എത്ര സമ്പാദിച്ചിട്ടും കൈയ്യില്‍ പണമില്ലേ… പിന്നില്‍ പണം കൈകാര്യം ചെയ്യുന്നതിലെ ഈ 7 തെറ്റുകളാവാം

ഓരോ വ്യക്തിയെയും സാമ്പത്തികമായി ഞെരുക്കുന്ന ഏഴ് പ്രധാന സമ്പാദ്യ ശീലങ്ങളെ പറ്റിയാണ് കൗശിക് വ്യക്തമാക്കുന്നത്

എത്ര സമ്പാദിച്ചിട്ടും കൈയ്യില്‍ പണമില്ലേ… പിന്നില്‍ പണം കൈകാര്യം ചെയ്യുന്നതിലെ ഈ 7 തെറ്റുകളാവാം
dot image

നല്ല വരുമാനം ഉണ്ടായാലും പലരും പലപ്പോഴും അനുഭവിക്കുന്ന ഒരു പ്രശ്‌നമാണ് സാമ്പത്തിക ബുദ്ധിമുട്ട്. ശമ്പളം വര്‍ദ്ധിച്ചാലും പണത്തിന്റെ വരവും ചിലവും പലപ്പോഴും നിയന്ത്രിക്കാന്‍ സാധിക്കാത്ത സ്ഥിതി. ഇതിന് പിന്നില്‍ മോശം സമ്പാദ്യ ശീലങ്ങളാവാം. ദീര്‍ഘകാലത്തേക്ക് ഇത്തരത്തിലുള്ള സമ്പാദ്യശീലത്തിലുണ്ടാവുന്ന അപാകതകള്‍ തുടരുകയാണെങ്കില്‍ അത് നിങ്ങള്‍ക്ക് വലിയ ജീവിത പ്രതിസന്ധികള്‍ ഉണ്ടാക്കിയേക്കാം. അത്തരത്തിൽ ഒഴിവാക്കേണ്ട ഏഴ് മോശം സമ്പാദ്യ ശീലങ്ങളെ പറ്റി വിവരിക്കുകയാണ് സി എ നിതിന്‍ കൗശിക്. ഓരോ വ്യക്തിയെയും സാമ്പത്തികമായി ഞെരുക്കുന്ന ഏഴ് പ്രധാന സമ്പാദ്യ ശീല മണ്ടത്തരങ്ങളുണ്ടെന്നാണ് കൗശിക് പറയുന്നത്.

ബജറ്റ് തയ്യാറാകാതെയുള്ള ചെലവഴിക്കല്‍

ബജറ്റ് തയ്യാറാക്കാതെ ചെലവഴിക്കുന്നവരാണ് നിങ്ങളെങ്കില്‍ ആദ്യം നിങ്ങള്‍ അവസാനിപ്പിക്കേണ്ടത് ഈ ശീലം തന്നെയാണ്. എല്ലാ മാസവും കൃത്യമായ ബജറ്റ് തയ്യാറാക്കി വേണം ചെലവുകള്‍ നടത്താന്‍. ഇതില്‍ നിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ബില്ലുകള്‍ മുതല്‍ വിനോദത്തിനായുള്ള ചിലവുകള്‍ വരെ ഉള്‍പ്പെടുത്താം. ഉദാഹരണത്തിന് 50,000 സമ്പാദിക്കുന്ന ഒരാള്‍ മാസത്തിന്റെ തുടക്കത്തില്‍ ഭക്ഷണത്തിനും ഷോപ്പിംഗിനുമായി 12,000 രൂപയോളം ചിലവാക്കിയേക്കാം. പക്ഷെ ഇത് മുന്നോട്ട് പോകുമ്പോള്‍ നിങ്ങളുടെ ആ മാസത്തിലെ മൊത്തം സാമ്പത്തിക ഇടപ്പാടുകളെയും ബാധിച്ചേക്കാം. ഇതിന് പരിഹാരമായി നിങ്ങള്‍ക്ക് 50-30-20 എന്ന നിയമം പാലിക്കാം. പ്രധാന ആവശ്യങ്ങള്‍ക്കായി നിങ്ങളുടെ ശമ്പളത്തിന്റെ 50 ശതമാനവും, ആഗ്രഹങ്ങള്‍ക്കായി 30 ശതമാനവും നിക്ഷേപത്തിനായി 20 ശതമാനവും നീക്കി വെയ്ക്കുക.

അടിയന്തര ഫണ്ട്

അടിയന്തര സാഹചര്യങ്ങളില്‍ പലരും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് നല്‍കാന്‍ പണമില്ലാതെ വരുന്നത്. പെട്ടെന്നുണ്ടാവുന്ന ഹോസ്പിറ്റല്‍ കേസുകള്‍ക്ക് നല്‍കാന്‍ പണമില്ലാതെ വരുന്ന അവസ്ഥ ഒഴിവാക്കാനായി പ്രതിമാസം 2000 മുതല്‍ ആരംഭിച്ച് 75,000 ത്തില്‍ തുടങ്ങി ഒരു ലക്ഷം വരെ തുക അടങ്ങുന്ന ഒരു അടിയന്തര ഫണ്ട് ലിക്വിഡ് ഫണ്ടിലോ സ്ഥിര നിക്ഷേപത്തിലോ വെക്കുക.

സമ്പാദ്യത്തിനൊപ്പം നിക്ഷേപമില്ലാത്തത്

സമ്പാദ്യത്തിനൊപ്പം തന്നെ നിക്ഷേപവും വളരെ പ്രധാനമാണ്. നിങ്ങള്‍ 20,000 രൂപ വെച്ച് സേവിംഗ്‌സ് അക്കൗണ്ടിലേക്കിട്ടാലും അത് വര്‍ഷം ഏതാണ്ട് 600 രൂപ അഥവാ 3 ശതമാനം പലിശ മാത്രമാണ് നല്‍കുക. എന്നാല്‍ ഇതിന് പകരം sip യിലോ മറ്റോ പ്രതിമാസം 5000 രൂപ വെച്ച് നിക്ഷേപിച്ചാല്‍ അത് 10 വര്‍ഷം കൊണ്ട് 12-14 ശതമാനം വരെ നല്‍കിയേക്കാം. ഇത് 11-13 ലക്ഷം വരെ എത്തിയേക്കാം.

ജീവിതശൈലിയും പണപ്പെരുപ്പവും

നിങ്ങള്‍ക്ക് ശമ്പളത്തില്‍ വര്‍ദ്ധനവുണ്ടായാല്‍ പലരും ആദ്യം ചെയ്യുന്ന ഒന്നാണ് മെച്ചപ്പെട്ട ജീവിതശൈലിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നത്. എന്നാല്‍ ശമ്പള വര്‍ദ്ധനവുണ്ടായി കഴിഞ്ഞാല്‍ ഉടന്‍ അത്തരത്തിലുള്ള ചെലവുകള്‍ നടത്തരുതെന്നാണ് കൗശിക് പറയുന്നത്. പകരം ഈ പണം ഒരു വര്‍ഷത്തേക്ക് അധിക നിക്ഷേപത്തിനായി നിര്‍ദേശിക്കുന്നു.

ഇംപള്‍സ് ഷോപ്പിംഗ്

നിങ്ങളുടെ ഒരു ടാപ്പിന് അപ്പുറം സൊമാറ്റോ, സ്വഗി, ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍ പോലെയുള്ള വിവിധ ആപ്പുകളുണ്ട്. ഇവയെ അമിതമായി ആശ്രയിക്കാതെ ഇരിക്കുക. ഏതെങ്കിലും ഒരു സാധനം വേണമെന്ന് തോന്നിയാല്‍ ആദ്യം അത് കാര്‍ട്ടില്‍ ഇട്ട് വെക്കുക. ശേഷം 24 മണിക്കൂര്‍ കഴിഞ്ഞ് വീണ്ടും അത് ഓപ്പണ്‍ ചെയ്ത് നോക്കുക. അപ്പോഴും നിങ്ങള്‍ക്ക് അത് വേണമെന്ന് തോന്നുന്നുണ്ടെങ്കില്‍ മാത്രം അത് വാങ്ങുക.

ഇഎംഐകളില്‍ കുടുങ്ങുന്നു

5000 രൂപ ഒരു ചെറിയ തുകയായി നിങ്ങള്‍ക്ക് emi അടയ്ക്കുമ്പോള്‍ തോന്നിയേക്കാം. എന്നാല്‍ ഇത് പ്രതിവര്‍ഷം 60,000 രൂപയാണെന്ന് ഓര്‍ക്കുക. നാളെ ജോലി നഷ്ടമായാല്‍ അടയ്ക്കാന്‍ സാധിക്കുന്നതാണോ എന്ന് വിലയിരുത്തി വേണം emi എടുക്കാന്‍. നിങ്ങളുടെ വരുമാനത്തിന്റെ 15 ശതമാനം മാത്രമായിരിക്കണം emi എന്നും ഓര്‍ക്കുക.

ചെലവുകള്‍ ട്രാക്ക് ചെയ്യുന്നതിലെ പാക പിഴകള്‍

പലരും ചെലവുകള്‍ ട്രാക്ക് ചെയ്യുന്നതില്‍ തോറ്റു പോകുന്നു. ഓരോ രൂപയും എങ്ങോട്ടേക്കാണ് പോകുന്നതെന്ന് ശ്രദ്ധിക്കുക. സ്‌പ്രെഡ്ഷീറ്റ് വഴി 30 ദിവസത്തെ ചെലവുകള്‍ രേഖപ്പെടുത്തുന്നതും ഒരു മികച്ച ശീലമാണ്.

Content Highlights- 7 mistakes in managing money could be behind it

dot image
To advertise here,contact us
dot image