'കെജ്‌രിവാളിനെ അധികകാലം ജയിലിലിടാന്‍ അവര്‍ക്ക് സാധിക്കില്ല'; സന്ദേശം വായിച്ച് സുനിത

'നിങ്ങളുടെ കെജ്‌രിവാള്‍ ഒരു സിംഹമാണ്. അദ്ദേഹത്തെ അധികകാലം ജയിലിലിടാന്‍ അവര്‍ക്ക് സാധിക്കില്ല'
'കെജ്‌രിവാളിനെ അധികകാലം ജയിലിലിടാന്‍ അവര്‍ക്ക് സാധിക്കില്ല'; സന്ദേശം വായിച്ച് സുനിത

ന്യൂഡല്‍ഹി: കെജ്‌രിവാളിന്റെ അറസ്റ്റില്‍ ഉള്‍പ്പടെ പ്രതിഷേധിച്ച് ഇന്‍ഡ്യ സഖ്യത്തിന്റെ മഹാറാലി ആരംഭിച്ചു. അരവിന്ദ് കെജ്‌രിവാളിന്റെ സന്ദേശം ഭാര്യ സുനിത കെജ്‌രിവാള്‍ വായിച്ചു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കെജ്‌രിവാളിന്റെ ആറ് ഉറപ്പുകള്‍ സുനിത വേദിയില്‍ പ്രഖ്യാപിച്ചു.

പ്രധാനമന്ത്രി തന്റെ ഭര്‍ത്താവിനെ ജയിലിലാക്കി. ഇത് ശരിയാണോ എന്ന് സുനിത കെജ്‌രിവാള്‍ ചോദിച്ചു. 'കെജ്‌രിവാള്‍ സത്യസന്ധനായ ആളാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? ജയിലിലായതുകൊണ്ട് അദ്ദേഹം രാജിവെക്കണമെന്നാണ് ബിജെപിക്കാര്‍ പറയുന്നത്. അദ്ദേഹം രാജിവെക്കേണ്ടതുണ്ടോ? നിങ്ങളുടെ കെജ്‌രിവാള്‍ ഒരു സിംഹമാണ്. അദ്ദേഹത്തെ അധികകാലം ജയിലിലിടാന്‍ അവര്‍ക്ക് സാധിക്കില്ല', സുനിത പറഞ്ഞു.

'ഞാന്‍ ജയിലില്‍ ഇരുന്ന് വോട്ടല്ല ചോദിക്കുന്നത്. പുതിയൊരു ഭാരതം നമുക്ക് നിര്‍മ്മിക്കണം. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് നമ്മുടെ രാജ്യത്ത് എല്ലാമുണ്ട്. എന്നിട്ടും വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും ഏറെ താഴെയാണ്. ഞാനതില്‍ വളരെ ദുഃഖിതനാണ്. നമുക്കൊരുമിച്ച് പുതിയൊരു ഭാരതം നിര്‍മ്മിക്കാം. ശത്രുതയില്ലാത്ത ഭാരതം. ഇന്‍ഡ്യ മുന്നണി വെറും പേരില്‍ മാത്രമല്ല. എത് എല്ലാവരുടെയും മനസിലുണ്ട്', കെജ്‌രിവാളിന്റെ സന്ദേശത്തില്‍ പറയുന്നു.

ജനാധിപത്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായാണ് ഡല്‍ഹി രാംലീല മൈതാത്ത് റാലി നടക്കുന്നത്. റാലിയില്‍ 28ഓളം പാര്‍ട്ടികള്‍ പങ്കെടുക്കുന്നുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, എസ്പി നേതാവ് അഖിലേഷ് യാദവ്, എന്‍സിപി നേതാവ് ശരദ് പവാര്‍, ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ചമ്പൈ സോറന്‍, എന്‍സിപി നേതാവ് ഫാറൂഖ് അബ്ദുള്ള, പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി, ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ ഡറിക് ഒബ്രയാന്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ട്.

രാജ്യത്ത് ഏകാധിപത്യമാണ് നടക്കുന്നതെന്ന് ഉദ്ധവ് താക്കറെ വിമര്‍ശിച്ചു. ബിജെപിക്ക് ഒപ്പമുള്ള പാര്‍ട്ടികള്‍ക്കെതിരെ അന്വേഷണമില്ല. ബിജെപി അഴിമതിയില്‍ മുങ്ങിയ പാര്‍ട്ടിയാണ്. രാജ്യം കെജ്‌രിവാളിന് ഒപ്പമാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ബിജെപി പ്രതിപക്ഷ നേതാക്കള്‍ക്ക് എതിരെ ദുഷ്പ്രചരണം നടത്തുന്നുവെന്ന് മെഹബൂബ മുഫ്തി കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാക്കള്‍ അഴിമതിക്കാരാണെന്ന് പ്രചരിപ്പിക്കുന്നു. രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നു. പ്രതിപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ തടസപ്പെടുത്താന്‍ ശ്രമിക്കുന്നത് ചരിത്രത്തില്‍ ആദ്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ബിജെപി 200 സീറ്റ് പോലും കടക്കില്ലെന്നാണ് 400 സീറ്റ് അവകാശ വാദത്തിന് എതിരായി മമത ബാനര്‍ജി റാലിയില്‍ പറഞ്ഞത്. ജനാധിപത്യത്തെ രക്ഷിക്കാന്‍ ബിജെപിയെ പുറത്താക്കണമെന്ന് സിപിഐ നേതാവ് ഡി രാജ പ്രതികരിച്ചു. ഭരണഘടനയെ തകര്‍ക്കാനാണ് ശ്രമമെന്നും അദ്ദേഹം വിമര്‍ശിച്ചു. രാജ്യത്തെ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ചരിത്രപരമായ പോരാട്ടമാണ് നടക്കുന്നതെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു.

മോദിക്ക് കര്‍ഷകരെ കാണാന്‍ സമയമില്ല, പ്രിയങ്ക ചോപ്രയെ കാണാന്‍ സമയമുണ്ടെന്നാണ് തേജസ്വി യാദവ് വിമര്‍ശിച്ചത്. ജനങ്ങള്‍ക്ക് വേണ്ടിയാണ് തങ്ങളുടെ പോരാട്ടം. ജനതയാണ് മുതലാളി. എത്ര പേര്‍ക്ക് മോദി തൊഴില്‍ നല്‍കി. മോദി ആര്‍ക്കും തൊഴില്‍ നല്‍കിയിട്ടില്ല. അന്വേഷണ ഏജന്‍സികളെ ബിജെപി ദുപയോഗം ചെയ്യുന്നു. മോദിയുടെ ഗാരണ്ടി ചൈനീസ് ഉല്‍പ്പന്നം പോലെയാണെന്നും തേജസ്വി യാദവ് പരിഹസിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com