
ന്യൂയോര്ക്ക്: യുഎന് പൊതുസഭയില് കാനഡയ്ക്ക് പരോക്ഷ മറുപടിയുമായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്. എല്ലാ രാജ്യങ്ങളുടേയും പരമാധികാരത്തെ മാനിക്കുന്നുവെന്നും എന്നാല് രാജ്യങ്ങള് മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില് ഇടപെടരുതെന്നും ജയ്ശങ്കര് പറഞ്ഞു.
ഇന്ത്യ-കാനഡ നയതന്ത്ര തര്ക്കത്തിന് പിന്നില് കനേഡിയന് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ രാഷ്ട്രീയ താത്പര്യമാണെന്ന് പരോക്ഷമായി വിമര്ശിക്കുന്നതായിരുന്നു ഇന്ത്യന് വിദേശകാര്യ മന്ത്രിയുടെ പ്രസംഗം. ഭീകരവാദത്തോടുള്ള നിലപാട് രാഷ്ട്രീയ താത്പര്യമനുസരിച്ചാകരുതെന്ന് എസ് ജയ്ശങ്കര് പറഞ്ഞു.
ഖലിസ്ഥാന് അനുകൂല നേതാവ് ഹര്ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില് ഇന്ത്യക്കെതിരെ തെളിവുണ്ടെന്ന കാനഡയുടെ ആരോപണങ്ങള് നേരിട്ട് പരാമര്ശിക്കാതെയിരുന്നു പ്രസംഗം. അതിര്ത്തിയിലെ കടന്നുകയറ്റം അനുവദിക്കാനാകില്ലെന്ന് പാകിസ്താനും ചൈനയ്ക്കും വിദേശകാര്യമന്ത്രി പരോക്ഷ മറുപടി നല്കി. ചേരിചേരാനയത്തിന്റെ കാലഘട്ടം കഴിഞ്ഞു. ഇന്ത്യ വിശ്വമിത്രമായി. ജി-20 ഉച്ചകോടി വന്വിജയമാണെന്നും എസ് ജയ്ശങ്കര് യു എന് പൊതുസഭയില് വ്യക്തമാക്കി.