'എല്ലാത്തിനും നന്ദി'; മഴയത്ത് BMW 'R 1250 GS' ബൈക്കിൽ പറ പറന്ന് മഞ്ജു വാര്യർ

BMW 'R 1250 GS' ബൈക്കിൽ സാഹസിക യാത്ര ചെയ്യുന്ന വീഡിയോ പങ്കിട്ട് മഞ്ജു വാര്യർ

'എല്ലാത്തിനും നന്ദി'; മഴയത്ത് BMW 'R 1250 GS' ബൈക്കിൽ പറ പറന്ന് മഞ്ജു വാര്യർ
dot image

ബൈക്ക് റൈഡിനോടുള്ള നടി മഞ്ജു വാര്യരുടെ കമ്പം മലയാളികൾക്ക് സുപരിചിതമാണ്. ഇപ്പോഴിതാ 2026 നെ നടി വരവേറ്റത് ഒരു യാത്രയിലൂടെയാണ്. മഞ്ജു വാര്യര്‍ ബി.എം.ഡബ്ലുവിന്റെ അഡ്വഞ്ചര്‍ ബൈക്കായ ആര്‍ 1250 ജി.എസിൽ പറ പറക്കുന്ന വിഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞു പോയതിനും വരാനിരിക്കുന്നതിനും നടന്നു കൊണ്ടിരിക്കുന്നതിനും നന്ദി എന്നാണ് വീഡിയോ പങ്കുവെച്ചു കൊണ്ട് നടി സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. മഞ്ജു ബൈക്ക് യാത്ര ചെയ്യുന്നതിന്റെ വീഡിയോ വൈറലാക്കുകയാണ്.

മഴയത്ത് ബൈക്ക് യാത്ര ചെയ്യുന്നതിനൊപ്പം സാഹസിക പ്രകടനങ്ങളും നടി നടത്തുന്നുണ്ട്. 'എത്ര മനോഹരമായാണ് അവര്‍ ഒരു സ്ത്രീയുടെ എല്ലാ സാധ്യതകളെയും നമുക്ക് മുമ്പില്‍ നിരത്തി വച്ച് ഇങ്ങനെയൊക്കെ ആകണമെന്ന് പറയാതെ പറഞ്ഞു തരുന്നത്' എന്നാണ് പോസ്റ്റിന് താഴെ വന്ന ഒരു കമന്റ്. മാത്രമല്ല മഞ്ജുവിന് പുതുവത്സര ആശംസകൾ നേർന്നുകൊണ്ടുള്ള കമന്റുകളും നിറയെ ഉണ്ട്.

ഒപ്പം നടിയുടെ ബൈക്കിനും ആരാധകർ ഏറെയാണ്. ബി.എം.ഡബ്ലുവിന്റെ അഡ്വഞ്ചര്‍ ബൈക്കായ ആര്‍ 1250 ജി.എസ്. എന്ന മോഡല്‍ ആൺ മഞ്ജു സ്വന്തമാക്കിയത്. തമിഴ് സൂപ്പര്‍ സ്റ്റാര്‍ അജിത്തിനൊപ്പമുള്ള യാത്രയാണ് പുതിയ ബൈക്ക് സ്വന്തമാക്കാനും ടൂ വീലര്‍ ലൈസന്‍സ് എടുക്കാനുമുള്ള പ്രചോദനമെന്നും മഞ്ജു പറഞ്ഞിട്ടുള്ളതാണ്. മഞ്ജു വാര്യർ ഈ ബൈക് സ്വന്തമാക്കിയ സമയത്ത് തന്നെ മലയാളത്തിലെ മറ്റൊരു നടനായ സൗബിന്‍ ഷാഹിറും ഈ ബൈക്ക് വാങ്ങിയിരുന്നു. ഇരുവരും ഒരുമിച്ച് ബൈക്കുമായി നില്‍ക്കുന്നതിന്റെ ഫോട്ടോയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഏകദേശം 23 ലക്ഷം രൂപയ്ക്ക് മുകളില്‍ വില വരുന്ന ബൈക്കാണ് ഇത്.

ബി.എം.ഡബ്ല്യുവിന്റെ ബൈക്ക് നിരയിലെ ഏറ്റവും പ്രശസ്തമായ മോഡലുകളിലൊന്നാണ് അഡ്വഞ്ചര്‍ ബൈക്കായ ആര്‍ 1250 ജി.എസ്. 1254 സി.സി. ട്വിന്‍ സിലിണ്ടര്‍ ബോക്സര്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 136 എച്ച്.പി. പവറും 143 എന്‍.എം. ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന കരുത്ത്. അജിത്തിനൊപ്പമുള്ള ലഡാക്ക് യാത്രയില്‍ അദ്ദേഹം ഉപയോഗിച്ചിരുന്ന ബൈക്ക് ആര്‍ 1250 ജി.എസ്. ആയിരുന്നു. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മഞ്ജുവും ഇതേ ബൈക്ക് സ്വന്തമാക്കിയത്.

Content Highlights:  Manju Warrier posts video from her adventure ride on a BMW R 1250 GS bike

dot image
To advertise here,contact us
dot image