ഉത്തർപ്രദേശിലെ മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ

സുപ്രീം കോടതി വിധി ഉത്തര്‍പ്രദേശിലെ 16,000ത്തോളം മദ്രസകളിൽ പഠിക്കുന്ന 17 ലക്ഷത്തോളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താല്‍ക്കാലിക ആശ്വാസമാകും
ഉത്തർപ്രദേശിലെ മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ

ന്യൂഡൽഹി: 2004ലെ യുപി ബോര്‍ഡ് ഓഫ് മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. സുപ്രീം കോടതി വിധി ഉത്തര്‍പ്രദേശിലെ 17 ലക്ഷത്തോളം വരുന്ന മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് താല്‍ക്കാലിക ആശ്വാസമാകും. ഹൈക്കോടതി വിധി പ്രഥമദൃഷ്ട്യാ ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തര്‍പ്രദേശ് സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും മദ്രസ ബോര്‍ഡിനും നോട്ടീസ് അയക്കാനും ഉത്തരവിട്ടു.

2004ലെ നിയമം മതേതര തത്വത്തിന്റെ ലംഘനമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നുമായിരുന്നു അലഹബാദ് ഹൈക്കോടതി കഴിഞ്ഞ മാസം പ്രഖ്യാപിച്ചത്. മദ്രസ വിദ്യാര്‍ത്ഥികളെ ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഉള്‍പ്പെടുത്താനും അലഹബാദ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. എന്നാൽ മദ്രസ ബോര്‍ഡിന്റെ ലക്ഷ്യങ്ങളും നിയന്ത്രണ സ്വഭാവമുള്ളതാണെന്നും ബോര്‍ഡ് സ്ഥാപിക്കുന്നത് മതനിരപേക്ഷതയെ ബാധിക്കില്ലെന്നും ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതി വെള്ളിയാഴ്ച അലഹബാദ് ഹൈക്കോടതിയുടെ വിധി സ്‌റ്റേ ചെയ്തത്.

നിയമത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കിക്കൊണ്ട് വിദ്യാര്‍ത്ഥികളെ സ്ഥലം മാറ്റാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇത് 17 ലക്ഷം വിദ്യാര്‍ത്ഥികളെ ബാധിക്കും. വിദ്യാര്‍ത്ഥികളെ മറ്റ് സ്‌കൂളുകളിലേക്ക് സ്ഥലം മാറ്റാനുള്ള നിര്‍ദ്ദേശം ആവശ്യമില്ലെന്നാണ് ഞങ്ങളുടെ അഭിപ്രായമെന്ന് കേസ് പരിഗണിക്കവെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. മദ്രസകള്‍ ഗണിതം, ശാസ്ത്രം, ചരിത്രം, ഭാഷകള്‍ തുടങ്ങിയ പ്രധാന വിഷയങ്ങളില്‍ മതേതര വിദ്യാഭ്യാസം നല്‍കുന്നുവെന്ന് ഉറപ്പാക്കുകയാണ് പൊതുതാല്‍പര്യ ഹര്‍ജിയുടെ ഉദ്ദേശമെങ്കില്‍ 2004ലെ മദ്രസ നിയമത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കലല്ല പരിഹാരമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഹൈക്കോടതി വിധിയെ പിന്തുണയ്ക്കുന്ന സമീപനമാണ് സുപ്രീം കോടതിയില്‍ സ്വീകരിച്ചത്. സംശയാസ്പദമായ മതത്തിന്റെ കുരുക്കുകളും മറ്റ് പ്രസക്തമായ വിഷയങ്ങളും ചര്‍ച്ച ചെയ്യണമെന്നായിരുന്നു കേന്ദ്രം കോടതിയില്‍ സ്വീകരിച്ച നിലപാട്. മത വിദ്യാഭ്യാസം എന്നത് മതപരമായ പ്രബോധനമല്ലെന്നും ഹൈക്കോടതി ഉത്തരവ് 10,000 മദ്രസ അധ്യാപകരെയും 17 ലക്ഷം വിദ്യാര്‍ത്ഥികളെയും ബാധിക്കുമെന്നും മദ്രസകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്‌വി വാദിച്ചു. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സൗകര്യമൊരുക്കിയെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.

മദ്രസ വിദ്യാഭ്യാസത്തിന് ഗുണനിലവാരമില്ലെന്നും സാര്‍വത്രിക സ്വഭാവമുള്ളതല്ലെന്നും വിശാലാടിസ്ഥാനത്തിലുള്ളതല്ലെന്നും പറയുന്നത് തെറ്റാണെന്നും സിംഗ്‌വി വാദിച്ചു. നിരോധനത്തിനായി മദ്രസകളെ ഒറ്റപ്പെടുത്തുന്നത് വിവേചനപരമാണെന്നും 2002ലെ അരുണ റോയ് വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ വിധിയില്‍ സുപ്രീം കോടതി ഇത് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉന്നയിക്കപ്പെട്ട പ്രശ്നങ്ങള്‍ കൂടുതല്‍ വിശദമായി പരിഗണിക്കേണ്ടതാണെന്നും കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കേസ് ജൂലൈ രണ്ടാം വാരത്തിലേയ്ക്ക് മാറ്റി വെച്ചതായും ചീഫ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com