
മുംബൈ: 'ഞങ്ങൾക്ക് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിരവധി മുഖങ്ങളുണ്ട്, എന്നാൽ ബിജെപിക്കുള്ളതോ?'; പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഇൻഡ്യ മുന്നണിയിൽ നിന്ന് നിരവധി പേരുകൾ ഉയർന്നുകേൾക്കുന്നതിനിടെ പ്രതികരണവുമായി നേതാക്കൾ. വ്യാഴാഴ്ച മുതൽ രണ്ട് ദിവസ യോഗം ചേരാനിരിക്കുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോൺഗ്രസ്, ശിവസേന, എൻസിപി നേതാക്കൾ. 28 പാർട്ടികൾ യോഗത്തിൽ പങ്കെടുക്കുമെന്ന് നേതാക്കൾ അറിയിച്ചു. ബെംഗളുരുവിൽ നടന്ന രണ്ടാം യോഗത്തിൽ 26 പാർട്ടികൾ പങ്കെടുത്തിരുന്നു.
'ഞങ്ങളുടെ ആശയങ്ങൾ പലതാകാം എന്നാൽ ലക്ഷ്യമൊന്നാണ്'; ശിവസേന നേതാവും മഹാരാഷ്ട്രാ മുൻ മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെ പറഞ്ഞു. മൂന്നാം ഘട്ട യോഗത്തിൽ നിർണ്ണായക തീരുമാനങ്ങളുണ്ടാകുമെന്ന് എൻസിപി നേതാവ് ശരദ് പവാർ പറഞ്ഞു. എന്നാൽ ഇൻഡ്യയിൽ നിന്ന് വിവിധ നേതാക്കളുടെ പേരുകൾ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് മറ്റൊരു പേര് പ്രധാനമന്ത്രി പദത്തിലേക്ക് മുന്നോട്ട് വെക്കാനുണ്ടോ എന്ന് ബിജെപിയോടാണ് ചോദിക്കേണ്ടതെന്ന് താക്കറെ മറുപടി നൽകി.
ഇൻഡ്യ സഖ്യത്തിന്റെ യോഗം മഹാരാഷ്ട്രയിൽ നടക്കുന്നതിൽ തങ്ങൾ അതീവ സന്തുഷ്ടരെന്ന് മഹാരാഷ്ട്ര കോൺഗ്രസ് ചീഫ് നാനാ പടോലെ പറഞ്ഞു. 'ജനാധിപത്യത്തെ സംരക്ഷിക്കാനും ബിജെപിക്കെതിരെ പോരാടാനും ഞങ്ങൾ ഒരുമിച്ചുവരും' എന്ന് കോൺഗ്രസ് നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ അശോക് ചവാൻ പറഞ്ഞു. ഇന്ത്യയെ സംരക്ഷിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരുന്ന പൊതുതിരഞ്ഞെടുപ്പില് സീറ്റുകള് പങ്കുവയ്ക്കുന്നത് സംബന്ധിച്ച് മാര്ഗ്ഗരേഖ രൂപപ്പെടുത്തുന്നത് യോഗത്തിന്റെ അജണ്ടയാകും. പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ഏറ്റെടുക്കേണ്ട വിഷയങ്ങളെ സംബന്ധിച്ചും യോഗത്തില് ആലോചനയുണ്ടാകും. ഇതിനായി ഒരു കോ-ഓര്ഡിനേഷന് കമ്മിറ്റി രൂപീകരിക്കുന്ന വിഷയവും യോഗം ചര്ച്ച ചെയ്യും. മുംബൈ യോഗത്തില് ഇന്ഡ്യയുടെ ലോഗോയുടെ കാര്യത്തിലും തീരുമാനമാകുമെന്നാണ് വിവരം.