുഖ്യമന്ത്രി പദം പ്രധാനമല്ല. 20 വര്‍ഷം ദില്ലിയില്‍ എഎപിയെ പരാജയപ്പെടുത്താന്‍ കഴിയില്ല. ജനാധിപത്യത്തെ ജയിലില്‍ അടച്ചാല്‍ ജനാധിപത്യം ജയിലില്‍ ഇരുന്ന് പ്രവര്‍ത്തിക്കും. ജയിലില്‍ ഇരുന്ന് ഏകാധിപത്യത്തിന് എതിരെ പോരാടുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com