
ചെന്നൈ : ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കമൽഹാസൻ. സൗത്ത് ചെന്നൈ, കോയമ്പത്തൂർ, മധുര എന്നീ മൂന്നു മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് മക്കൾ നീതി മയ്യം അണികൾ പ്രവർത്തനം ശക്തമാക്കിയിരിക്കുയാണ്. കമൽഹാസൻ ഇതിൽ ഒരു മണ്ഡലത്തിൽ നിന്ന് മത്സരിക്കാനാണ് സാധ്യത. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം വിജയക്കൊടി പാറിക്കുമെന്നാണ് കമൽഹാസൻ പ്രതീക്ഷിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു.
നേരിയ വോട്ടുവ്യത്യാസത്തിലായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വാനതി ശ്രീനിവാസനോട് കമൽഹാസൻ പരാജയപ്പെട്ടത്. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിലൂടെ വിജയം ഉറപ്പിക്കാനുള്ള നീക്കത്തിലാണ് അണികൾ. ഇതിനായി ബൂത്തുതല സമിതികൾ ഉൾപ്പെടെ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളും സജ്ജമായി കഴിഞ്ഞു.
2018-ൽ കമൽഹാസന്റെ നേതൃത്വത്തിൽ ആരംഭിച്ച മക്കൾ നീതി മയ്യം, പാർട്ടിയുടെ ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്നെ പരാജയം നേരിട്ടുവെങ്കിലും വോട്ട് വിഹിതം പിടിച്ചെടുക്കാൻ സാധിച്ചിരുന്നു. തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും വിജയം ഉറപ്പിച്ചെങ്കിലും ജയിക്കാനായില്ല. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ-കോൺഗ്രസ് സഖ്യത്തിനൊപ്പം ചേരാനാണ് മക്കൾ നീതി മയ്യത്തിന്റെ നീക്കം. ആ വഴി കൂടുതൽ സീറ്റുകൾ നേടാനുള്ള നീക്കങ്ങളും പാർട്ടി നടത്തുന്നുണ്ട്.