
ഇംഫാല്: മണിപ്പൂരില് രണ്ട് വിദ്യാര്ത്ഥികളെ ദാരുണമായി കൊലപ്പെടുത്തിയ കേസില് ആറ് പേരെ സിബിഐ അറസ്റ്റ് ചെയ്തു. രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. രണ്ട് മെയ്തെയ് വിദ്യാര്ത്ഥികളുടെ കൊലപാതകത്തിലാണ് നടപടി.
നാല് പേര് അസമിലേക്ക് കടന്നു കളഞ്ഞതായും സൂചനയുണ്ട്. ഇവരെ പിടികൂടാനുള്ള ശ്രമം തുടരുമെന്ന് സിബിഐ അറിയിച്ചു. കൊല്ലപ്പെട്ട വിദ്യാര്ത്ഥികളുടെ ഫോട്ടോ കഴിഞ്ഞ ദിവസങ്ങളില് സാമൂഹ്യമാധ്യമങ്ങളില് പ്രചരിച്ചിരുന്നു.
പിടിയിലായവരില് രണ്ട് പേര് പ്രായപൂര്ത്തിയാകാത്തവരാണ്. ഇംഫാലിലെ ചുരാചന്ദ്പൂരില് നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നിയമത്തിന്റെ കൈയില് നിന്ന് ആര്ക്കും രക്ഷപ്പെടാനാവില്ലെന്ന് മുഖ്യമന്ത്രി ബിരേന് സിംഗ് പ്രതികരിച്ചു. പ്രതികള്ക്ക് പരമാവധി ശിക്ഷ കൊടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ജൂലൈയിലാണ് മെയ്തെയ് വിഭാഗക്കാരായ രണ്ട് വിദ്യാര്ഥികളെ കാണാതായത്. മണിപ്പൂരില് ഇന്റ്റര്നെറ്റ് പുനസ്ഥാപിച്ചതോടെയാണ് ഇവരെ കൊലപെടുത്തിയെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള് പുറത്തുവന്നത്.
ഇതിനിടെ ഇന്നലെ അറസ്റ്റിലായ മണിപ്പൂര് കലാപത്തിലെ പ്രതി സെയ് മനുല് ഗാംഗ്ടേയെ രണ്ട് ദിവസത്തെ എന്ഐഎ കസ്റ്റഡിയില് വിട്ടു. ദില്ലി പട്യാല ഹൌസ് കോടതിയാണ് പ്രതിയെ കസ്റ്റഡിയില് വിട്ടത്. മ്യാന്മറിലും ബംഗ്ലാദേശിലും പ്രവര്ത്തിക്കുന്ന തീവ്രവാദ സംഘടനകളുടെ ഭാഗമാണ് ഇയാളെന്നാണ് എന്ഐഎ കണ്ടെത്തല്.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക