'കടവുള്‍ ഇല്ലൈ, കടവുള്‍ ഇല്ലൈ, കടവുള്‍ ഇല്ലവേ ഇല്ലൈ'; പെരിയാർ എന്ന ദ്രാവിഡ രാഷ്ട്രീയം

തമിഴ് ജനതയുടെ സ്വാഭിമാനത്തിന്റെയും ദ്രാവിഡരാഷ്ട്രീയത്തിന്റെയും മുഖമാണ് പെരിയാർ ഇ വി രാമസ്വാമി
'കടവുള്‍ ഇല്ലൈ, കടവുള്‍ ഇല്ലൈ, കടവുള്‍ ഇല്ലവേ ഇല്ലൈ'; പെരിയാർ എന്ന ദ്രാവിഡ രാഷ്ട്രീയം

ദ്രാവിഡ രാഷ്ട്രീയത്തിന്റെ പിതാവ് പെരിയാർ ഇ വി രാമസ്വാമിയുടെ 144 ആം ജന്മവാർഷികമാണ് ഇന്ന്. ജാതീയതയ്ക്കെതിരെ ശക്തമായി പോരാടിയ പെരിയാർ ഇന്നും സ്വത്വ പോരാട്ടങ്ങളുടെ പര്യായമാണ്. ദ്രാവിഡ നാടിനെ രാഷ്ട്രീയമായും സാംസ്കാരികമായും മുന്നേറ്റത്തിലേക്ക് നയിച്ചത് പെരിയാറിന്റെ പോരാട്ടങ്ങളാണ്.

'നമ്മെ ശൂദ്രരായും അധഃസ്ഥിതരായും കാണുകയും മറ്റുചിലരെ ഉന്നതകുലജാതരായ ബ്രാഹ്‌മണരായി പരിഗണിക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥിതിയുണ്ടെങ്കില്‍, ആ വ്യവസ്ഥിതിക്ക് ഉത്തരവാദികളായ ദൈവങ്ങളെ വേരോടെ പിഴുതു കളയുക തന്നെ വേണം'; തമിഴ് ജനതയുടെ സ്വാഭിമാനത്തിന്റെയും ദ്രാവിഡരാഷ്ട്രീയത്തിന്റെയും മുഖമായി മാറിയ ഇ വി രാമസ്വാമി എന്ന പെരിയാറിന്റെ വാക്കുകളാണിത്.

ഉത്തരേന്ത്യന്‍ ബ്രാഹ്‌മണ മേധാവിത്വത്തിനെതിരെ ദ്രാവിഡ ദേശീയതയിലൂന്നിയ സാംസ്‌കാരിക പ്രതിരോധങ്ങള്‍ക്ക് നേതൃത്വം നല്‍കി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വേറിട്ട വഴികള്‍ തെളിച്ച നേതാവായിരുന്നു പെരിയാര്‍. പെരിയാറെന്ന പേര് തമിഴ്നാടിന്റെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ പര്യായമാണ്. ആ ജീവിതകഥ തമിഴ് ദ്രാവിഡ രാഷ്ട്രീയത്തിന്റെ തന്നെ ചരിത്രമാണ്.

1879 സെപ്തംബര്‍ 17 നാണ് ഈറോഡ് വെങ്കടപ്പ രാമസ്വാമിയെന്ന പെരിയാറിന്റെ ജനനം. മതവിശ്വാസിയായാണ് വളര്‍ന്നത്. യുവാവായിരിക്കെ 1904 ല്‍ കാശി വിശ്വനാഥ ക്ഷേത്രത്തിലേക്ക് നടത്തിയ യാത്രയില്‍ കണ്ട കാഴ്ചകള്‍ ഉള്ളില്‍ പോറലുകളേല്‍പിച്ചു. ക്ഷേത്രത്തിലെ സൗജന്യ ഊട്ടുപുരകളില്‍ പ്രവേശനം ലഭിക്കാതിരുന്ന അബ്രാഹ്‌മണര്‍ വിശപ്പടക്കാനായി ഉച്ഛിഷ്ടങ്ങള്‍ കഴിക്കുന്ന കാഴ്ച പെരിയാറിന്റെയുള്ളില്‍ കനലുകള്‍ വിതറി. തിരിച്ചെത്തിയ അദ്ദേഹം മതമുപേക്ഷിച്ചു. നായ്ക്കര്‍ എന്ന ജാതിവാല്‍ മുറിച്ചുമാറ്റി.

ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമ്പോഴും വര്‍ണാശ്രമത്തെ അംഗീകരിക്കുന്ന ഗാന്ധിയന്‍ ആശയങ്ങളോട് ഏറ്റുമുട്ടി. ഒടുവില്‍ കോണ്‍ഗ്രസ് വിട്ടു. സുയമരിയാദൈ ഇയക്കം എന്ന സ്വാഭിമാന മുന്നേറ്റത്തിന് രൂപം നല്‍കി. ദളിതരുടെ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തിലെ വൈക്കത്ത് നടന്ന ഐതിഹാസിക സമരത്തിലും നേതൃപരമായ പങ്ക് വഹിച്ചു. വൈക്കം വീരന്‍ എന്നാണ് അന്ന് പെരിയാര്‍ അറിയപ്പെട്ടത്.

ജാതീയതയ്ക്ക് അതീതമായി എല്ലാവര്‍ക്കും വിദ്യാഭ്യാസം, അന്ധവിശ്വാസങ്ങളില്‍ നിന്ന് മോചനം, സ്ത്രീകള്‍ക്ക് തുല്യാവകാശം, ശൈശവ വിവാഹ നിരോധനം, മിശ്രവിവാഹങ്ങള്‍ക്ക് പ്രോത്സാഹനം എന്നിങ്ങനെ അക്കാലത്ത് ആര്‍ക്കും ചിന്തിക്കാനാവാത്ത മുദ്രാവാക്യങ്ങള്‍ മുന്നോട്ടുവെച്ചു.

1944 ല്‍ പെരിയാര്‍ തുടങ്ങിയ ദ്രാവിഡ കഴകം തമിഴ്‌നാടിന്റെ രാഷ്ട്രീയ ഭാവിയെ തന്നെ തിരുത്തിയെഴുതി. അയ്യരുടെയും അയ്യങ്കാര്‍മാരുടെയും മുതലിയാര്‍മാരുടെയും കൗണ്ടര്‍മാരുടെയും തോട്ടങ്ങളില്‍ അടിമപ്പണിയെടുത്ത് കഴിഞ്ഞിരുന്ന കീഴാള ജനതയ്ക്ക് സ്വന്തം കാലില്‍ നിവര്‍ന്നുനില്‍ക്കാനുള്ള ധൈര്യം നല്‍കിയ നേതാവാണ് പെരിയാര്‍. അങ്ങനെ ദ്രാവിഡ സ്വത്വത്തില്‍ അഭിമാനം കൊള്ളുന്ന ഒരു ജനത ഉയര്‍ന്നുവന്നു.

അനീതിയും പട്ടിണിയും ലോകത്ത് നിലനില്‍ക്കുന്നതിനു കാരണം ദൈവപ്രീതി ഇല്ലാത്തതല്ലെന്നും, ജാതീയതയെയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടതെന്നും നിരന്തരമായി ആവര്‍ത്തിച്ചു. 'കടവുള്‍ ഇല്ലൈ, കടവുള്‍ ഇല്ലൈ, കടവുള്‍ ഇല്ലവേ ഇല്ലൈ' എന്ന് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു. ശാസ്ത്രജ്ഞാനം മാത്രമാണ് മുന്നോട്ടുള്ള ശരിയായ വഴിയെന്ന് തിരിച്ചറിയുകയും പ്രചരിപ്പിക്കുകയും ചെയ്തു.

1973 ഡിസംബര്‍ 24ന്, തന്റെ 94ാം വയസ്സില്‍ മരിക്കുന്നതുവരെ കര്‍മനിരതനായിരുന്നു പെരിയാര്‍. ജാതിയുടെ പേരില്‍ മനുഷ്യര്‍ പീഡിപ്പിക്കപ്പെടുന്ന കാലത്തോളം പെരിയാറിന്റെ സ്മരണ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു സമരം തന്നെയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com