'രാജീവ് ഗാന്ധിക്ക് അനന്തരാവകാശമായി ലഭിച്ചത് സ്വത്തല്ല, രക്തസാക്ഷിത്വം'; മോദിക്ക് പ്രിയങ്കയുടെ മറുപടി

നരേന്ദ്രമോദിക്ക് ഒരിക്കലും മനസ്സിലാകാത്ത വികാരമാണ് അതെന്ന് പ്രിയങ്ക
'രാജീവ് ഗാന്ധിക്ക് അനന്തരാവകാശമായി ലഭിച്ചത് സ്വത്തല്ല, രക്തസാക്ഷിത്വം'; മോദിക്ക് പ്രിയങ്കയുടെ മറുപടി

ഇന്‍ഡോര്‍: തന്റെ പിതാവ് രാജീവ് ​ഗാന്ധിക്ക് തന്റെ അമ്മയിൽ നിന്ന് അനന്തരാവകാശമായി കിട്ടിയത് സ്വത്തല്ല, രക്തസാക്ഷിത്വമാണെന്ന് കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി. നരേന്ദ്രമോദിക്ക് ഒരിക്കലും മനസ്സിലാകാത്ത വികാരമാണ് അതെന്നും പ്രിയങ്ക പറഞ്ഞു. രാഷ്ട്രീയത്തിലെ കുടുംബാധിപത്യവും അനന്തരാവകാശ നികുതി ഒഴിവാക്കിയെന്നുമുള്ള മോദിയുടെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു പ്രിയങ്ക ​ഗാന്ധി. അമ്മയിൽ നിന്ന് ലഭിച്ച സ്വത്തിന് നികുതി അടയ്ക്കാതിരിക്കാൻ അധികാരത്തിലെത്തിയ ഉടൻ മുൻ പ്രധാനമന്ത്രിയായ രാജീവ് ​ഗാന്ധി അന്തരാവകാശ നികുതി ഒഴിവാക്കിയെന്നായിരുന്നു മോദിയുടെ ആരോപണം.

ഇന്ന് മധ്യപ്രദേശിലെ മൊറേനയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് പ്രിയങ്ക മോദിക്ക് മറുപടി നൽകിയത്. 'വേദിയിൽ നിന്ന് മോദിജി എൻ്റെ പിതാവിനെ രാജ്യദ്രോഹി എന്ന് വിളിക്കുകയും അമ്മയിൽ നിന്ന് അനന്തരാവകാശം ലഭിക്കാൻ അദ്ദേഹം നിയമം മാറ്റിയെന്ന് ആരോപിക്കുകയും ചെയ്യുമ്പോൾ യഥാ‍ർത്ഥത്തിൽ എൻ്റെ പിതാവിന് അനന്തരാവകാശമായി സമ്പത്തൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം മനസ്സിലാക്കില്ല. പിതാവിന് അനന്തരാവകാശമായി കിട്ടിയത് രക്തസാക്ഷിത്വമാണ്', പ്രിയങ്ക പറഞ്ഞു.

ഇതിനിടെ കോൺഗ്രസിനെതിരെ വീണ്ടും വിവാദ പരാമർശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. കോൺഗ്രസ് പാകിസ്താൻ്റെ അനുയായികളാണെന്ന് മോദി ആരോപിച്ചു. കോൺഗ്രസ് ദുർബലമാകുന്നതിൽ ദുഃഖം പാകിസ്താനാണ്. കോൺഗ്രസിനായി പ്രാർഥിക്കുകയാണ് പാകിസ്താൻ നേതാക്കൾ. വോട്ട് ജിഹാദിനായി മുസ്‍ളിങ്ങളോട് ആഹ്വാനം ചെയ്യുകയാണ് ഇൻഡ്യ മുന്നണി. കോൺഗ്രസിന്റെ ലക്ഷ്യങ്ങൾ അപകടകരമാണെന്നുമാണ് ഗുജറാത്തിലെ തിരഞ്ഞെടുപ്പ് റാലിയിൽ മോദി ആരോപിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com