
തിരുവനന്തപുരം: സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബർ ആക്രമണത്തിന് പിന്നാലെ യൂട്യൂബര്‍ കെ എം ഷാജഹാന് എതിരെ പോസ്റ്റർ. തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വീടിന് സമീപമാണ് പോസ്റ്ററുകൾ ഒട്ടിച്ചിരിക്കുന്നത്. സ്ത്രീത്വത്തെ യൂട്യൂബിൽ വിറ്റു ജീവിക്കുന്ന വിവാദങ്ങളുടെ വിൽപനക്കാരനാണ് കെ എം ഷാജഹാനെന്നും വിഷം തുപ്പുന്ന അദ്ദേഹത്തിന്റെ നാവ് പിഴുതെറിയണമെന്നുമാണ് പോസ്റ്ററിൽ എഴുതിയിട്ടുള്ളത്. സാമൂഹ്യ വിപത്താണ് ഷാജഹാനെന്നും രൂക്ഷ വിമർശനമുണ്ട്. ചെറുവയ്ക്കൽ ജനകീയ സമിതിയുടെ പേരിലാണ് പോസ്റ്ററുകളും ഫ്ളക്സും പതിച്ചിരിക്കുന്നത്.
അതേസമയം സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് യൂട്യൂബര്‍ കെ എം ഷാജഹാന്റെ വീട്ടില്‍ കഴിഞ്ഞദിവസം റെയ്ഡ് നടന്നിരുന്നു. എറണാകുളം റൂറല്‍ സൈബര്‍ ടീമും പറവൂര്‍ പൊലീസുമാണ് തിരുവനന്തപുരം ഉള്ളൂരിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി പരിശോധന നടത്തിയത്. ഷാജഹാന്‍ വീട്ടിലുള്ളസമയത്തായിരുന്നു പരിശോധന. രാത്രി ഒമ്പത് മണിയോടെയാണ് സംഘം വീട്ടിലെത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ സംഘം ഷാജഹാന് നോട്ടീസ് നൽകിയിരുന്നു. ഷാജഹാന്റെ ഐഫോൺ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കേസിൽ പ്രതിചേര്‍ത്ത കൊണ്ടോട്ടി അബുവിന്റെ വീട്ടിലും പൊലീസ് പരിശോധന നടത്തിയിരുന്നു. മലപ്പുറത്തെ വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്. കേസില്‍ മൂന്നാം പ്രതിയാണ് യൂട്യൂബറായ കൊണ്ടോട്ടി അബു എന്ന യാസര്‍ എടപ്പാള്‍. ഇയാള്‍ വിദേശത്താണെന്നാണ് വിവരം.ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് കൈമാറും.
കെ ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പ്രതിയായ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സി കെ ഗോപാലകൃഷ്ണനും നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് ആലുവ സൈബര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം എന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിര്‍ദ്ദേശം. എന്നാൽ ഇദ്ദേഹം ഹാജരായേക്കില്ല എന്നാണ് സൂചന. ഗോപാലകൃഷ്ണന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഫേസ്ബുക്ക് പോസ്റ്റ് ഇടാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിരുന്നു.
Content Highlights: cyber attack against k j shine; Poster against KM Shajahan