
ചണ്ഡീഗഡ്: സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപകരവും പ്രകോപനപരവുമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിൽ ബജ്റംഗ്ദൾ പ്രവർത്തകനും ഗോരക്ഷാസേന നേതാവ് കൂടിയായ മോനു മനേസർ അറസ്റ്റിൽ. നൂഹിലെ സംഘർഷത്തിലേക്ക് നയിച്ച പ്രകോപനപരമായ സന്ദേശം സാമൂഹികമാധ്യമത്തിലൂടെ പോസ്റ്റ് ചെയ്തയാളാണ് അറസ്റ്റിലായ മോഹിത് യാദവ് എന്ന മോനു മനേസർ.
ജൂലൈ 31ന് നൂഹിലുണ്ടായ സംഘർഷത്തിന് ശേഷം സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾ പൊലീസ് നിരന്തരം പരിശോധിച്ചിരുന്നു. പരിശോധനയിൽ ഒരാൾ ആക്ഷേപകരമായ പോസ്റ്റുകളുടെ ഒരു പരമ്പര തന്നെ ഇടുന്നതായി കണ്ടെത്തി. റെയ്ഡിലൂടെ ഇയാളെ പിടികൂടി. അറസ്റ്റിലായത് മോനു മനേസർ എന്ന പേരിലറിയപ്പെടുന്ന ആളാണെന്നും അധികൃതർ അറിയിച്ചു.
രാജസ്ഥാൻ സ്വദേശികളായ ജുനൈദ് (35), നസീർ (27) എന്നിവരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് മോനു മനേസർ. ഇയാളെ രാജസ്ഥാൻ പൊലീസിന് കൈമാറാനുള്ള തീരുമാനം ഇനി കോടതി ഉത്തരവുകളെ ആശ്രയിച്ചിരിക്കും. ഭിവാനിയില് പശുമോഷണം ആരോപിച്ചാണ് രണ്ടു യുവാക്കളെ കൊലപ്പെടുത്തിയിരുന്നത്.
നൂഹിലെ വര്ഗ്ഗീയ സംഘര്ഷത്തില് ആറ് പേര് കൊല്ലപ്പെട്ടിരുന്നു. നൂഹില് നിന്ന് വളരെ വേഗം ഗുര്ഗ്രാം അടക്കമുള്ള ഇടങ്ങളിലേക്ക് സംഘര്ഷം പടര്ന്നിരുന്നു. വിഎച്ച്പി സംഘടിപ്പിച്ച ശോഭായാത്രയില് മോനു മനേസര് പങ്കെടുക്കുമെന്ന അഭ്യൂഹങ്ങളാണ് നൂഹിലെ സംഘർഷങ്ങൾക്ക് വഴി തെളിച്ചത്. രാജസ്ഥാന് സ്വദേശികളെ കൊന്ന കേസില് ഒളിവിലായിരുന്ന മോനു മനേസര് സോഷ്യൽ മീഡിയയിലൂടെ ശോഭായാത്രയിൽ പങ്കെടുക്കുമെന്ന് പ്രചരിക്കുകയായിരുന്നു. മോനു മനേസറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ കിസാന് മസ്ദൂര് യൂണിയനും കര്ഷക സംഘടനകളും ഖാപ്പ് പഞ്ചായത്തുകളും രംഗത്ത് വന്നിരുന്നു.