തമിഴ്നാട്ടിൽ പിഎംകെയിൽ വീണ്ടും പൊട്ടിത്തെറി; മുൻ അധ്യക്ഷൻ ജി കെ മണിയെ പുറത്താക്കി അൻപുമണി രാമദാസ്

25 വർഷത്തോളം പിഎംകെയുടെ പ്രസിഡൻ്റ് സ്ഥാനം വഹിച്ച ജി കെ മണിയെ അൻപുമണി രാമാദാസ് പുറത്താക്കി

തമിഴ്നാട്ടിൽ പിഎംകെയിൽ വീണ്ടും പൊട്ടിത്തെറി; മുൻ അധ്യക്ഷൻ ജി കെ മണിയെ പുറത്താക്കി അൻപുമണി രാമദാസ്
dot image

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പട്ടാളി മക്കൾ കക്ഷിയിലെ ഉൾപാർട്ടി സംഘർഷങ്ങൾ രൂക്ഷമാക്കി പാർട്ടിയുടെ മുൻ പ്രസിഡൻ്റിനെ പുറത്താക്കി അൻപുമണി രാമാദാസ്. പിഎംകെ സ്ഥാപകൻ എസ് രാമദാസും മകൻ അൻപുമണി രാമാദാസും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെയാണ് 25 വർഷത്തോളം പിഎംകെയുടെ പ്രസിഡൻ്റ് സ്ഥാനം വഹിച്ച ജി കെ മണിയെ അൻപുമണി രാമാദാസ് പുറത്താക്കിയത്. പിഎംകെ സ്ഥാപകൻ എസ് രാമാദാസിൻ്റെ വലംകൈയ്യും വിശ്വസ്തനുമായി അറിയപ്പെടുന്ന നേതാവ് കൂടിയാണ് ജി കെ മണി. നിലവിൽ പെന്നഗ്രാമിൽ നിന്നുള്ള എംഎൽഎ കൂടിയാണ് ജി കെ മണി.

നേരത്തെ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ വിശദീകരണം ആവശ്യപ്പെട്ട് ജി കെ മണിക്ക് നോട്ടീസ് നൽകിയിരുന്നതായാണ് 'പിഎംകെ ആസ്ഥാനത്ത്' നിന്ന് എന്ന നിലയിൽ പുറത്ത് വന്ന പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. പാർട്ടിയുടെയും നേതൃത്വത്തിന്റെയും താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി ആവർത്തിച്ച് പ്രവർത്തിച്ചതിന് പാർട്ടിയുടെ ഭരണഘടനയുടെ 30-ാം വകുപ്പ് പ്രകാരം പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ പുറത്താക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ഒരാഴ്ചയ്ക്കകം അറിയിക്കണമെന്നായിരുന്നു നേരത്തെ ജി കെ മണിക്ക് നൽകിയിരുന്ന നോട്ടീസ്. ഡിസംബർ 18നാണ് അൻപുമണി രാമാദാസിൻ്റെ നേതൃത്വത്തിലുള്ള അച്ചടക്ക സമതി ജി കെ മണിക്ക് റിപ്പോർട്ട് നൽകിയത്. എന്നാൽ നോട്ടീസിലെ സമയപരിധി അവസാനിച്ച ഡിസംബർ 25വരെ വിശദീകരണം നൽകാൻ മണി തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെ പിഎംകെയുടെ അച്ചടക്ക സമിതി യോഗം ചേരുകയും ജി കെ മണിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ പാർട്ടി പ്രസിഡൻ്റ് അൻപുമണി രാമദാസിനോട് ശുപാർശ ചെയ്യുകയുമായിരുന്നു എന്നാണ് പ്രസ്താവന വ്യക്തമാക്കുന്നത്. ഈ ശുപാർശ അംഗീകരിച്ചു കൊണ്ടാണ് അൻപുമണി രാമദാസ് ജി കെ മണിയെ പിഎംകെയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്.

തന്നെ പുറത്താക്കാൻ അൻപുമണിക്ക് അവകാശമില്ല എന്നായിരുന്നു ജി കെ മണിയുടെ പ്രതികരണം. പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ജി കെ മണി വ്യക്തമാക്കി. 'ഡോ. എസ് രാമദാസാണ് പിഎംകെ. പാർട്ടി സ്ഥാപിതമായതിന്റെ ആദ്യ ദിവസം മുതൽ ഞാൻ ഡോ.രാമദാസിനൊപ്പമുണ്ട്. 46 വർഷമായി രാഷ്ട്രീയത്തിൽ ഞാൻ ഡോ. രാമദാസിനൊപ്പമാണ്. 25 വർഷമായി ഞാൻ പിഎംകെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. പാർട്ടി അംഗമല്ലാത്ത ഒരാൾക്ക് (അൻപുമണി രാമദാസ്) എങ്ങനെ എന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ കഴിയും? എന്നെ പുറത്താക്കാൻ അദ്ദേഹത്തിന് അവകാശമില്ല. ഞങ്ങൾ ഈ വിഷയം ഗൗരവമായി എടുക്കുന്നില്ല' എന്നും മണി വ്യക്തമാക്കി.

ഡോ. എസ് രാമദാസുമായി പോരടിച്ചാണ് അൻപുമണിക്ക് പാർട്ടിയിൽ സ്ഥാനം നേടിക്കൊടുത്തതെന്നും ജി കെ മണി വ്യക്തമാക്കി. 'അൻപുമണിയെ രാജ്യസഭാംഗവും കേന്ദ്രമന്ത്രിയുമാക്കിയത് ആരാണെന്നതിന് എന്റെ പക്കൽ തെളിവുണ്ട്. രാഷ്ട്രീയത്തിൽ തുടരണമെങ്കിൽ അദ്ദേഹം ഡോ രാമദാസിനെ കാണണം അല്ലെങ്കിൽ ഒരു പ്രത്യേക പാർട്ടി രൂപീകരിക്കണം' എന്നും ജി കെ മണി ചൂണ്ടിക്കാണിച്ചു.

ഇതിനിടെ അൻപുമണിയും അനുയായികളും പിഎംകെ എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ ഏതാനും ദിനപത്രങ്ങളിൽ പൊതുഅറിയിപ്പ് നൽകിയിട്ടുണ്ട്. പിഎംകെ ആസ്ഥാനം പുറത്തിറക്കിയതായി അവകാശപ്പെടുന്നതാണ് ഈ നോട്ടീസ്. ഡൽഹി ഹൈക്കോടതി ഉത്തരവ് പരാമർശിച്ച്, ഡോ. അൻപുമണിക്ക് പിഎംകെ പ്രസിഡന്റ് സ്ഥാനം അവകാശപ്പെടാനോ പാർട്ടിയുടെ പേര്, പതാക, ചിഹ്നം എന്നിവ ഉപയോഗിക്കാനോ അവകാശമില്ലെന്നാണ് നോട്ടീസിൽ പറയുന്നത്. 'അൻപുമണിയുമായോ മറ്റേതെങ്കിലും വ്യക്തിയുമായോ സഹകരിച്ച് പിഎംകെയുടെ പേരിൽ രാഷ്ട്രീയ, തെരഞ്ഞെടുപ്പ് അല്ലെങ്കിൽ ഭരണപരമായ പ്രവർത്തനങ്ങൾ നടത്തുന്ന ഏതെങ്കിലും വ്യക്തി, രാഷ്ട്രീയ പാർട്ടി, അല്ലെങ്കിൽ സംഘടന എന്നിവ ക്രിമിനൽ നടപടികൾക്ക് വിധേയമാകു'മെന്നും നോട്ടീസിൽ പറയുന്നുണ്ട്. ഇതിൽ ഏതെങ്കിലും ലംഘനം ഉണ്ടായാൽ കോടതിയലക്ഷ്യ നടപടി ആരംഭിക്കുമെന്നും പൊതു അറിയിപ്പ് അന്തിമ മുന്നറിയിപ്പ് ആണെന്നും നോട്ടീസിൽ ഉണ്ട്.

Content Highlights: PMK erupts again in Tamil Nadu as Anbumani Ramadoss expels former president GK Mani

dot image
To advertise here,contact us
dot image