
യുഎസ് സർക്കാരിന്റെ പ്രത്യേക ഏജൻസിയായ ഡോജിൽ (ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി) നിന്നും പടിയിറങ്ങുന്നതായി പ്രഖ്യാപിച്ച് ടെസ്‍ല സി ഇ ഒയും ശതകോടീശ്വരനുമായ ഇലോൺ മസ്ക്. ഡോജിൽ തന്റെ സമയം അവസാനിക്കുന്നുവെന്നാണ് പിന്മാറ്റത്തോട് മസ്ക് പ്രതികരിച്ചത്. പ്രത്യേക സർക്കാർ ഉത്തരവാദിത്തം നൽകിയതിനെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രെംപിന് മസ്ക് നന്ദി അറിയിക്കുകയും ചെയ്തു.
യുഎസ് സർക്കാരിന്റെ പ്രത്യേക ജീവനക്കാരൻ എന്ന ജോലിയിൽ എനിക്ക് അനുവദിക്കപ്പെട്ട സമയം അവസാനിക്കുകയാണ്. സർക്കാരിന്റെ അനാവശ്യ ചെലവുകൾ കുറയ്ക്കാനായി ട്രംപ് എനിക്ക് നൽകിയ അവസരത്തിൽ നന്ദി പറയുന്നു. ഡോജിന്റെ പ്രവർത്തനങ്ങൾ കാലക്രമേണ ശക്തിപ്പെടും. ഇലോൺ മസ്ക് എക്സിൽ കുറിച്ചു.
As my scheduled time as a Special Government Employee comes to an end, I would like to thank President @realDonaldTrump for the opportunity to reduce wasteful spending.
— Elon Musk (@elonmusk) May 29, 2025
The @DOGE mission will only strengthen over time as it becomes a way of life throughout the government.
അതിനിടെ കഴിഞ്ഞ ദിവസം ട്രംപിന്റെ താരിഫ് നയങ്ങളെ വിമർശിച്ച് മസ്ക് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മസ്ക് ഡോജിൽ നിന്നും രാജി പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ താരിഫ് നയത്തെ മഹത്തായതും മനോഹരമായതുമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. എന്നാൽ ഒരു ബിൽ മഹത്തായതാവാം ചിലപ്പോൾ മനോഹരമായതാകാം, പക്ഷേ ഒരു ബിൽ ഒരുപോലെ മഹത്തായതും മനോഹരമായതും ആകുമോയെന്ന് അറിയില്ലെന്നായിരുന്നു മസ്കിന്റെ വിമർശനം.
'തുറന്നു പറഞ്ഞാൽ, ബജറ്റ് കമ്മി കുറയ്ക്കുന്നതിന് പകരം അത് വർധിപ്പിക്കുകയും, ഡോജ് ടീം ചെയ്യുന്ന പ്രവർത്തനങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്ന ഈ വലിയ സാമ്പത്തിക ബിൽ കണ്ടപ്പോൾ എനിക്ക് നിരാശ തോന്നി'. എന്നായിരുന്നു സിബിഎസ് സൺഡേ മോർണിങ്ങിന് നൽകിയ അഭിമുഖത്തിൽ മസ്ക് പ്രതികരിച്ചത്.
എന്താണ് ഡോജ് ((ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി) ?
പേരിൽ യു എസ് സർക്കാരിനെ സൂചിപ്പിക്കുന്നുണ്ടെങ്കിലും ഡോജ് ഒരു ഔദ്യോഗിക സർക്കാർ വകുപ്പല്ല. യു എസ് കോൺഗ്രസിന്റെ നിയമനിർമാണത്തിലൂടെ മാത്രമാണ് ഇത്തരമൊരു വകുപ്പ് നിലവിൽ വരികയുള്ളൂ. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഒപ്പിട്ട പ്രത്യേക ഉത്തരവിലൂടെയാണ് ഡോജ് രൂപീകരിച്ചത്. സാങ്കേതിക വിദ്യകളുടെ നവീകരണം, സർക്കാർ പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കൽ തുടങ്ങിയവയാണ് ഈ വകുപ്പിലൂടെ ട്രംപ് സർക്കാർ ലക്ഷ്യമിട്ടത്. 2026 ജൂലൈയോടെയാണ് ഡോജിന്റെ പ്രവർത്തനം പൂർത്തികരിക്കേണ്ടിയിരുന്നത്.
യു എസ് സർക്കാരിൽ ഇലോൺ മസ്കിന്റെ റോൾ എന്തായിരുന്നു ?
യു എസ് സർക്കാരിന്റെ ഒരു ഔദ്യോഗിക ജീവനക്കാരനല്ലാതെ പ്രവർത്തിക്കുമെന്നായിരുന്നു മസ്ക് ആദ്യം പ്രതികരിച്ചത്. എന്നാൽ പിന്നീട് പ്രതിഫലമില്ലാതെ ഒരു പ്രത്യേക സർക്കാർ ജീവനക്കാരനായി മസ്ക് പ്രവർത്തിക്കുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.
കഴിഞ്ഞ ഏപ്രിൽ അവസാനത്തോടെ മസ്ക് നടത്തിയ ചില പ്രതികരണങ്ങൾ യു എസ് സർക്കാരുമായുള്ള അതൃപ്തി സൂചിപ്പിക്കുന്നതായിരുന്നു. ട്രംപ് സർക്കാരിനോടുള്ള അതൃപ്തിയിൽ പലപ്പോഴും വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത് ഡോജ് ആണെന്നായിരുന്നു മസ്കിന്റെ വാക്കുകൾ. ഡോജിൽ തന്റെ ലക്ഷ്യങ്ങൾ പൂർത്തിയായില്ലെന്നും മസ്ക് ആരോപിച്ചു.
ഡോജിൽ പ്രവർത്തിക്കുന്നതിനാൽ തന്റെ സ്ഥാപനമായ ടെസ്‍ലയിൽ തനിക്ക് ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്നായിരുന്നു മസ്കിന്റെ മറ്റൊരു ആരോപണം. യു എസ് രാഷ്ട്രീയത്തിലുള്ള ഇടപെടലുകൾ ടെസ്‍ല കമ്പനിയുടെ കാറുകൾ ആഗോളതലത്തിൽ ബഹിഷ്കരിക്കാനുള്ള പ്രതിഷേധ സ്വരങ്ങളും ഇതിനിടയിൽ മസ്ക് നേരിട്ടു. പിന്നാലെ ഡോജിലെ പ്രവർത്തന സമയം ആഴ്ചയിൽ രണ്ട് ദിവസമായി കുറയ്ക്കാനും മസ്ക് തീരുമാനമെടുത്തിരുന്നു.
Content Highlights: Elon Musk Exits Donald Trump Government