അഴിമതിക്കേസില് ശിക്ഷിച്ച പൊതുപ്രവർത്തകർക്ക് ആജീവനാന്ത വിലക്ക് നൽകണം: അമികസ് ക്യൂറി റിപ്പോർട്ട്

മുതിര്ന്ന അഭിഭാഷകനായ വിജയ് ഹസാരികയാണ് സുപ്രിംകോടതിയില് അഭിപ്രായമറിയിച്ചത്

അഴിമതിക്കേസില് ശിക്ഷിച്ച പൊതുപ്രവർത്തകർക്ക് ആജീവനാന്ത വിലക്ക് നൽകണം: അമികസ് ക്യൂറി റിപ്പോർട്ട്
dot image

ന്യൂഡൽഹി: അഴിമതിക്കേസില് ശിക്ഷിക്കപ്പെട്ട പൊതുപ്രവര്ത്തകര്ക്ക് തിരഞ്ഞെടുപ്പില് മത്സരിക്കുന്നതില് നിന്ന് ആജീവനാന്ത വിലക്ക് ഏര്പ്പെടുത്തണമെന്ന് അമികസ് ക്യൂറി റിപ്പോര്ട്ട്. മുതിര്ന്ന അഭിഭാഷകനായ വിജയ് ഹസാരികയാണ് സുപ്രിംകോടതിയില് അഭിപ്രായമറിയിച്ചത്. ശിക്ഷിക്കപ്പെട്ടവര് ആറ് വര്ഷത്തെ വിലക്കിന് ശേഷം മത്സരിക്കുന്നത് ഭരണഘടന ഉറപ്പുനല്കുന്ന തുല്യതയ്ക്ക് വിരുദ്ധമാണെന്ന് റിപ്പോര്ട്ടില് പറയുന്നു.

നിയമനിര്മ്മാണ സംഭാംഗത്വം പരമ പവിത്രമാണ്. കുറ്റം ചെയ്തവര് ആറ് വര്ഷത്തെ അയോഗ്യതയ്ക്ക് ശേഷം തല്സ്ഥാനം വഹിക്കുന്നത് ധാര്മ്മികതയല്ല. അതിനാല് സ്ഥിരം അയോഗ്യത പ്രഖ്യാപിക്കണമെന്നാണ് അമികസ് ക്യൂറി റിപ്പോര്ട്ടില് പറയുന്നത്. ജനപ്രതിനിധികള്ക്കെതിരായ കേസുകള് അതിവേഗം തീര്പ്പാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ പൊതുതാല്പര്യ ഹര്ജിയിലാണ് നേരത്തെ അമികസ് ക്യൂറിയെ നിയോഗിച്ചത്. ജനപ്രാതിനിധ്യ നിയമത്തിലെ അയോഗ്യതകളെ സംബന്ധിച്ച നിര്വ്വചനം ഭരണഘടനാ വിരുദ്ധമാണ് എന്ന് പ്രഖ്യാപിക്കണമെന്നാണ് ഹര്ജിയിലെ ആവശ്യം.

2003 ലെ സെൻട്രൽ വിജിലൻസ് കമ്മീഷൻ ആക്ട്, 2013 ലെ ലോക്പാൽ, ലോകായുക്ത ആക്ട് എന്നിവയുൾപ്പെടെയുള്ള നിയമങ്ങൾ പ്രകാരം ഒരു ഉദ്യോഗസ്ഥൻ കുറ്റക്കാരാണെങ്കിൽ ആ വ്യക്തിയെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യും. കുറ്റവാളികൾക്ക് ഉദ്യോഗസ്ഥാനങ്ങളിൽ തുടരാൻ സാധിക്കാതെ സാഹചര്യത്തിൽ ശിക്ഷിക്കപ്പെട്ട വ്യക്തികൾക്ക് ഒരു നിശ്ചിത കാലയളവ് കഴിഞ്ഞാൽ പരമോന്നത നിയമനിർമ്മാണ സ്ഥാപനങ്ങളിൽ തിരികെ വരാൻ കഴിയുമെന്നത് സ്വേച്ഛാതിപത്യമായ കാര്യമാണെന്നും അമികസ് ക്യൂറി അഭിപ്രായപ്പെട്ടു.

dot image
To advertise here,contact us
dot image