കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ ഡി

അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിന്റെയും യംഗ് ഇന്ത്യൻ്റെയും 751 കോടി രൂപയുടെ സ്വത്തുക്കളാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്
കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ ഡി

ന്യൂഡഹി: കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് ഇഡി നടപടി. അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിന്റെയും യംഗ് ഇന്ത്യയുടെയും 751 കോടി രൂപയുടെ സ്വത്തുക്കളാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്.

അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിന്റെ ഡല്‍ഹി, മുംബൈ, ലഖ്നൗ എന്നിവിടങ്ങളിലെ 661 കോടി രൂപ വിലമതിക്കുന്ന സ്ഥാവര സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. യംഗ് ഇന്ത്യൻ്റെ ഇക്വിറ്റി ഷെയറുകളുടെ രൂപത്തിലുള്ള കള്ളപ്പണ നിക്ഷേപമാണ് കണ്ടുകെട്ടിയത്.

സ്വകാര്യ പരാതിയിന്മേൽ ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി 2014 ജൂണ്‍ 26ലെ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നാഷണല്‍ ഹെറാള്‍ഡിനെതിരെ ഇ ഡി കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണം ആരംഭിച്ചത്.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 406ലെ വിശ്വാസ ലംഘനം, 420-ാം വകുപ്പിലെ വഞ്ചന, ഐപിസി 403 പ്രകാരമുള്ള സത്യസന്ധമല്ലാത്ത സ്വത്തിന്റെ ദുരുപയോഗം, ഐപിസി 120ബി പ്രകാരമുള്ള ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ യംഗ് ഇന്ത്യൻ ഉള്‍പ്പെടെ ഏഴ് പ്രതികള്‍ ചെയ്തതായാണ് ഇഡിയുടെ പ്രസ്താവനയില്‍ പറയുന്നത്. യംഗ് ഇന്ത്യന്‍ എന്ന സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ വഴി നൂറുകണക്കിന് കോടികളുടെ എജെഎല്ലിന്റെ സ്വത്തുക്കള്‍ സമ്പാദിക്കാന്‍ പ്രതികള്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് കോടതി കൂട്ടിച്ചേര്‍ത്തതായും ഇഡി വ്യക്തമാക്കി.

'അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ് ഒരു അസാധാരണ പൊതുയോഗം നടത്തുകയും 90.21 കോടി രൂപയുടെ പുതിയ ഓഹരികള്‍ യംഗ് ഇന്ത്യനിലേക്ക് നല്‍കുകയും ഓഹരി മൂലധനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിനുള്ള പ്രമേയം പാസാക്കി. ഈ പുതിയ ഷെയറുകള്‍ അനുവദിച്ചതോടെ, ആയിരത്തിലധികം ഷെയര്‍ഹോള്‍ഡര്‍മാരുടെ ഷെയര്‍ഹോള്‍ഡിംഗ് കേവലം 1% ആയി ചുരുങ്ങി, അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ് യംഗ് ഇന്ത്യൻ്റെ അനുബന്ധ കമ്പനിയായി. അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിന്റെ സ്വത്തുക്കളുടെ നിയന്ത്രണവും .യംഗ് ഇന്ത്യൻ ഏറ്റെടുത്തു' എന്നാണ് ഇഡി പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com