റാഞ്ചിയിൽ ഇൻഡ്യ സഖ്യത്തിന്റെ റാലി തുടങ്ങി; രാഹുൽ ഗാന്ധി പങ്കെടുക്കില്ല

ജാർഖണ്ഡിലെ റാഞ്ചിയിൽ ഇൻഡ്യ സഖ്യത്തിന്റെ ഉൽഗുലാൻ റാലി ആരംഭിച്ചു
റാഞ്ചിയിൽ ഇൻഡ്യ സഖ്യത്തിന്റെ റാലി തുടങ്ങി; രാഹുൽ ഗാന്ധി പങ്കെടുക്കില്ല

ന്യൂഡൽഹി: ജാർഖണ്ഡിലെ റാഞ്ചിയിൽ ഇൻഡ്യ സഖ്യത്തിന്റെ ഉൽഗുലാൻ റാലി ആരംഭിച്ചു. പ്രതിപക്ഷ നേതാക്കളുടെ റാലിക്ക് മുഖ്യ നേതൃത്വമാകുമെന്ന് കരുതിയിരുന്ന രാഹുൽ ഗാന്ധി ആരോഗ്യ കാരണങ്ങളാൽ റാലിയില്‍ പങ്കെടുക്കുന്നില്ല. കോൺഗ്രസ് ദേശീയ ജനറൽ സെക്രെട്ടറി ജയറാം രമേശ് ആണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ സത്നയിൽ നടക്കുന്ന ഇൻഡ്യ സഖ്യ റാലിയുടെ സമാപന സമ്മേളനത്തിൽ രാഹുലിന് പകരം മല്ലികാർജുൻ ഖാർഗെ പങ്കെടുക്കുമെന്നും രാഹുൽ ആരോഗ്യം വീണ്ടെടുത്ത ഉടനെ ജാർഖണ്ഡിലെത്തുമെന്നും ജയറാം രമേശ് പറഞ്ഞു.

അരവിന്ദ് കെജ്‌രിവാളിന്റെയും ഹേമന്ദ് സോറന്റെയും കസേരകൾ ഒഴിച്ചിട്ടാണ് റാലി തുടങ്ങിയത്. എന്ഫോഴ്സ്മെന്റ് ഡയറക്റ്റേറ്റ് പ്രതിപക്ഷ കക്ഷികളെ വേട്ടയാടുന്നുവെന്നതാണ് റാലിയിൽ ഉയർന്ന പ്രധാന വിമർശനം. എഎപി നേതാവ് സഞ്ജയ് സിങ്, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ് തുടങ്ങിയവരും വേദിയിലെത്തിയിട്ടുണ്ട്.

കേന്ദ്ര സർക്കാരിൻ്റെ "സ്വേച്ഛാധിപത്യ" സമീപനം പ്രതിപക്ഷ ഇന്‍ഡ്യ ബ്ലോക്കിൻ്റെ ' ഉൽഗുലാൻ ന്യായ് റാലി'യിൽ തുറന്നുകാട്ടുമെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ചമ്പായി സോറൻ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. "ഹേമന്ത് സോറൻ്റെ സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ തുടക്കം മുതൽ നടന്നിരുന്നു, ഒടുവിൽ അദ്ദേഹത്തെ ജയിലിലേക്ക് അയച്ചു. ഡൽഹിയിലെ ജനങ്ങളും സമാനമായ സാഹചര്യം അനുഭവിച്ചു," എന്നാൽ ഇതിന് മറുപടിയാവും ജാർഖണ്ഡ് ജനതയുടെ വിധിയെഴുത്ത്. ചമ്പായി സോറൻ കൂട്ടിച്ചേർത്തു.

ജാർഖണ്ഡിലെ 14 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പൊതുതിരഞ്ഞെടുപ്പിൻ്റെ നാല്, അഞ്ച്, ആറ്, ഏഴ് ഘട്ടങ്ങളിലായാണ് നടക്കുന്നത്. 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 14 സീറ്റിൽ 12 സീറ്റും നേടിയത് ബിജെപിയായിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് ഹേമന്ദ് സോറൻ മുഖ്യമന്ത്രി പദം രാജിവെച്ചത്. അനധികൃത സ്വത്ത് സമ്പാദന ആരോപണവുമായി ബന്ധപ്പെട്ടായിരുന്നു രാജി. മുഖ്യമന്ത്രി പദം രാജി വെച്ചതിന് പിന്നാലെ സോറനെ എൻഫോഴ്‌മെന്റ് ഡയറക്ടേറ്റ് അറസ്റ്റ് ചെയ്തു. നിലവിൽ ഹോത്‌വാറിലെ ബിർസ മുണ്ട ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് ഹേമന്ദ് സോറൻ .

Related Stories

No stories found.
logo
Reporter Live
www.reporterlive.com