ഇറാന്റെ 'കിരീടത്തിലെ രത്‌നം'ലക്ഷ്യമിട്ട് US; ഖാർഗ് ദ്വീപ് ആക്രമിച്ചെന്ന് ട്രംപ്;മൊജ്തബയെ പിടിക്കാൻ പാരിതോഷികം

മൊജ്തബയെ കുറിച്ച് വിവരം നൽകുന്നവർക്ക് അമേരിക്ക പാരിതോഷികം പ്രഖ്യാപിച്ചു

ഇറാന്റെ 'കിരീടത്തിലെ രത്‌നം'ലക്ഷ്യമിട്ട് US; ഖാർഗ് ദ്വീപ് ആക്രമിച്ചെന്ന് ട്രംപ്;മൊജ്തബയെ പിടിക്കാൻ പാരിതോഷികം
dot image

ടെഹ്‌റാൻ: ഇറാനിലെ ഖാർഗ് ദ്വീപിൽ ബോംബിട്ടെന്ന അവകാശവാദവുമായി യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ദ്വീപിലെ സൈനിക കേന്ദ്രം തകർത്തെന്നും ട്രംപ് പറഞ്ഞു. 'യുഎസ് സെൻട്രൽ കമാൻഡ് പശ്ചിമേഷ്യയിൽ ചരിത്രത്തിലെ ഏറ്റവും ശക്തമായ ബോംബിംഗ് ആക്രമണങ്ങളിലൊന്ന് നടത്തിയിരിക്കുന്നു, ഇറാന്റെ കിരീടത്തിലെ രത്‌നമായ ഖാർഗ് ദ്വീപിലെ എല്ലാ സൈനിക കേന്ദ്രങ്ങളെയും പൂർണ്ണമായും ഇല്ലാതാക്കി' എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്.

ഇറാന്റെ എണ്ണക്കയറ്റുമതിയിലെ നിർണായക ഭാഗമാണ് ഖാർഗ് എന്ന ചെറുദ്വീപ്. പേർഷ്യൻ ഗൾഫ് കടലിൽ ഇറാൻ തീരത്തുനിന്ന് 25 കിലോമീറ്ററിലധികം ദൂരത്തിൽ സ്ഥിതിചെയ്യുന്ന ഈ ദ്വീപ് കേന്ദ്രീകരിച്ചാണ് ഇറാന്റെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത്. ഒരു ദിവസം 70 ലക്ഷം ബാരലുകൾ ലോഡ് ചെയ്യാൻ ശേഷി ഈ ദ്വീപിലെ സംവിധാനങ്ങൾക്കുണ്ട്. അവിടെനിന്നാണ് ഓയിൽ ബാരലുകൾ കപ്പലിൽ ഹോർമുസ് കടലിടുക്കിലേക്ക് പോകുക. 20 ചതുരശ്ര കിലോമീറ്റർ മാത്രമാണ് ദ്വീപിന്റെ വിസ്തീർണം. എട്ടായിരത്തോളം ജനങ്ങളാണ് ആകെയുള്ളത്. ബുഷെർ പ്രവിശ്യയുടെ ഭാഗമാണ് ഇവിടം.

ഇറാന്റെ സാമ്പത്തിക നിലയെ തകർക്കും വിധത്തിലുള്ള നീക്കമാണ് ഖാർഗ് ദ്വീപിനെ ലക്ഷ്യം വെക്കുന്നതിലൂടെ യുഎസ് മുന്നോട്ടുവെക്കുന്നത്. എന്നാൽ എണ്ണ ഉൽപാദന കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചിട്ടില്ലെന്നാണ് ട്രംപ് പറയുന്നത്. ഹോർമുസ് കടലിടുക്കിലെ ചരക്ക് നീക്കം തടസപ്പെടുത്തിയാൽ ഖാർഗിലെ എണ്ണ ഉൽപാദന കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

അതേസമയം ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനയിയെ ഇല്ലാതാക്കാനുള്ള നീക്കം തുടരുകയാണ് യുഎസ്. മൊജ്തബയെ കുറിച്ച് വിവരം നൽകുന്നവർക്ക് അമേരിക്ക പാരിതോഷികം പ്രഖ്യാപിച്ചിരിക്കയാണ്. ഇറാൻ നേതാക്കളെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 മില്യൻ ഡോളർ (ഏകദേശം ഇന്ത്യൻ രൂപ 92 കോടിയിലേറെ) ആണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇറാനിൽ യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ മൊജ്തബ അലി ഖമനയിക്ക് ഗുരുതരമായി പരിക്കേറ്റെന്ന അവകാശവാദവുമായി അമേരിക്ക കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.ആയത്തുള്ള അലി ഖമനയി വധിക്കപ്പെട്ട ആക്രമണത്തിലാണ് മൊജ്തബയ്ക്കും പരിക്കേറ്റത് എന്നാണ് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ അവകാശവാദം. ആക്രമണത്തിൽ മൊജ്തബയുടെ കാലുകൾ നഷ്ടപ്പെട്ടുവെന്നും, വയറിനോ കരളിനോ ഗുരുതരമായി പരിക്കേറ്റു എന്നുമാണ് ഹെഗ്‌സെത്ത് പറയുന്നത്. അതേസമയം ഖത്തറിലും സൗദിയിലും ഇറാൻ നടത്തിയ ആക്രമണം വിജയകരമായി പതിരോധിച്ചു. ഇസ്രയേലിലും ഇറാന്റെ തിരിച്ചടി ആക്രമണം തുടരുകയാണ്.

Content Highlights: american president donald trump says us forces destroyed military targets on iran's kharg lsland that handles oil exports

dot image
To advertise here,contact us
dot image