
ന്യൂഡൽഹി: ദീപാവലി ദിനത്തിൽ ജയിലിലായ എഎപി നേതാക്കളുടെ കുടുംബത്തെ സന്ദർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ് എന്നിവരുടെ വീടുകളിലാണ് കെജ്രിവാള് സന്ദർശിച്ചത്. സത്യത്തിന് വേണ്ടിയുളള പോരാട്ടത്തിൽ ഞങ്ങളുടെ എല്ലാ കുടുംബവും ഒരുമിക്കുമെന്ന് അരവിന്ദ് കെജ്രിവാള് എക്സിൽ കുറിച്ചു. കുടുംബത്തോടൊപ്പം ഇരിക്കുന്ന ഫോട്ടോ പങ്കുവച്ചുകൊണ്ടായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ കുറിപ്പ്.
'ദീപാവലിയോട് അനുബന്ധിച്ച് മനീഷ് സിസോദിയയുടേയും സഞ്ജയ് സിങിന്റേയും വീടുകളിൽ സന്ദർശനം നടത്തി. അവരുമൊത്ത് ഈ ആഘോഷത്തിന്റെ സന്തോഷം പങ്കുവച്ചു. എത്ര പ്രയാസകരമായ സമയമാണെങ്കിലും എല്ലാ കുടുംബവും ഒരുമിക്കും. ഞങ്ങൾ സത്യത്തിന് വേണ്ടി പോരാടും. അവസാനം സത്യം മാത്രമെ വിജയിക്കൂ,' കെജ്രിവാള് പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രിയും എഎപി നേതാവുമായ അതിഷി മർലേനയുടെ വീട്ടിലും അരവിന്ദ് കെജ്രിവാള് സന്ദർശനം നടത്തി. ഡൽഹി മദ്യനയ കേസിലാണ് മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയേയും എഎപിയുടെ മുൻ വക്താവുമായ സഞ്ജയ് സിങിനേയും അറസ്റ്റ് ചെയ്തത്. ഒക്ടോബർ നാലിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് സഞ്ജയ് സിങിനെ അറസ്റ്റ് ചെയ്തത്. റെയ്ഡിന് പിന്നാലെയായിരുന്നു അറസ്റ്റ്. സിബിഐയും ഇ ഡിയും അറസ്റ്റ് ചെയ്തതിനെ തുടർന്ന് ഫെബ്രുവരി മുതൽ ജയിലിലാണ് സിസോദിയ.
മദ്യനയം രൂപീകരിച്ചതിലൂടെ ആം ആദ്മി പാര്ട്ടിയും മനീഷ് സിസോദിയ ഉള്പ്പടെയുള്ളവരും സാമ്പത്തിക നേട്ടമുണ്ടാക്കി എന്നാണ് അന്വേഷണ ഏജന്സികളുടെ വാദം.