പ്രജ്ജ്വലിനെതിരായ ലൈംഗികാതിക്രമക്കേസ്; നരേന്ദ്ര മോദിക്കെതിരെ വിമര്ശനം കടുപ്പിച്ച് രാഹുല് ഗാന്ധി

'പ്രജ്ജ്വൽ കുറ്റക്കാരനാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് നരേന്ദ്ര മോദി ഹാസനില് വോട്ടഭ്യര്ത്ഥിച്ചത്. ഇത് നാണക്കേട്'

dot image

ബെംഗളൂരു: പ്രജ്ജ്വല് രേവണ്ണയ്ക്കെതിരായ ലൈംഗികാതിക്രമക്കേസില് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്ശനം കടുപ്പിച്ച് രാഹുല് ഗാന്ധി. നടന്നത് കേവലം ലൈംഗിക കുറ്റകൃത്യമല്ല, കൂട്ടബലാത്സംഗമാണ്. 400ഓളം സ്ത്രീകളെയാണ് പ്രജ്ജ്വല് ബലാത്സംഗത്തിന് ഇരയാക്കിയത്. പ്രജ്ജ്വൽ കുറ്റക്കാരനാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് നരേന്ദ്ര മോദി ഹാസനില് വോട്ടഭ്യര്ത്ഥിച്ചത്. ഇത് നാണക്കേടാണെന്നും രാഹുല് ഗാന്ധി കുറ്റപ്പെടുത്തി. ബിജെപി കൂട്ടബലാത്സംഗം ചെയ്തയാളെ മറയുയര്ത്തി സംരക്ഷിക്കുകയാണെന്നും ഇതാണ് മോദി പറയുന്ന ഗ്യാരന്റിയെന്നും രാഹുല് ഗാന്ധി കുറ്റപ്പെടുത്തി. കർണാടകയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

കോണ്ഗ്രസ് പ്രജ്ജ്വലിനെതിരെ നടപടി സ്വീകരിക്കുമെന്നും രാഹുല് ഗാന്ധി വ്യക്തമാക്കി. രാജ്യത്തിന്റെ ചരിത്രത്തില് ഒരു പ്രധാനമന്ത്രിയും കൂട്ടബലാത്സംഗം നടത്തിയ ഒരാള്ക്ക് വേണ്ടി വോട്ടുചോദിച്ചിട്ടില്ല. ഇതിലൂടെ മോദി രാജ്യത്തെ സ്ത്രീകളെ അപമാനിച്ചിരിക്കുകയാണ്. മോദി അവരോട് മാപ്പ് പറയണമെന്നും രാഹുല് ആവശ്യപ്പെട്ടു.

ബിജെപി പ്രസിഡന്റ് ജെ പി നദ്ദയുടെ പരാമര്ശത്തോടും രാഹുല് ഗാന്ധി പ്രതികരിച്ചു. നദ്ദയെ സംബന്ധിച്ച് സമത്വത്തിന് വേണ്ടി വാദിക്കുന്നവരെല്ലാം മാവോയിസ്റ്റുകളാണ്. ബിജെപി പ്രസിഡന്റ് ഭരണഘടനയെ അവമതിക്കുന്നു. പക്ഷേ ഭരണഘടനയെ സംരക്ഷിക്കുമെന്നാണ് അവര് പറയുന്നത്. അങ്ങനെയെങ്കില് എന്തിനാണ് നദ്ദ ഭരണഘടനയെ ആക്രമിക്കുന്നതെന്നും രാഹുല് ഗാന്ധി ചോദിച്ചു.

ഭരണഘടന മാറ്റിയാല് ദളിത്-ഒബിസി വിഭാഗങ്ങള്ക്ക് അവരുടെ ഭൂമി നഷ്ടമാകുമെന്നും രാഹുല് ഗാന്ധി ചൂണ്ടിക്കാണിച്ചു. രാജ്യത്തെ പിന്നാക്ക വിഭാഗക്കാര്ക്ക് രാഷ്ട്രീയ അധികാരം ലഭിക്കുന്നത് ഭരണഘടന നിലനില്ക്കുന്നതിനാലാണ്. എസ്സി, എസ്ടി വിഭാഗങ്ങളുടെ സംവരണം ബിജെപിയുടെ ആവശ്യമല്ല, മാത്രമല്ല അവര് സംവരണം ഇല്ലാതാക്കാനും വാദിക്കുന്നു. കോണ്ഗ്രസ് എല്ലായ്പ്പോഴും ഭരണഘടനയുടെ സംരക്ഷകരാണെന്നും രാഹുല് ഗാന്ധി വ്യക്തമാക്കി. രാജ്യത്തെ പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്ക്ക് ഒരു ലക്ഷം രൂപ നല്കുന്നത് ഉള്പ്പെടെയുള്ള അഞ്ച് ഗ്യാരന്റികള് നടപ്പിലാക്കുന്നതിനെക്കുറിച്ചും തിരഞ്ഞെടുപ്പ് റാലിയില് സംസാരിക്കവെ രാഹുല് വ്യക്തമാക്കി.

dot image
To advertise here,contact us
dot image