മഹാരാഷ്ട്രയില് വീണ്ടും കൂട്ടമരണം; ഗാട്ടി ആശുപത്രിയില് 24 മണിക്കൂറിനിടെ പത്ത് പേര് മരിച്ചു

മഹാരാഷ്ട്രയില് രണ്ട് മാസത്തിനിടെ മൂന്നാമത്തെ കൂട്ടമരണമാണിത്.

dot image

മുംബൈ: മഹാരാഷ്ട്രയില് ആശുപത്രിയില് വീണ്ടും കൂട്ടമരണം. സംബാജിനഗറിലെ ഗാട്ടി ആശുപത്രിയില് 24 മണിക്കൂറിനിടെ പത്ത് പേര് മരിച്ചു. നേരത്തെ നന്ദേഡിലെ സര്ക്കാര് ആശുപത്രിയില് 48മണിക്കൂറിനിടെ 31 രോഗികള് മരിച്ചതിന് പിന്നാലെയാണ് മറ്റൊരു ആശുപത്രിയിലും കൂട്ടമരണം നടന്നിരിക്കുന്നത്. മഹാരാഷ്ട്രയില് രണ്ട് മാസത്തിനിടെ മൂന്നാമത്തെ കൂട്ടമരണമാണിത്. ഗാട്ടി ആശുപത്രിയില് മരിച്ചവരില് രണ്ട് പേര് കുട്ടികളാണ്. ആശുപത്രിയില് ആവശ്യത്തിന് മരുന്നുകള് ഇല്ലാത്തതാണ് മരണങ്ങള്ക്ക് കാരണമെന്നാണ് പുറത്തുവരുന്ന വിവരം.

കഴിഞ്ഞ ദിവസം നന്ദേഡിലെ കൂട്ടമരണത്തില് മരിച്ചവരില് 12 നവജാതശിശുക്കള് ഉണ്ടായിരുന്നു. 70 നും 80 നും ഇടയില് പ്രായമുള്ള 8 രോഗികളും ഉണ്ടായിരുന്നു. മരിച്ച രോഗികള്ക്ക് പ്രമേഹം, കരള് തകരാര്, വൃക്ക തകരാര്, വിഷബാധ തുടങ്ങിയ വിവിധ രോഗങ്ങളുണ്ടായിരുന്നുവെന്നാണ് ആശുപത്രി അധികൃതര് നല്കിയ വിശദീകരണം.

സംഭവങ്ങളില് പ്രതിപക്ഷ പാര്ട്ടി നേതാക്കള് മഹാരാഷ്ട്ര സര്ക്കാരിനെതിരെ വിമര്ശനവുമായി രംഗത്തുവന്നു. 2023 ഓഗസ്റ്റില് താനെയിലെ ഒരു സര്ക്കാര് ആശുപത്രിയില് നടന്ന സമാനസംഭവം ചൂണ്ടിക്കാട്ടിയായിരുന്നു കോണ്ഗ്രസ് അധ്യക്ഷന് ഖര്ഗെയുടെ വിമര്ശനം. അന്ന് 24 മണിക്കൂറിനുള്ളില് 18 രോഗികളുടെ ജീവനാണ് നഷ്ടമായത്.

ഒരു സര്ക്കാരിന് എങ്ങനെയാണ് ഇത്രയും അലംഭാവം സംഭവിക്കുന്നത് എന്നാണ് ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ചോദിച്ചത്. എംഎല്എമാരെ വാങ്ങി വിറ്റ് സര്ക്കാര് രൂപീകരിക്കാനും താഴെയിറക്കാനും ഇക്കൂട്ടര് തിരക്കിലാണ്, പക്ഷേ അവര് ജനങ്ങളുടെ ജീവന് വില നല്കുന്നില്ലേ എന്നും കെജ്രിവാള് ചോദിച്ചു. സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുവന്നപ്പോള് നന്ദേഡിലെ കൂട്ടമരണത്തില് സര്ക്കാര് മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട് .

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image