തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ കർണാടകയിൽ വിദ്വേഷ പരാമർശങ്ങൾ കുറഞ്ഞെന്ന് കണക്ക്

'വിദ്വേഷവാദികൾ' തങ്ങളുടെ 'താത്കാലിക മാളങ്ങളിലേക്ക്' പിൻവാങ്ങിയതാണ് ഇതിന് കാരണമെന്ന് കോൺഗ്രസ് നേതാവ് ബികെ ഹരിപ്രസാദ്.
തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ കർണാടകയിൽ വിദ്വേഷ പരാമർശങ്ങൾ കുറഞ്ഞെന്ന് കണക്ക്

ബെംഗളുരു: 2023 മെയിൽ തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ ക‍ർണാടകയിൽ വിദ്വേഷ പ്രസം​ഗങ്ങളുടെയും സാമുദായിക സ്പ‍ർദ്ധ വളർത്തുന്ന പോസ്റ്റുകളുടെയും എണ്ണത്തിൽ കുറവ് വന്നതായി വിദ്വേഷ പ്രസം​ഗം നിരീക്ഷിക്കുന്ന സംഘടനകൾ. 'വിദ്വേഷവാദികൾ' തങ്ങളുടെ 'താത്കാലിക മാളങ്ങളിലേക്ക്' പിൻവാങ്ങിയതാണ് ഇതിന് കാരണമെന്ന് കോൺഗ്രസ് നേതാവ് ബികെ ഹരിപ്രസാദ് പറഞ്ഞു.

ഇപ്പോൾ തിരഞ്ഞെടുപ്പില്ലല്ലോ പിന്നെ എന്തിന് അവ‍ർ വിദ്വേഷ പ്രസം​ഗം നടത്തണമെന്ന് പൊളിറ്റിക്കൽ സയൻസ് പ്രൊഫസറായിരുന്ന പി എസ് ജയറാമു പരിഹസിച്ചു. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് വിദ്വേഷം പ്രകടിപ്പിക്കുന്നത്. വോട്ടര്‍മാര്‍ വിദ്വേഷ പ്രസം​ഗങ്ങളെ തള്ളിക്കളഞ്ഞുവെന്നാണ് ക‍ർണാടകയിലെ തിരഞ്ഞെടുപ്പ് സൂചിപ്പിക്കുന്നതെന്ന് നിസംശയം പറയാമെന്നും അദ്ദേഹം പറഞ്ഞു.

ഇതാണ് കർണാടകയ്ക്ക് നല്ലതെന്ന് മന്ത്രി പ്രിയങ്ക ഖർ​ഗെ പറഞ്ഞു. ഭരണഘടനയെ പിന്തുടരുന്ന ഭരണകൂടത്തിലേക്ക് കർണാടക മാറിയത് വിദ്വേഷ പരാമ‍ർശങ്ങൾ കുറയുന്നതിന് ആക്കം കൂട്ടിയെന്നും മന്ത്രി പറഞ്ഞു.

നിയമത്തെ വെല്ലുവിളിക്കാൻ കർണാടക സ‍ർക്കാർ ആരെയും അനുവദിക്കില്ലെന്ന് ഹരിപ്രസാദ് പറഞ്ഞു. സമാധാനത്തിന്റെ പൂങ്കാവനമാണ് നിലവിലെ ഭരണപക്ഷം ജനങ്ങൾക്ക് വാ​ഗ്ദാനം ചെയ്തത്. ബുദ്ധന്റെയും ബസവയുടെയും അംബേ​ദ്കറുടെയും മണ്ണിലാണ് ഞങ്ങൾ. അക്രമികളെ നേരിടാൻ മടിക്കില്ല.

മുൻ സർക്കാർ തങ്ങളുടെ അനുയായികളെ വിദ്വേഷ പ്രസംഗം നടത്താൻ അനുവദിച്ചിരുന്നു, എന്നാൽ കോൺഗ്രസ് സർക്കാർ രാജ്യത്തെ നിയമം നടപ്പിലാക്കുകയാണെന്ന് മന്ത്രിയും കെപിസിസി വർക്കിംഗ് പ്രസിഡന്റുമായ ഈശ്വർ ഖണ്ഡ്രെ പറഞ്ഞു. വിദ്വേഷ പ്രസംഗം കുറഞ്ഞുവെന്ന് എല്ലാവരും സമ്മതിച്ചപ്പോൾ, തിരഞ്ഞെടുപ്പിനായി തുടക്കത്തിൽ ആരംഭിച്ച വിദ്വേഷ പ്രസംഗം പ്രാദേശികമായി മാറിയിരിക്കുന്നുവെന്ന് വിദ്വേഷ പ്രസംഗത്തിനെതിരെ കാമ്പെയ്‌ൻ നടത്തുന്ന വിനയ് ശ്രീനിവാസ പറഞ്ഞു. വലിയതോതിലുള്ള വിദ്വേഷ പ്രസം​ഗങ്ങൾ കുറഞ്ഞിട്ടുണ്ടാകാം, എന്നാൽ സമൂഹമാധ്യമങ്ങളിലെ വിദ്വേഷ പോസ്റ്റുകളിൽ കുറവുവന്നിട്ടില്ലെന്ന് ഇന്ത്യ - പാക് ക്രിക്കറ്റ് മത്സര സമയത്തെ വിദ്വേഷ പരാമ‍ർശങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com