മുതിർന്ന സിപിഐഎം നേതാവ് എന് ശങ്കരയ്യ അന്തരിച്ചു

1964 ല് അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ നാഷ്ണല് കൗണ്സിലില് നിന്ന് ഇറങ്ങി വന്ന് സിപിഐഎം രൂപീകരിച്ച 32 നേതാക്കളിൽ ഒരാളാണ് ശങ്കരയ്യ

dot image

ചെന്നൈ: മുതിർന്ന സിപിഐഎം നേതാവ് എന് ശങ്കരയ്യ അന്തരിച്ചു. സിപിഐഎമ്മിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. 102 വയസ്സായിരുന്നു. പനിയും ശ്വാസതടസവും മൂലം തിങ്കളാഴ്ച മുതല് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1964 ല് അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ നാഷ്ണല് കൗണ്സിലില് നിന്ന് ഇറങ്ങി വന്ന് സിപിഐഎം രൂപീകരിച്ച 32 നേതാക്കളിൽ ഒരാളാണ് ശങ്കരയ്യ. 1964ൽ സിപിഐ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോന്ന 32 നേതാക്കളിൽ വി എസ് അച്യുതാനന്ദനും എൻ ശങ്കരയ്യയും മാത്രമായിരുന്നു നിലവിൽ ജീവിച്ചിരുന്ന നേതാക്കൾ.

1941ല് മധുര അമേരിക്കന് കോളജിൽ പഠിക്കുമ്പോൾ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തന രംഗത്ത് സജീവമായി. അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് എ കെ ഗോപാലൻ മധുരയിൽ ഒളിവിലായിരുന്നപ്പോൾ അണ്ണാമലൈ സർവകലാശാലയിലെ വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിഷേധം സംഘടിപ്പിക്കാൻ അമേരിക്കൻ കോളജിലെ വിദ്യാർഥിയായിരുന്ന എൻ ശങ്കരയ്യക്ക് സന്ദേശം അയച്ചു. മധുരൈ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗത്തിൽ ശങ്കരയ്യ ഇംഗ്ളീഷിൽ ഒരു ലഘുലേഖ എഴുതി. 'തല തകർന്നു. എല്ലുകൾ പൊടിച്ചിരിക്കുന്നു. അണ്ണാമലൈ സർവകലാശാലയിൽ രക്തം ഒഴുകുന്നു' എന്ന ആ ലഘുലേഖയിലെ വരികൾ അണ്ണാമലൈ സർവ്വകലാശാലയിലെ സമരതീക്ഷണതയെ പ്രതിഫലിപ്പിച്ചിരുന്നു.

പിന്നീട് എൻ ശങ്കരയ്യ സ്വാതന്ത്ര്യ സമരപോരാട്ടങ്ങളുടെ ഭാഗമായി. കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകനായി മാറിയ ശങ്കരയ്യയുടേത് ത്യാഗോജ്ജ്വലമായ സമരജീവിതമായിരുന്നു. സമര പോരാട്ടങ്ങളിൽ പങ്കെടുത്തതിന് ബ്രിട്ടീഷ് സൈന്യം അദ്ദേഹത്തെ ജയിലിലടച്ചു. 8 വർഷത്തിന് ശേഷം സ്വാതന്ത്ര്യ തലേന്നാണ് ശങ്കരയ്യ ജയിൽ മോചിതനായത്. 1962ൽ ഇന്ത്യാ-ചൈന യുദ്ധകാലത്തും ശങ്കരയ്യ ജയിലിൽ അടയ്ക്കപ്പെട്ടിരുന്നു.

തമിഴ്നാട്ടിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ അടിത്തറ പാകിയ നിരവധിയായ കർഷക പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ നേതാവാണ് ശങ്കരയ്യ. സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം, അഖിലേന്ത്യാ കിസാൻ സഭയുടെ ജനറൽ സെക്രട്ടറി, പ്രസിഡൻ്റ്, സിപിഐഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി, എന്നീ നിലകളിൽ പ്രവർത്തിച്ചു. 1967 മധുര വെസ്റ്റ് മണ്ഡലത്തിൽ നിന്നും 1977, 1980 വർഷങ്ങളിൽ മധുര ഈസ്റ്റ് മണ്ഡലത്തിൽ നിന്നും തമിഴ്നാട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പ്രായാധിക്യത്തെത്തുടർന്ന് കുറച്ചുവർഷങ്ങളായി സജീവരാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us