ഉഷ്ണതരംഗം; തെലങ്കാനയിലെ പോളിങ് സമയക്രമത്തിൽ മാറ്റം വരുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ

12 ലോക്‌സഭാ മണ്ഡലങ്ങളില്‍ പൂർണ്ണമായും പുതിയ സമയക്രമപ്രകാരമാകും വോട്ടെടുപ്പ് നടക്കുക. ശേഷിക്കുന്ന അഞ്ച് ലോക്സഭാ മണ്ഡലങ്ങളിൽ പുതിയ സമയക്രമം ബാധകമായ നിയമസഭാ മണ്ഡലങ്ങളുടെ പട്ടികയും കമ്മീഷൻ പ്രസിദ്ധീകരിച്ചു
ഉഷ്ണതരംഗം; തെലങ്കാനയിലെ പോളിങ് സമയക്രമത്തിൽ മാറ്റം വരുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ

ഹൈദരാബാദ്: ഉഷ്ണതരംഗത്തെ തുടര്‍ന്ന് തെലങ്കാനയിലെ പോളിങ് സമയത്തില്‍ മാറ്റം വരുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍. നേരത്തെ രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ നിശ്ചയിച്ചിരുന്ന പോളിങ് സമയം ഒരു മണിക്കൂര്‍ വര്‍ദ്ധിപ്പിച്ച് രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാക്കിയാണ് പുനര്‍ക്രമീകരിച്ചിരിക്കുന്നത്. 12 ലോക്‌സഭാ മണ്ഡലങ്ങളില്‍ പൂർണ്ണമായും പുതിയ സമയക്രമപ്രകാരമാകും വോട്ടെടുപ്പ് നടക്കുക. ശേഷിക്കുന്ന അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളില്‍ ഏതെല്ലാം നിമയമസഭാ മണ്ഡലങ്ങളിലാണ് പുതുക്കിയ സമയക്രമം ബാധകമാകുകയെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

കരിംനഗര്‍, നിസാമാബാദ്, സാഹിരാബാദ്, മേദക്, മല്‍കാജ്ഗിരി, സെക്കന്തരാബാദ്, ഹൈദരാബാദ്, ചെവെല്ല, മഹബൂബ്‌നഗര്‍, നാഗര്‍കുര്‍ണൂല്‍, നല്‍ഗൊണ്ട, ഭോംഗിര്‍ എന്നീ ലോക്സഭാ മണ്ഡലങ്ങളിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് പോളിങ് സമയം. ആദിലാബാദ് ലോക്‌സഭാ മണ്ഡലത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ മാത്രമാണ് പുതുക്കിയ സമയക്രമം ബാധകമാകുക. പെദ്ദപ്പള്ളി ലോക്‌സഭാ മണ്ഡലത്തിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും വാറങ്കല്‍ മണ്ഡലത്തിലെ ആറ് നിയമസഭാ മണ്ഡലങ്ങളിലും മഹബൂബാബാദ് മണ്ഡലത്തിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും ഖമ്മം മണ്ഡലത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലുമാണ് പുതുക്കിയ സമയക്രമം ബാധകമാകുക.

തെലങ്കാന ചീഫ് ഇലക്ടറല്‍ ഓഫീസറുടെ അഭ്യര്‍ത്ഥന പ്രകാരമാണ് പുതിയ തീരുമാനം. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികള്‍ എന്നിവരുടെ അഭ്യര്‍ത്ഥന പ്രകാരമാണ് തെലങ്കാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഈ വിഷയത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. മെയ് 13ന് നടക്കുന്ന നാലാംഘട്ടത്തിലാണ് തെലങ്കാനയിലെ 17 ലോക്‌സഭാ സീറ്റിലേയ്ക്കും തിരഞ്ഞെടുപ്പ് നടക്കുക.

Related Stories

No stories found.
logo
Reporter Live
www.reporterlive.com