ഉന്നാവോ ബലാത്സംഗ കേസ്: മുൻ BJP എംഎൽഎയുടെ ശിക്ഷ മരവിപ്പിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ CBI സുപ്രീം കോടതിയിൽ

ചൊവ്വാഴ്ചയാണ് ഹൈക്കോടതി കുല്‍ദീപ് സിങിന്റെ ശിക്ഷ മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തത്

ഉന്നാവോ ബലാത്സംഗ കേസ്: മുൻ BJP എംഎൽഎയുടെ ശിക്ഷ മരവിപ്പിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ CBI സുപ്രീം കോടതിയിൽ
dot image

കൊല്‍ക്കത്ത: ഉന്നാവോ ബലാത്സംഗ കേസിലെ പ്രതി മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ചത് ഉള്‍പ്പെടെയുള്ള ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് സിബിഐ. ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സി ഒരു പ്രത്യേക അവധി ഹര്‍ജി (എസ്എല്‍പി) സമര്‍പ്പിക്കുകയായിരുന്നു. ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് പഠിച്ചതിന് ശേഷമാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് സിബിഐ ആവശ്യം.

ചൊവ്വാഴ്ചയാണ് ഹൈക്കോടതി കുല്‍ദീപ് സിങിന്റെ ശിക്ഷ മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തത്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ ശിക്ഷ ഇളവിന് ഹര്‍ജി നല്‍കിയത്. ഡല്‍ഹിയില്‍ തന്നെ തുടരണമെന്നതുള്‍പ്പെടെ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അതിജീവിതയെ കാണരുത്, അവര്‍ താമസിക്കുന്ന സ്ഥലത്തിന്റെ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ പ്രവേശിക്കരുത്, എല്ലാ തിങ്കളാഴ്ച്ചയും അടുത്തുളള സ്റ്റേഷനിലെത്തി ഒപ്പുവെക്കണം എന്നിവയായിരുന്നു മറ്റ് ഉപാധികള്‍.

അതേസമയം വിധിക്കെതിരെ പ്രതിഷേധിച്ച അതിജീവിതയെ ഡല്‍ഹി പൊലീസ് വലിച്ചിഴച്ച് മാറ്റിയതും വലിയ വിവാദമായിരുന്നു. ഡല്‍ഹിയില്‍ ഇന്ത്യാ ഗേറ്റിന് സമീപമാണ് അതിജീവിതയും കുടുംബവും പ്രതിഷേധിച്ചത്. പ്രതിഷേധം തുടങ്ങി മിനിറ്റുകള്‍ക്കകം തന്നെ അതിജീവിതയെയും അവരുടെ അമ്മയെയും ഡല്‍ഹി പൊലീസ് അവിടെ നിന്നും വലിച്ചിഴച്ച് മാറ്റുകയായിരുന്നു.

2017ല്‍ ഉത്തര്‍പ്രദേശിലെ ഉന്നാവോ മേഖലയില്‍ അന്ന് ബിജെപി നേതാവും എംഎല്‍എയുമായിരുന്ന കുല്‍ദീപ് സിംഗ് സെന്‍ഗര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് റായ്ബറേലിയില്‍വെച്ച് ഉണ്ടായ വാഹനാപകടത്തില്‍ പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടവുമായി ബന്ധപ്പെട്ട് പൊലീസ് കുല്‍ദീപിനെതിരെ കേസെടുത്തു. തുടര്‍ന്ന് കുല്‍ദീപിനെ ബിജെപി പുറത്താക്കിയിരുന്നു. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് 2018-ല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരണപ്പെട്ടിരുന്നു. ആ കേസില്‍ കുല്‍ദീപിനടക്കം ഏഴ് പ്രതികള്‍ക്ക് കോടതി 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു.

Content Highlights: Unnao case CBI appealed to Supreme court against Delhi High Court order

dot image
To advertise here,contact us
dot image