Top

'ഈശോ' സിനിമ വിവാദം; നാദിർഷയ്ക്ക് പിന്തുണയുമായി സിനിമാതാരങ്ങൾ

കലാഭവൻ ഷാജോൺ, ധർമജൻ ബോൾഗാട്ടി, ഗിന്നസ്സ് പക്രു, തുടങ്ങിയ താരങ്ങൾ നാദിർഷയ്ക്ക് സമൂഹ മാധ്യമങ്ങളിലൂടെ പിന്തുണ് അറിയിച്ചിട്ടുണ്ട്.

9 Aug 2021 8:50 AM GMT
ഫിൽമി റിപ്പോർട്ടർ

ഈശോ സിനിമ വിവാദം; നാദിർഷയ്ക്ക് പിന്തുണയുമായി സിനിമാതാരങ്ങൾ
X



നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഈശോയുടെ പേരിനെക്കുറിച്ചുള്ള വിവാദങ്ങൾ കത്തി പടരുകയാണ്. ഇപ്പോഴിതാ വിഷയത്തിൽ അദ്ദേഹത്തിന് നിരവധി സിനിമ താരങ്ങൾ പിന്തുണയുമായി എത്തിയിരിക്കുകയാണ്. കലാഭവൻ ഷാജോൺ, ധർമജൻ ബോൾഗാട്ടി, ഗിന്നസ്സ് പക്രു, തുടങ്ങിയ താരങ്ങൾ നാദിർഷയ്ക്ക് സമൂഹ മാധ്യമങ്ങളിലൂടെ പിന്തുണ് അറിയിച്ചിട്ടുണ്ട്.
'സിനിമയെ വർഗ്ഗീയവൽക്കരിക്കാതിരിക്കുക, വീ സപ്പോർട്ട് നാദിർഷ' എന്ന പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് താരങ്ങൾ ചിത്രത്തിന് പിന്തുണ അറിയിച്ചത്.

തൃശ്ശൂര്‍ ഓര്‍ത്തഡോക്‌സ് മെത്രാപ്പൊാലീത്തയും വിഷയത്തിൽ നാദിർഷയ്ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. 'ഞാൻ, സിനിമാ ഡയറക്ടർ നാദിർഷായുടെ, ഈശോ എന്ന സിനിമയുടെ കാര്യത്തിൽ‌ നൽകിയ കമന്റ്‌.‌ എന്താണു ഈശോ എന്ന പേരു ഒരു സിനിമക്ക്‌ ഇട്ടാൽ കുഴപ്പം? മധ്യതിരുവിതാംകൂറിൽ ധാരാളം പേർക്ക്, എന്റെ ഒരു ബന്ധുവിനുൾപ്പടെ,‌ ഇങ്ങനെ പേരുണ്ടല്ലോ! ഇവരിലാരെയും നിരോധിക്കണം എന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടില്ല. ക്രിസ്ത്യാനികളിൽ ചിലർ മശിഹായെ ഈശോ എന്ന് വിളിക്കുമ്പോൾ മറ്റു ചിലർ യേശു എന്നാണു വിളിക്കുന്നത്‌. ഈ പേരും മറ്റെങ്ങും വന്നുകൂടാ എന്നും വരുമോ?, എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
ഈശോ സിനിമ വിഷയത്തിൽ നായകൻ ജയസൂര്യയും പ്രതികരണവുമായി എത്തിയിരുന്നു. 'സിനിമയുടെ പേരും മറ്റും സംബന്ധിച്ച വിഷയങ്ങളില്‍ പുറത്തുനിന്നും നിയന്ത്രണങ്ങള്‍ വരുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ഒന്നാണ്. ഞാന്‍ തന്നെ ഇതിന് മുമ്പ് 'പുണ്യാളന്‍' എന്ന സിനിമ ചെയ്തിട്ടുണ്ട്. അതിന് രണ്ട് ഭാഗങ്ങളും ഉണ്ടായിരുന്നു. അന്നൊന്നും ഒരു പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല. ആരെയും വേദനിപ്പിക്കുന്നതിന് വേണ്ടിയല്ല നമ്മള്‍ സനിമ ചെയ്യുന്നത്. ഈശോ എന്ന സിനിമ മുന്നോട്ടുവെയ്ക്കുന്ന ഒരു സന്ദേശമുണ്ട്. ഇത് കണ്ടുകഴിയുമ്പോള്‍ തെറ്റിദ്ധരിക്കപ്പെട്ടവര്‍ പോലും ഇതിലെ സന്ദേശത്തെക്കുറിച്ച് ചിന്തിക്കും.
സിനിമയ്ക്ക് 'ഈശോ' എന്ന് പേരിട്ടതുകൊണ്ട് അത് പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ഇത്രയേറെ ആക്ഷേപങ്ങള്‍ നേരിടേണ്ടി വരുന്നതില്‍ ഏറെ വിഷമമുണ്ടെന്നും ജയസൂര്യ പറഞ്ഞു. സിനിമ പുറത്തിറങ്ങിയ ശേഷം അത് ആരെയെങ്കിലും വേദനിപ്പിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് കോടതിയില്‍ വരെ പോകാം. അതിന് ഞങ്ങളും നിങ്ങള്‍ക്കൊപ്പം ഉണ്ടാകും. കലാകാരന്മാരുടെ കാണപ്പെട്ട ദൈവം പ്രേക്ഷകരാണ്. അതുകൊണ്ട് തന്നെ അവരെ വേദനിപ്പിക്കുന്ന ഒന്നും സിനിമാക്കാര്‍ക്ക് ചെയ്യാന്‍ കഴിയില്ല. അത് എല്ലാവരും മനസ്സിലാക്കേണ്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റേഴ്‌സ് അവറിലായിരുന്നു ജയസൂര്യയുടെ പ്രതികരണം.



Next Story