'ജനങ്ങൾ മാറ്റം ആ​ഗ്രഹിക്കുന്നു, പാർട്ടിക്ക് ​ഗുണമാകും'; കോൺ​ഗ്രസ് പ്രവർത്തകസമിതി യോ​ഗം അവസാനിച്ചു

അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പ് സംബന്ധിച്ച കാര്യങ്ങളിൽ ഉറപ്പ് വരുത്തിയാണ് യോഗം അവസാനിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും കോൺ​ഗ്രസിന് അനുകൂലമായി ജനവിധി ഉണ്ടാകുമെന്നാണ് പ്രവർത്തക സമിതിയുടെ ആത്മവിശ്വാസം.
'ജനങ്ങൾ മാറ്റം ആ​ഗ്രഹിക്കുന്നു,  പാർട്ടിക്ക് ​ഗുണമാകും'; കോൺ​ഗ്രസ് പ്രവർത്തകസമിതി യോ​ഗം അവസാനിച്ചു

ഡൽഹി: രണ്ട് ദിവസമായി നടന്ന കോൺ​ഗ്രസ് പ്രവർത്തക സമിതി യോ​ഗം അവസാനിച്ചു. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പ് സംബന്ധിച്ച കാര്യങ്ങളിൽ ഉറപ്പ് വരുത്തിയാണ് യോഗം അവസാനിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും കോൺ​ഗ്രസിന് അനുകൂലമായി ജനവിധി ഉണ്ടാകുമെന്നാണ് പ്രവർത്തക സമിതിയുടെ ആത്മവിശ്വാസം.

ഛത്തീസ്ഗഢ്, മധ്യപ്രദേശ്, മിസോറാം, രാജസ്ഥാൻ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ഉടൻ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. അഭിപ്രായ വ്യത്യാസങ്ങളും വ്യക്തിതാല്പര്യങ്ങളും മാറ്റിവച്ച് പാർട്ടി ഒറ്റക്കെട്ടായി കഠിനപ്രയത്നം നടത്തണമെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർ‌ജുൻ ഖാർ​ഗെ യോ​ഗത്തിൽ‌ പറഞ്ഞു. പാർട്ടിയുടെ താൽപര്യങ്ങൾക്ക് ദോഷം വരുന്നത് ഒഴിവാക്കാൻ നേതാക്കൾ സംയമനം പാലിക്കണമെന്നും നേതാക്കൾക്കെതിരെ മാധ്യമങ്ങളോട് പ്രസ്താവനകൾ നടത്തുന്നത് ഒഴിവാക്കണം. ജനാധിപത്യത്തെ രക്ഷിക്കാൻ പാർട്ടി ഒന്നിച്ച് ഏകാധിപത്യ സർക്കാരിനെ അട്ടിമറിക്കണമെന്നും ഖാർഗെ പറഞ്ഞു. സംഘടനാ ഐക്യത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം, കർണാടകയിലേതു പോലെ പാർട്ടി അച്ചടക്കത്തിലൂടെ എതിരാളികളെ പരാജയപ്പെടുത്താൻ കോൺഗ്രസിന് കഴിയുമെന്നും കൂട്ടിച്ചേർത്തു.

ഏകാധിപത്യ ഭരണത്തിനെതിരെ ജനങ്ങൾ ജനാധിപത്യം നിറഞ്ഞ ബദലുകൾ തേടുകയാണ്. കർണാടകയിലെയും ഹിമാചൽ പ്രദേശിലെയും കോൺഗ്രസിന്റെ വിജയങ്ങൾ ഇതിന് വ്യക്തമായ തെളിവാണ്. തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പുതിയ ഊർജത്തോടെ, കൃത്യമായ സന്ദേശത്തോടെ പാർട്ടി മുന്നേറുമെന്നും ഖാർ​ഗെ പറഞ്ഞു. "നേരിടേണ്ട വെല്ലുവിളികളെക്കുറിച്ച് നമുക്കെല്ലാം ബോധ്യമുണ്ട്. ഈ വെല്ലുവിളികൾ കോൺഗ്രസ് പാർട്ടിയുടേത് മാത്രമല്ല. ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനിൽപ്പിനും ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷണത്തിനും ബാധകമായവയാണ്". ഖാർഗെ പറഞ്ഞു.

ഇത് പാർട്ടിക്ക് വിശ്രമിക്കാനുള്ള സമയമല്ല. ബിജെപി ഭരണത്തിന് കീഴിൽ കഴിഞ്ഞ പത്ത് വർഷമായി സാധാരണ ജനങ്ങൾ നേരിടുന്ന വെല്ലുവിളികൾ നിരവധിമടങ്ങ് വർദ്ധിച്ചു. പാവപ്പെട്ടവർ, കർഷകർ, തൊഴിലാളികൾ, സ്ത്രീകൾ, തുടങ്ങിയവരുടെ ആശങ്കകൾ പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വിസമ്മതിക്കുകയാണെന്നും ഖാർ​ഗെ ആരോപിച്ചു. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് നിയമഭേദഗതിയെയും സിഇസി നിയമനബില്ലിനെയും ശക്തമായി എതിർക്കാനുള്ള പ്രമേയം കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിന്‍റെ ആദ്യദിനം പാസ്സാക്കിയിരുന്നു. ഇന്ത്യ മുന്നണിയുമായി സഹകരിക്കണമെന്ന് യോഗത്തിൽ സോണിയാ ഗാന്ധി സംസ്ഥാനഘടകങ്ങളോട് നിർദേശിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com