കൊച്ചിയെ "അറബിക്കടലിന്റെ റാണി" എന്ന് വിശേഷിപ്പിച്ച ഷണ്‍മുഖം ചെട്ടിയും കേന്ദ്ര ബജറ്റും തമ്മിലെന്ത് ബന്ധം?

ഫെബ്രുവരി 1 ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ 2026 - 27ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും

കൊച്ചിയെ  "അറബിക്കടലിന്റെ റാണി" എന്ന് വിശേഷിപ്പിച്ച  ഷണ്‍മുഖം ചെട്ടിയും കേന്ദ്ര ബജറ്റും തമ്മിലെന്ത് ബന്ധം?
dot image

ഫെബ്രുവരി 1 ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ 2026 - 27ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ചരിത്രത്തിലാദ്യമായി ഇത്തവണ ഞായറാഴ്ച്ചയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. സ്വതന്ത്ര്യ ഇന്ത്യയുടെ 94-ാം ബജറ്റ് ആയിരിക്കും ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാമത്തെ ബജറ്റും ധനമന്ത്രി നിര്‍മല സീതാരാമന്റെ ഒമ്പതാമത്തെ ബജറ്റുമാണിത്. ബജറ്റ് 2026-ന് മുന്നോടിയായി, ഇനി ഇന്ത്യയിലെ ബജറ്റിന്റെ ചരിത്രം ഒന്നുനോക്കാം.

Nirmala sitharaman

1860 ഏപ്രില്‍ 7 ന് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ സ്‌കോട്ടിഷ് സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രതന്ത്രജ്ഞനുമായ ജെയിംസ് വില്‍സണ്‍ ആണ് ബജറ്റ് ആദ്യമായി അവതരിപ്പിച്ചത്. ആ സമയത്ത്, ഇന്ത്യ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിന്റെ കീഴിലായിരുന്നു. 1857 ലെ ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെത്തുടര്‍ന്ന്, അതായത് ശിപായി ലഹളയെ തുടര്‍ന്ന് ബ്രിട്ടീഷ് ഭരണകൂടം നേരിട്ട സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കുള്ള പരിഹാരമായിരുന്നു ഈ ബജറ്റ്.

സര്‍ക്കാരിന് എന്തിനാണ് ബജറ്റ് ?

ഒരു സാമ്പത്തിക വര്‍ഷത്തെ മുഴുവന്‍ വരവും ചെലവും കണക്കാക്കുന്നതിനും സര്‍ക്കാര്‍ നയങ്ങള്‍ നടപ്പാക്കുന്നതിനും അതിനായുള്ള ഫണ്ട് വകയിരുത്തുന്നതിനുമാണ് ബജറ്റ് അവതരിപ്പിക്കുന്നത്. രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ ശരിയായ വളര്‍ച്ച ഉറപ്പാക്കാന്‍ ബജറ്റിനാകും. സാമൂഹ്യ സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കായുള്ള ഫണ്ട് വകയിരുത്തലും ബജറ്റിലൂടെ തന്നെയാണ്.

ബജറ്റ് അവതരണത്തിന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വ്യത്യസ്ത ഭരണഘടനാ ചുമതലകളുണ്ട്. റവന്യൂ ബജറ്റും, ക്യാപിറ്റല്‍ ബജറ്റുമാണ് പൊതുവേയുള്ള ബജറ്റിന്റെ രണ്ടു ഭാഗങ്ങള്‍. റവന്യൂ വരവുകളും ചെലവുകളും ഉള്‍ക്കൊള്ളുന്നതാണ് റവന്യൂ ബജറ്റ്. റവന്യൂ വരവുകളില്‍ അധികവും നികുതികളില്‍ നിന്നാണ്. ആദായ നികുതിയും മറ്റ് നികുതികളുമെല്ലാം ഇതിലുള്‍പ്പെടും. സര്‍ക്കാരിന്റെ മൂലധനച്ചെലവുകളാണ് ക്യാപിറ്റല്‍ ബജറ്റില്‍ ഉള്‍പ്പെടുക. പെന്‍ഷന്‍ പോലുള്ള സാമൂഹ്യരംഗത്തെ ചെലവുകള്‍, റോഡുകള്‍-പാലങ്ങള്‍ തുടങ്ങി അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ചെലവുകള്‍ എന്നിവയെല്ലാം മൂലധനച്ചെലവുകളില്‍ ഉള്‍പ്പെടുന്നു.

ഇനി, സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ബജറ്റ് എന്നായിരുന്നുവെന്ന് നോക്കാം

ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനുശേഷം, 1947 നവംബര്‍ 26 നാണ് ആദ്യത്തെ യൂണിയന്‍ ബജറ്റ് അവതരിപ്പിച്ചത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ധനമന്ത്രിയായിരുന്ന ആര്‍.കെ. ഷണ്‍മുഖം ചെട്ടിയാണ് ബജറ്റ് അവതരിപ്പിച്ചത്. ബ്രിട്ടീഷ് അനുകൂല ജസ്റ്റിസ് പാര്‍ട്ടി അംഗമായിരുന്നു ബിസിനസ്‌കാരന്‍ കൂടിയായ ചെട്ടി. കറുത്ത നിറമുള്ള ത്രീ-പീസ് സ്യൂട്ട് ധരിച്ച്, അലങ്കരിച്ച ലെതര്‍ ബാഗും കയ്യില്‍ പിടിച്ചാണ് ഷണ്‍മുഖം ചെട്ടി സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത്. ലെതര്‍ ബ്രീഫ്‌കേസ് എന്നര്‍ത്ഥം വരുന്ന ഫ്രഞ്ച് പദമായ 'ബഗെറ്റ്' എന്ന വാക്കില്‍ നിന്നാണ് ബജറ്റ് എന്ന വാക്കിന്റെ ഉത്ഭവം. 1935 മുതൽ 1941 വരെ കൊച്ചി നാട്ടുരാജ്യത്തിന്‍റെ ദിവാന്‍ ആയിരുന്ന ആർകെ ഷണ്‍മുഖം ചെട്ടിയാണ് കൊച്ചിയെ "അറബിക്കടലിന്റെ റാണി" എന്ന്‌ ആദ്യമായി വിശേഷിപ്പിക്കുന്നതും

R K Shanmugham chetty

ബ്രിട്ടീഷ് പാരമ്പര്യം പിന്തുടര്‍ന്ന് 1999 വരെ ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിനത്തില്‍ വൈകിട്ട് 5 മണിക്കാണ് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിരുന്നത്. 1999ല്‍ അന്നത്തെ ധനമന്ത്രി യശ്വന്ത് സിന്‍ഹയാണ് ബജറ്റ് അവതരണ സമയം രാവിലെ 11 മണിയായി ക്രമീകരിച്ചത്. കേന്ദ്ര ബജറ്റ് മാസത്തിലെ അവസാന പ്രവൃത്തി ദിനത്തില്‍ അവതരിപ്പിക്കുന്ന പതിവിന് വിപരീതമായി, 2017 മുതല്‍ അരുണ്‍ ജെയ്റ്റ്‌ലി ഫെബ്രുവരി 1 ന് ബജറ്റ് അവതരിപ്പിക്കാന്‍ തുടങ്ങി.

budget

1955 വരെ യൂണിയന്‍ ബജറ്റ് ഇംഗ്ലീഷിലാണ് അവതരിപ്പിച്ചത്. എന്നാല്‍ പിന്നീട് ഹിന്ദിയിലും ഇംഗ്ലീഷിലും ബജറ്റ് അവതരിപ്പിക്കാന്‍ തുടങ്ങി. കോവിഡ് കാലത്താണ് പേപ്പറിനോട് 'നോ' പറഞ്ഞ് ടാബ്ലെറ്റില്‍ സോഫ്റ്റ് കോപ്പിയായി ബജറ്റ് അവതരിപ്പിക്കാന്‍ ആരംഭിച്ചത്. അങ്ങനെ 2021-2022 ലെ ബജറ്റ് മുതല്‍ പേപ്പര്‍ ഒഴിവാക്കി.

ഇന്ദിരാഗാന്ധിക്ക് ശേഷം കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ഇന്ത്യന്‍ ചരിത്രത്തിലെ രണ്ടാമത്തെ വനിതയാണ് നിര്‍മല സീതാരാമന്‍. 2019 മുതല്‍ നിര്‍മ്മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നു. ഇത് അവരുടെ തുടര്‍ച്ചയായ ഒമ്പതാമത്തെ ബജറ്റായിരിക്കും. ഇന്ത്യയില്‍ ഇതുവരെ 77 സാധാരണ ബജറ്റുകളും 14 ഇടക്കാല ബജറ്റുകളുമാണ് അവതരിപ്പിച്ചിട്ടുള്ളത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ബജറ്റ് തന്നെ ഒരു ഇടക്കാല ബജറ്റായിരുന്നു.

Content Highlights: this is the third budget of the third modi government and the ninth budget of finance minister nirmala sitharaman

dot image
To advertise here,contact us
dot image