പ്രത്യേക പാർലമെൻ്റ് സമ്മേളനത്തിന് നാളെ തുടക്കം; ഇന്ന് കക്ഷി നേതാക്കളുടെ യോഗം വിളിച്ച് സർക്കാർ

ഞായറാഴ്ച വൈകുന്നേരം 4.30ന് പാര്‍ലമെന്റ് ലൈബ്രറി ഹാളിലാണ് യോഗം
പ്രത്യേക പാർലമെൻ്റ് സമ്മേളനത്തിന് നാളെ തുടക്കം;  ഇന്ന് കക്ഷി നേതാക്കളുടെ യോഗം വിളിച്ച് സർക്കാർ

ന്യൂഡൽഹി: പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം നാളെ തുടങ്ങാനിരിക്കെ സര്‍വ്വകക്ഷി യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍. ഞായറാഴ്ച വൈകുന്നേരം 4.30ന് പാര്‍ലമെന്റ് ലൈബ്രറി ഹാളിലാണ് യോഗം വിളിച്ചിരിക്കുന്നത്. പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന്റെ അജണ്ടകള്‍ സര്‍ക്കാര്‍ വ്യക്തമാക്കാത്തതിരുന്നത് നേരത്തെ വിവാദമായ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ കക്ഷിനേതാക്കളുടെ യോഗം വിളിച്ചിരിക്കുന്നത്. പ്രത്യേക സമ്മേളനം സുഗമമാക്കി കൊണ്ടു പോകുന്നതിന് എല്ലാ കക്ഷികളുടെയും സഹകരണം യോഗത്തിൽ സർക്കാർ അഭ്യർത്ഥിച്ചേക്കും. യോഗത്തില്‍ കൂടുതൽ സമ്മേളന അജണ്ടകള്‍ സര്‍ക്കാര്‍ വ്യക്തമാക്കുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍.

സെപ്തംബര്‍ 18 മുതല്‍ 22 വരെ നടക്കുന്ന പ്രത്യക സമ്മേളനത്തിന്റെ കാര്യപരിപാടികള്‍ പുറത്ത് വന്നിട്ടുണ്ട്. വിവാദബില്ലുകളോ വിവാദ വിഷയങ്ങളോ കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നാലുബില്ലുകളാണ് നിലവിലെ കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി നിയമനിര്‍മ്മാണ സഭയുടെ 75വര്‍ഷത്തെ യാത്ര എന്ന വിഷയത്തില്‍ ചര്‍ച്ചയുണ്ടാകും. പ്രസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ ഓഫ് പീരിയോഡിക്കല്‍ ബില്‍, അഭിഭാഷക ബില്‍ പോസ്റ്റ് ഓഫീസ് ബില്‍, തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം സംബന്ധിച്ച നിയമനിര്‍മ്മാണം തുടങ്ങിയവയാണ് നിലവില്‍ കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനത്തിൽ വനിതാ സംവരണ ബിൽ പാസാക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി പ്രമേയത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിനെ ഹനിക്കുന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്ന ഭേദഗതി ബില്ലെന്നും പ്രമേയം കുറ്റപ്പെടുത്തിയിട്ടുണ്ട്.

പാർലമെന്റ് പ്രത്യേക സമ്മേളനത്തിന്റെ അജണ്ട വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. പ്രതിപക്ഷ സഖ്യം ഉയർത്തുന്ന വിഷയങ്ങൾ ചർച്ച ചെയ്യണമെന്നായിരുന്നു കത്തിലെ ആവശ്യം. വിലക്കയറ്റം, തൊഴിലില്ലായ്മ, അദാനി വിഷയം, മണിപ്പൂർ കലാപം, ചൈനീസ് കടന്നുകയറ്റം അടക്കമുള്ള വിഷയങ്ങളിലാണ് പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടിരിക്കുന്നത്. ഇൻഡ്യ സഖ്യത്തിന് വേണ്ടിയായിരുന്നു സോണിയ ഗാന്ധി കത്തയച്ചത്.

ഇതിനിടെ സെപ്റ്റംബർ 18 മുതൽ 22 വരെ നീളുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ചോദ്യോത്തരവേളയും ശൂന്യവേളയും ഉണ്ടാകില്ലെന്ന് ലോക്സഭാ-രാജ്യസഭാ സെക്രട്ടേറിയറ്റുകൾ അറിയിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തെ സെഷനിൽ അഞ്ച് സിറ്റിംഗുകൾ ഉണ്ടായിരിക്കുമെന്നും അറിയിപ്പുണ്ട്. സാധാരണയായി ചോദ്യോത്തരവേളയും ശൂന്യവേളയും ഒഴിവാക്കുന്നത് നിർണായകവും അടിയന്തരപ്രാധാന്യമുള്ളതുമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സാഹചര്യത്തിലാണ്.

നാളെ ചേരുന്ന പാർലമെന്റ് പ്രത്യേക സമ്മേളനം ഓഗസ്റ്റ് 19 മുതൽ പുതിയ പാർലമെൻ്റ് മന്ദിരത്തിൽ ചേരുമെന്ന് റിപ്പോർട്ടുകളുണ്ട്. 19 ഗണേശ ചതുർഥി ആയതിനാൽ അന്ന് പുതിയ കെട്ടിടത്തിലേക്കു മാറുമെന്നാണ് സൂചന.

Related Stories

No stories found.
logo
Reporter Live
www.reporterlive.com