രാജ്യത്തെ പണപ്പെരുപ്പ നിരക്ക്; ഏറ്റവും കുറവ് ഡൽഹിയിൽ, കൂടുതൽ രാജസ്ഥാനിൽ

കഴിഞ്ഞ മാസം അത് 6.83 ശതമാനമായി കുറഞ്ഞുവെന്ന് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു
രാജ്യത്തെ പണപ്പെരുപ്പ നിരക്ക്; ഏറ്റവും കുറവ് ഡൽഹിയിൽ, കൂടുതൽ രാജസ്ഥാനിൽ

ന്യൂഡൽഹി: പച്ചക്കറികളുടെയും ഭക്ഷണസാധനങ്ങളുടെയും വില കയറ്റത്തെ തുടർന്ന് ജൂലൈയിൽ കൂടിയ നിരക്കിലായിരുന്ന രാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പം ഓഗസ്റ്റ് മാസത്തിൽ താഴെയെത്തി. ജൂലൈയിൽ 15 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 7.44 ശതമാനമായിരുന്നു രാജ്യത്തെ പണപ്പെരുപ്പം. എന്നാൽ കഴിഞ്ഞ മാസം അത് 6.83 ശതമാനമായി കുറഞ്ഞുവെന്ന് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

സംസ്ഥാനങ്ങളുടെ കണക്കെടുത്താൽ ഡൽഹിയിലാണ് പണപ്പെരുപ്പ നിരക്ക് ഏറ്റവും കുറവ്. രാജസ്ഥാനിലാണ് പണപ്പെരുപ്പം ഏറ്റവും ഉയർന്നത്. ഓഗസ്റ്റ് മാസത്തെ ഡൽഹിയിലെ പണപ്പെരുപ്പ നിരക്ക് 3.09 ശതമാനം ആയിരുന്നു. അസമിൽ 4.01%, പശ്ചിമ ബംഗാളിൽ 4.79% എന്നിങ്ങനെയാണ് പണപ്പെരുപ്പ നിരക്ക്.

ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ പണപ്പെരുപ്പ നിരക്ക് 5.45 ശതമാനവും ഛത്തീസ്ഗഢിൽ 5.52 ശതമാനവുമാണ്. നാല് സംസ്ഥാനങ്ങളിൽ പണപ്പെരുപ്പ നിരക്ക് ഓഗസ്റ്റിൽ എട്ട് ശതമാനത്തിന് മുകളിലായിരുന്നു. രാജസ്ഥാൻ - 8.60%, തെലങ്കാന, ഹിമാചൽ പ്രദേശ് - 8.27% വീതവും ഒഡീഷ - 8.23% എന്നിങ്ങനെയാണ് കണക്കുകൾ കാണിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ പണപ്പെരുപ്പ നിരക്ക് ഏകദേശം ആറ് മുതൽ എട്ട് വരെയായിരുന്നു.

അതേസമയം, രാജ്യത്തെ മൊത്തത്തിലുള്ള പണപ്പെരുപ്പം 41 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.8 ശതമാനത്തിലെത്തി. ജൂലൈയിൽ അത് അഞ്ച് ശതമാനമായിരുന്നു. ഗതാഗതം, ആശയവിനിമയം, വസ്ത്രവ്യാപാരം, തുടങ്ങിയ മേഖലകളിൽ നിന്ന് ലഭിച്ച സംഭാവനയാണ് ഇതിന് കാരണം. കോർ സേവനങ്ങളിലെ പണപ്പെരുപ്പത്തിൽ മാറ്റമില്ലാതെ തുടരുന്നു. ഇത് 2019 നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്.

സെപ്റ്റംബർ മാസമാകുമ്പോൾ പണപ്പെരുപ്പ നിരക്ക് ആറ് ശതമാനത്തിൽ കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടൽ. '2023 സെപ്റ്റംബറിൽ വാർഷിക പണപ്പെരുപ്പം 5.7 ശതമാനത്തിലേക്ക് കുറയുമെന്ന് ഞങ്ങൾ കരുതുന്നു. അതിനാൽ റിസർവ് ബാങ്ക് പലിശ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,' മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ ചീഫ് ഇക്കണോമിസ്റ്റ് നിഖിൽ ഗുപ്ത പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com