
ഹൈദരാബാദ്: കേസ് സ്വയം വാദിക്കാന് അനുമതി തേടി ടിഡിപി അധ്യക്ഷനും ആന്ധ്രപ്രദേശ് മുന് മുഖ്യമന്ത്രിയുമായ എന് ചന്ദ്ര ബാബു നായിഡു. തുടര്ന്ന് ജസ്റ്റിസ് അനുമതി നല്കി. അറസ്റ്റിന് ശേഷം ഇന്ന് രാവിലെ വിജയവാഡ അഴിമതി വിരുദ്ധ ബ്യൂറോ കോടതിയിലാണ് ചന്ദ്രബാബു നായിഡുവിനെ ഹാജരാക്കിയത്. തനിക്കെതിരെയുള്ളത് വ്യാജ ആരോപണങ്ങള് ആണെന്ന് നാഡിയു കോടതിയില് വാദിച്ചു. തനിക്കെതിരെയുള്ള കേസിന് ഗവര്ണറുടെ അനുമതിയുണ്ടോയെന്നും കേസും അറസ്റ്റും രാഷ്ട്രീയപ്രേരിതമാണെന്നും നായിഡു പറഞ്ഞു. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന് ചന്ദ്രബാബു നായിഡു ആണെന്നും കസ്റ്റഡിയില് വേണമെന്നും സിഐഡി കോടതിയെ അറിയിച്ചു. നായിഡുവിന് വേണ്ടി സുപ്രീംകോടതി അഭിഭാഷകന് സിദ്ധാര്ഥ ലൂത്രയാണ് ഹാജരായത്.
പ്രതിപക്ഷ നേതാവിന്റെ അറസ്റ്റ് നിര്ഭാഗ്യകരമാണെന്ന് ഗവര്ണര് ജസ്റ്റിസ് അബ്ദുള് നജീബ് പറഞ്ഞു. പത്ത് മണിക്കൂര് നീണ്ട ചോദ്യം ചെയ്യലിനും വൈദ്യപരിശോധനയ്ക്കും ശേഷമാണ് ചന്ദ്ര ബാബു നായിഡുവിനെ കോടതിയില് ഹാജരാക്കിയത്. 371 കോടിയുടെ ആന്ധ്ര നൈപുണ്യ വികസന പദ്ധതി അഴിമതി കേസില് ഇന്നലെ പുലര്ച്ചെയാണ് ചന്ദ്ര ബാബു നായിഡുവിനെ കസ്റ്റഡിയിലെടുക്കുന്നത്.
അറസ്റ്റില് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് ടിഡിപി പ്രവര്ത്തകര് പ്രതിഷേധം സംഘടിപ്പിച്ചു. ചിലയിടങ്ങളില് പൊലീസും പ്രവര്ത്തകരും തമ്മില് സംഘര്ഷമുണ്ടായി. അറസ്റ്റിനെ രൂക്ഷമായി വിമര്ശിച്ച് ജനസേന പാര്ട്ടി നേതാവും നടനുമായ പവന് കല്ല്യാണ് രംഗത്തെത്തി. രാഷ്ട്രീയ വൈരാഗ്യം തീര്ക്കലാണെന്ന് പവന് കല്ല്യാണ് ആരോപിച്ചു. യാതൊരു തെളിവുമില്ലാതെയാണ് ചന്ദ്രബാബു നായിഡുവിനെ കസ്റ്റഡിയിലെടുക്കുന്നത്. ഈ സര്ക്കാര് ജനസേന പാര്ട്ടിയോട് എന്താണ് ചെയ്തതെന്ന് നിങ്ങള് എല്ലാവരും കണ്ടതാണെന്നും ചന്ദ്ര ബാബു നായിഡുവിന്റെ അറസ്റ്റിനെ അപലപിച്ച് പവന് കല്ല്യാണ് പറഞ്ഞു. തുടര്ന്ന് റോഡില് ഇറങ്ങി പ്രതിഷേധിച്ച പവന് കല്ല്യാണിന്റെ വാഹനം പൊലീസ് തടയുന്ന സാഹചര്യമുണ്ടായി.
ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലും മണിക്കൂറുകള് നീണ്ട ചോദ്യം ചെയ്യലിലും പ്രതിഷേധിച്ച് ഇന്ന് ടിഡിപി നിരാഹാര സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്നലെ പുലര്ച്ചെ നന്ദ്യാല് റേഞ്ച് ഡിഐജി രഘുരാമി റെഡ്ഡിയുടെയും ക്രൈം ഇന്വെസ്റ്റിഗേഷന് ഡിപ്പാര്ട്ട്മെന്റിന്റെയും (സിഐഡി) നേതൃത്വത്തില് 3 മണിയോടെയാണ് നായിഡുവിനെ കസ്റ്റഡിയിലെടുക്കാന് അന്വേഷണ സംഘമെത്തുന്നത്. ആര്കെ ഫംഗ്ഷന് ഹാളില് സംഘം എത്തുമ്പോള് ചന്ദ്രബാബു നായിഡു അദ്ദേഹത്തിന്റെ കാരവനില് വിശ്രമിക്കുകയായിരുന്നു. കസ്റ്റഡിയിലെടുക്കുന്നത് തടയാന് വന്തോതില് ടിഡിപി പ്രവര്ത്തകര് തടിച്ചുകൂടിയിയെങ്കിലും ഇതിനെ മറികടന്ന് പൊലീസ് നീങ്ങുകയായിരുന്നു.