
ഇന്ത്യയിലെ തന്നെ ഏറ്റവും വിലകൂടിയ ഫ്ളാറ്റുകൾ സ്വന്തമാക്കി ഫാർമസ്യൂട്ടിക്കൽ കമ്പനിയായ യുഎസ്വി ലിമിറ്റഡിന്റെ ചെയർപേഴ്സൺ ലീന ഗാന്ധി തിവാരി. മുംബൈയിൽ വോർലി സീ ഫെയ്സിലെ കടലിനോട് അഭിമുഖമായി നിൽക്കുന്ന 40 നിലകളുള്ള ആഡംബര ടവറായ നമൻ സാനയിലെ രണ്ട് ഡ്യൂപ്ലെക്സ് അപ്പാർട്ടുമെന്റുകൾ ആണ് ലീന ഗാന്ധി തിവാരി സ്വന്തമാക്കിയത്. 703 കോടിയോളം രൂപ ചെലവഴിച്ചാണ് ലീന രണ്ട് ഫ്ളാറ്റ് സ്വന്തമാക്കിയത്.
639 കോടിയാണ് ഫ്ളാറ്റുകളുടെ വില. ഇതിനോടൊപ്പം 63.90 കോടി രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടി, ജിഎസ്ടി എന്നിവയുൾപ്പെടെയാണ് 703 രൂപ ലീന ചെലവഴിച്ചത്. ഇന്ത്യയിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ചെലവേറിയ റെസിഡൻഷ്യൽ പ്രോപ്പർട്ടി ഇടപാടാണിത്. നമൻ സാനയിലെ 32 മുതൽ 35 വരെയുള്ള നാല് നിലകളിലായി 22,572 ചതുരശ്ര അടി വിസ്തീർണ്ണമുള്ളതാണ് ഡ്യൂപ്ലെക്സുകൾ. ചതുരശ്ര അടിക്ക് 2.83 ലക്ഷം രൂപയാണ് വില ഈടാക്കിയിരിക്കുന്നത്.
മെയ് 28 നാണ് അപ്പാർട്ടുമെന്റുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തലാറ്റി & പാർട്ണേഴ്സ് എൽഎൽപി ആണ് നമൻ സാന കെട്ടിടം രൂപകൽപന ചെയ്തിരിക്കുന്നത്. ഏകദേശം 6,500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള തുറന്ന ലേഔട്ടുകളുള്ള 22 എക്സ്ക്ലൂസീവ് അപാർട്ടുമെന്റുകൾ ഈ കെട്ടിടത്തിൽ ഉണ്ട്.
ഇന്ത്യയിലെ ഏറ്റവും ധനികരായ സ്ത്രീകളിൽ ഒരാളാണ് അപാർട്ട്മെന്റ് സ്വന്തമാക്കിയ ലീന ഗാന്ധി. 2023 ലെ കണക്കുകൾ അനുസരിച്ച് മുപ്പതിനായിരം കോടിയിലധികമാണ് ലീനയുടെ ആസ്തി. നേരത്തെ ബാങ്കർ ഉദയ് കൊട്ടക്കും കുടുംബവും 426 കോടി രൂപയ്ക്ക് വോർളിയിലെ കടലിന് അഭിമുഖമായുള്ള 19 ശിവ് സാഗർ സ്വന്തമാക്കിയത് ആയിരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഡീൽ. കെട്ടിടത്തിലെ 24 അപ്പാർട്ടുമെന്റുകളിൽ 21 എണ്ണം കൊട്ടക് കുടുംബം ആണ് വാങ്ങിയത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി മുംബൈയിൽ ആഡംബര പ്രോപ്പർട്ടികൾ വാങ്ങികൂട്ടുന്നത് വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിൽ റെക്കോർഡ് പ്രോപ്പർട്ടി രജിസ്ട്രേഷനുകൾ ആണ് മുംബൈയിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ തന്നെ ഫാർമസ്യൂട്ടിക്കൽ ഉടമകളാണ് കൂടുതൽ പ്രോപ്പർട്ടികൾ വാങ്ങുന്നതെന്നാണ് റിപ്പോർട്ട്. കൊവിഡിന് ശേഷം സമ്പത്തിൽ കാര്യമായ വർധനവ് ഉണ്ടായതോടെയാണ് പല ഫാർമസ്യൂട്ടിക്കൽ ഉടമകളും സ്ഥലങ്ങളും കെട്ടിടങ്ങളും വാങ്ങിക്കൂട്ടുന്നത്. ഭാവിയിലേക്കുള്ള ഏറ്റവും സുരക്ഷിതമായ സമ്പാദ്യമായാണ് ഈ പ്രോപ്പർട്ടികളെ കണക്കാക്കുന്നത്.
Content Highlights: Leena Gandhi Tiwari buys India's most expensive flats, spends Rs 703 crore