മാലിദ്വീപിലെ ഇന്ത്യൻ സൈനികർക്ക് പകരം സാങ്കേതിക ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് ഇന്ത്യ

ന്യൂഡൽഹി നൽകിയ രണ്ട് എഎൽഎച്ച് ഹെലികോപ്റ്ററുകളും ഒരു ഡോർണിയർ വിമാനവും പ്രവർത്തിപ്പിക്കുന്നതിന് നിലവിൽ മാലിദ്വീപിലുള്ള സൈനികർക്ക് പകരം നിരവധി സാധ്യതകള്‍ ഇന്ത്യ പരിഗണിക്കുന്നുണ്ട്.
മാലിദ്വീപിലെ ഇന്ത്യൻ സൈനികർക്ക് പകരം  സാങ്കേതിക ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് ഇന്ത്യ

ന്യൂഡൽഹി: 75ലധികം പേരടങ്ങുന്ന ഇന്ത്യൻ സൈന്യത്തോട് രാജ്യം വിടാൻ ആവശ്യപ്പെട്ടതിന് പിന്നാലെ മാലിദ്വീപിലെ രണ്ട് ഹെലികോപ്റ്ററുകൾ പ്രവർത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമായി സൈനികർക്ക് പകരം ഇന്ത്യൻ സാങ്കേതിക ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ഉന്നതതല കോർ ഗ്രൂപ്പിൻ്റെ മൂന്നാമത്തെ യോഗം പിന്നീട് നടക്കുമെന്നും ജയ്‌സ്വാൾ പറഞ്ഞു.

ന്യൂഡൽഹി നൽകിയ രണ്ട് എഎൽഎച്ച് ഹെലികോപ്റ്ററുകളും ഒരു ഡോർണിയർ വിമാനവും പ്രവർത്തിപ്പിക്കുന്നതിന് നിലവിൽ മാലിദ്വീപിലുള്ള സൈനികർക്ക് പകരം നിരവധി ഓപ്ഷനുകൾ ഇന്ത്യൻ പക്ഷം പരിഗണിക്കുന്നുണ്ട്. സൈനിക ഉദ്യോഗസ്ഥരെ മാറ്റി രണ്ട് പ്ലാറ്റ്‌ഫോമുകളിൽ പരിചയമുള്ള സിവിലിയൻ ഓപ്പറേറ്റർമാരെ നിയമിക്കുക എന്നതാണ് പ്രധാന ആലോചന. വിമാനം പറത്തുന്നതിനും പരിപാലിക്കുന്നതിനും പരിചയമുള്ള മൂന്ന് സർവീസുകളിൽ നിന്നുള്ള വിരമിച്ച ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെ പരിഗണിക്കാനാണ് ആലോചിക്കുന്നത്.

ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന മാലിദ്വീപിന്റെ ആവശ്യത്തിൽ ഇരുരാജ്യങ്ങളും തമ്മിലുളള രണ്ടാം ഘട്ട ചർ‌ച്ച നടത്തിയിരുന്നു. മാർ‌ച്ച് 15നകം ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഇരുരാഷ്ട്രങ്ങളിലെയും ഉന്നതതല കോർ ​ഗ്രൂപ്പ് ജനുവരി 14 ന് ആദ്യ യോ​ഗം നടത്തിയത്.

സൈന്യത്തെ പിൻവലിക്കാൻ ഇരുരാജ്യങ്ങളും സമ്മതിച്ചതായി മാലിദ്വീപ് വിദേശകാര്യ മന്ത്രാലയം അറിയിച്ചുവെന്ന റിപ്പോർട്ടുകളുമുണ്ടായിരുന്നു. 88 പേരടങ്ങുന്ന ഇന്ത്യൻ സൈന്യം മാലിദ്വീപിലുണ്ട്. ഇവരോട് രാജ്യം വിടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്ത് വിദേശ സൈന്യമില്ലെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാ​ഗമായാണ് തീരുമാനമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. മുയിസു പ്രസിഡന്റ് പദത്തിലേറിയതിന് പിന്നാലെ തന്നെ തന്റെ ഇന്ത്യ വിരുദ്ധ നിലപാട് വ്യക്തമാക്കുകയും ചൈനയോടടുക്കാനുള്ള താത്പര്യം പ്രകടമാക്കുകയും ചെയ്തിട്ടുള്ളതാണ്. ഇന്ത്യൻ സൈന്യത്തെ രാജ്യത്തുനിന്ന് പിൻവലിക്കുമെന്നതായിരുന്നു മുയിസു തിര‍ഞ്ഞെടുപ്പിൽ മുന്നോട്ട് വച്ച വാ​ഗ്ദാനം.

മാലദ്വീപ് തിരഞ്ഞെടുപ്പിൽ ഇന്ത്യാ വിരുദ്ധ വികാരങ്ങൾ പ്രചാരണായുധമാക്കിയിരുന്നുവെന്ന് കഴിഞ്ഞയിടെ യൂറോപ്യന്‍ ഇലക്ഷന്‍ ഒബ്സര്‍വേഷന്‍ മിഷന്‍ പുറത്തുവിട്ട റിപ്പോ‍ർ‌ട്ട് വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ സ്വാധീനത്തെക്കുറിച്ചുള്ള ഭയവും രാജ്യത്തിനുള്ളിൽ ഇന്ത്യൻ സൈനികരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള ഉത്കണ്ഠയും ജനങ്ങളില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു 11 ആഴ്ച നീണ്ട നിരീക്ഷണങ്ങളിലൂടെ തയ്യാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com