സ്‌നേഹം വിറ്റും കാശാക്കാം; റോസ് ഡേയ്ക്ക് പിന്നിലും വമ്പന്‍ ബിസിനസ്

ഇന്നു മാത്രം ലോകമെങ്ങും ദശലക്ഷ കണക്കിന് റോസാപ്പൂക്കളാണ് വിറ്റഴിക്കപ്പെടുന്നത്

സ്‌നേഹം വിറ്റും കാശാക്കാം; റോസ് ഡേയ്ക്ക് പിന്നിലും വമ്പന്‍ ബിസിനസ്
സുമ സണ്ണി
1 min read|07 Feb 2026, 11:22 am
dot image

ഇന്ന് ഫെബ്രുവരി 7, റോസ് ദിനം. വാലന്റൈന്‍സ് ആഴ്ചയുടെ തുടക്കം കുറിക്കുന്ന ദിവസമാണിന്ന്. പ്രിയപ്പെട്ടവര്‍ക്ക് റോസാപ്പൂക്കള്‍ സമ്മാനിച്ചുകൊണ്ട് സ്‌നേഹവും, സൗഹൃദവും പ്രകടിപ്പിക്കുന്നതിനുള്ള ദിവസമായാണ് ഈ ദിനം ആഘോഷിക്കുന്നത്. ഇന്നു മാത്രം ലോകമെങ്ങും ദശലക്ഷ കണക്കിന് റോസാപ്പൂക്കളാണ് വിറ്റഴിക്കപ്പെടുന്നത്. ചെറുകിട കച്ചവടക്കാര്‍ ഉള്‍പ്പെടെ വന്‍കിട ബിസിനസുകാര്‍ക്ക് വരെ ഒരു വലിയ ബിസിനസ് അവസരം കൂടിയാണ് ഇതുവഴി ലഭിക്കുന്നത്.

Rose flower

റോസ് ഡേക്ക് പിന്നിലെ സാമ്പത്തികം

റോസ് ഡേയില്‍ ഇന്ത്യന്‍ നഗരങ്ങളില്‍ 90 ശതമാനത്തോളമാണ് പൂക്കളുടെ ഡിമാന്‍ഡ് കൂടുന്നത്. സെപ്‌റ്റോ, ബ്ലിങ്കിറ്റ് , ഇന്‍സ്ടാമാര്‍ട് തുടങ്ങിയ കമ്പനികളെല്ലാം ഈ ദിവസം പൂക്കളുടെ ബിസിനസ് വന്‍ ആഘോഷമാക്കാറുണ്ട്. അഞ്ചു മിനിറ്റില്‍ തന്നെ പൂക്കള്‍ ആവശ്യക്കാര്‍ക്ക് മനോഹരമായി പൊതിഞ്ഞു എത്തിക്കുന്നതിനായി ഇവരില്‍ നിന്നും റോസ് വാങ്ങുന്നതും നഗരങ്ങളില്‍ ഇപ്പോള്‍ പതിവാണ്.

കാലം മാറിയതിനനുസരിച്ച് ഇന്ത്യയില്‍ പുഷ്പകൃഷി അതിവേഗം വളരുകയാണ്. ഈ വിപണിയുടെ ഡിമാന്‍ഡ് മനസിലാക്കി, പരമ്പരാഗതമായി പച്ചക്കറി കൃഷി ചെയ്തിരുന്ന പലരും ഇതിലേക്ക് എത്തുന്നുണ്ട്. വാലന്റൈന്‍സ്, റോസ് ദിനങ്ങളോടനുബന്ധിച്ച് പുഷ്പ വിപണി ഏകദേശം 500 കോടി രൂപയുടെ വളര്‍ച്ചയാണ് കൈവരിക്കുന്നത്.

rose bouquet

ബ്ലിങ്കിറ്റ്, സെപ്റ്റോ പോലുള്ള ഓണ്‍ലൈന്‍ ഡെലിവറി പ്ലാറ്റ്ഫോമുകള്‍ വളരെ വേഗത്തില്‍ പൂക്കള്‍ ആവശ്യക്കാരിലേക്ക് എത്തിക്കുന്നതിനാല്‍ 'വാടാത്ത പൂക്കളുടെ' വില്‍പ്പനയില്‍ വന്‍ കുതിച്ചുചാട്ടമാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2024 ഫെബ്രുവരി 7-ന് മിനിറ്റില്‍ 100-ലധികം ബൊക്കെകള്‍ ആണ് ചില ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനങ്ങള്‍ നല്‍കിയത് എന്ന് കണക്കുകള്‍ കാണിക്കുന്നു.

ലാഭം കൂടുതലുള്ള ബിസിനസ്

ചുവന്ന റോസാപ്പൂക്കള്‍ ഓരോന്നിനും 50 രൂപ മുതല്‍ 100 രൂപ വരെയാണ് ഇന്നത്തെ വില. എന്നാല്‍ പൂച്ചെണ്ടുകള്‍ക്ക് 300 രൂപ മുതല്‍ 1000 രൂപ വരെയാണ് വില. ഈ ദിവസത്തേക്കുള്ള പൂക്കള്‍ പ്രധാനമായും പൂനെ, ബെംഗളൂരു, ഹൊസൂര്‍, കൂര്‍ഗ്, ഊട്ടി എന്നിവിടങ്ങളില്‍ നിന്നാണ് നഗരങ്ങളിലേക്ക് എത്തുന്നത്. രാജ്യാന്തര വിപണിയില്‍ നിന്നും ഇന്ത്യയില്‍ പൂക്കള്‍ എത്തുന്നുണ്ട്. പൂക്കളുടെ കൂടെ ചോക്ലറ്റ് വില്പനയും ഈ ദിവസം പൊടിപൊടിക്കുന്നു.

rose bouquet

സമ്മാനങ്ങള്‍, ആശംസ കാര്‍ഡുകള്‍, ഓണ്‍ലൈന്‍ ഗിഫ്റ്റ് വൗച്ചറുകള്‍ എന്നിവയുടെ വില്പനയും തകൃതിയായി നടക്കുന്നുണ്ട്. ജൂവല്ലറികള്‍ മുതല്‍ ആഡംബര റെസ്റ്റോറന്ററുകള്‍ വരെ ഈ ദിവസം ആഘോഷിക്കുന്നു. ഇതിനു പിന്നിലെ ബിസിനസ് താല്പര്യങ്ങളാണ് ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുന്നത്. പല ബ്രാന്‍ഡുകളും 'സ്‌നേഹിക്കാന്‍' കൂടുതല്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള സാധനങ്ങളും സേവനങ്ങളും നല്‍കാന്‍ മത്സരിക്കുന്നതോടെ ഇന്ത്യയിലും 'റോസ് ഡേ' പച്ചപിടിക്കുകയാണ്.

rose day table

Content Highlights: Rose Day marks the beginning of Valentine Week and drives massive demand in the rose flower business

dot image
To advertise here,contact us
dot image