കെഎസ് അഴഗിരിക്കെതിരെ പടയൊരുക്കം; ടിഎൻസിസി പ്രസിഡന്റ് സ്ഥാനത്തിനായി തമിഴ്നാട് കോൺഗ്രസിൽ ചരടുവലി

ഇളങ്കോവൻ കഴിഞ്ഞദിവസം അഴഗിരിയെ പരസ്യമായി വിമർശിച്ചിരുന്നു

dot image

ചെന്നൈ: തമിഴ്നാട് കോൺഗ്രസിൽ തർക്കം രൂക്ഷം. ടിഎൻസിസി പ്രസിഡന്റ് കെഎസ് അഴഗിരിക്കെതിരെ പടയൊരുക്കത്തിനുള്ള തയാറെടുപ്പിലാണ് കോൺഗ്രസ്. പ്രസിഡന്റ് സ്ഥാനത്ത് അഞ്ചുവർഷത്തോളമായി തുടരുന്ന അഴഗിരിയെ മാറ്റി പുതിയ ആളെ നിയമിക്കണമെന്നാണ് നേതാക്കളുടെ ആവശ്യം. മുൻ കേന്ദ്രമന്ത്രി പി ചിദംബരം, മുൻ ടിഎൻസിസി പ്രസിഡന്റ് ഇവികെഎസ് ഇളങ്കോവൻ, തങ്കബാലു, തിരുനാവക്കരശർ എന്നിവരുടെ നേതൃത്വത്തിലാണ് അഴഗിരിയെ നീക്കാൻ ചരടുവലി നടക്കുന്നത്. ഇളങ്കോവൻ കഴിഞ്ഞദിവസം അഴഗിരിയെ പരസ്യമായി വിമർശിച്ചിരുന്നു.

മുതിർന്നനേതാക്കളെ അവഗണിക്കുന്നുവെന്നാണ് അഴഗിരിക്കെതിരായ പ്രധാന പരാതി. പാർട്ടിയുടെ പ്രവർത്തനങ്ങൾ സജീവമാക്കാൻ അഴഗിരിക്ക് കഴിയുന്നില്ലെന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇതേനിലയിൽ മുന്നോട്ടുപോയാൽ പരാജയം നേരിടേണ്ടിവരുമെന്നുമാണ് ഇളങ്കോവനടക്കമുള്ള നേതാക്കൾ അഭിപ്രായപ്പെടുന്നത്. ഹൈക്കമാൻഡിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ചെറുപ്പക്കാരിൽ നിന്ന് ഒരാളെ ടിഎൻസിസി പ്രസിഡന്റാക്കണമെന്ന ആവശ്യം ശക്തമാണ്. ശിവഗംഗ എംപിയും ചിദംബരത്തിന്റെ മകനുമായ കാർത്തി ചിദംബരം, കരൂർ എംപി ജ്യോതിമണി, കൃഷ്ണഗിരി എംപിയും മലയാളിയുമായ ചെല്ലകുമാർ, ഐഎഎസ് വിട്ടുവന്ന ശശികാന്ത് സെന്തിൽ എന്നിവരുടെ പേരുകളാണ് ഇപ്പോൾ ഉയർന്നുകേൾക്കുന്നത്.

ശശികാന്ത് സെന്തിലിനെ പ്രസിഡന്റാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ശശികാന്ത് ചെറുപ്പമായതിനാൽ പാർട്ടിക്കിത് പുത്തൻ ഉണർവാകുമെന്നും പ്രതീക്ഷിക്കുന്നു. ദളിത് നേതാവായ ശെൽവപെരുന്തകയെ സംസ്ഥാന അധ്യക്ഷനാക്കാൻ ദേശീയ നേതൃത്വത്തിന് താത്പര്യമുണ്ടായിരുന്നു. എന്നാൽ എതിർപ്പ് ശക്തമായതോടെ തീരുമാനം മാറ്റുകയായിരുന്നു. അതേസമയം, തന്നെ പദവിക്കായി കാർത്തി ചിദംബരം കരുക്കൾനീക്കുന്നുണ്ട്. ടിഎൻസിസി പ്രസിഡന്റ് സ്ഥാനമാണ് തന്റെ ലക്ഷ്യമെന്ന് കാർത്തി കഴിഞ്ഞദിവസം പരസ്യമായി പറഞ്ഞിരുന്നു.

dot image
To advertise here,contact us
dot image