

ശൈത്യകാലം ആരംഭിച്ചതോടെ സാഹസിക വിനോദസഞ്ചാരികളെ ആകർഷിച്ച് ഇന്ത്യയിലെ പ്രമുഖ വിന്റർ സ്‌പോർട്‌സ് കേന്ദ്രങ്ങൾ സജീവമായി. സ്കീയിംഗ്, സ്നോബോർഡിംഗ്, ഐസ് സ്കേറ്റിംഗ്, ട്രെക്കിംഗ് തുടങ്ങിയ കായിക വിനോദങ്ങൾക്കായി വിനോദസഞ്ചാരികൾക്ക് തിരഞ്ഞെടുക്കാൻ പറ്റിയ ഇന്ത്യയിലെ അഞ്ച് പ്രധാന സ്ഥലങ്ങൾ പരിചയപ്പെടാം.
ഒലി (ഉത്തരാഖണ്ഡ്)- ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഓലിയാണ് രാജ്യത്തെ ഏറ്റവും പ്രശസ്തമായ വിന്റർ സ്‌പോർട്‌സ് കേന്ദ്രങ്ങളിൽ ഒന്ന്. 'ഇന്ത്യയുടെ സ്കീ ക്യാപിറ്റൽ' എന്നറിയപ്പെടുന്ന ഓലിയിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ അനുഭവപ്പെടുന്ന കനത്ത മഞ്ഞുവീഴ്ചയാണ് സ്കീയിംഗിനായി വിനോദസഞ്ചാരികളെ കൂടുതലായും ആകർഷിക്കുന്നത്.

സോങ്ക്രി (സിക്കിം)- മനോഹരമായ കാഴ്ചകൾക്കൊപ്പം സാഹസികതയും സമ്മാനിക്കുന്ന സോങ്ക്രി ട്രക്ക് ഈ മാസങ്ങളിലെ
പ്രധാന ആകർഷണമാണ്. അതിമനോഹരമായ ശൈത്യകാല കാഴ്ചകൾ കണ്ടുകൊണ്ട് ട്രെക്ക് ചെയ്യാൻ ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവാണ് ഏറ്റവും അനുയോജ്യമായ സമയം.

ഗുൽമാർഗ് (ജമ്മു & കശ്‌മീർ)- ഏഷ്യയിലെ ഏറ്റവും മികച്ച സ്കീയിംഗ് ഡെസ്റ്റിനേഷനായി കണക്കാക്കപ്പെടുന്ന ഗുൽമാർഗ്, വൈവിധ്യമാർന്ന ശൈത്യകാല കായിക വിനോദങ്ങൾക്ക് വേദി കൂടിയാണ്. സ്കീയിംങ്, സ്നോബോർഡിംഗ്, ഹെലി-സ്കീയിംഗ്, സ്ലെഡ്ജിംഗ്, ഐസ് സ്കേറ്റിംഗ് തുടങ്ങി വ്യത്യസ്തമായ സാഹസിക വിനോദങ്ങൾ ഇവിടെ ആസ്വദിക്കാം.

സോളാങ് വാലി (ഹിമാചൽ പ്രദേശ്)- മണാലിയിലെ സോളാങ് താഴ്‌വരയിൽ നിങ്ങൾക്ക് സ്കീയിംഗ്, സ്നോബോർഡിംഗ് തുടങ്ങിയ ശൈത്യകാല കായിക വിനോദങ്ങൾ ചെയ്യാൻ കഴിയും. മഞ്ഞുമൂടിയ കുന്നുകളും താഴ്വരകളും നിറഞ്ഞ സോളാങ് വാലിയിലൂടെയുള്ള സ്നോ ട്രെക്കിംഗും സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകമാണ്.

ലേ (ലഡാക്ക്)- ഐസ് ഹോക്കി, സ്നോ ബോർഡിംഗ്, സ്കേറ്റിംഗ് തുടങ്ങിയ വിന്റർ സ്‌പോർട്‌സിനായി തണുപ്പുകാലത്ത് സഞ്ചാരികൾ ലേയിലേക്ക് എത്തുന്നു. ലേയുടെ വശ്യമായ ഭൂപ്രകൃതിയും തണുത്തുറഞ്ഞ തടാകങ്ങളുമാണ് വിനോദസഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്.

Content Highlights: Winter sports destinations in india