
സ്വർണത്തിന് അന്നും ഇന്നും എന്നും ആവശ്യക്കാർ ഏറെയാണ്. ആഭരണമായും സമ്പാദ്യമായും നിക്ഷേപമായും വിലമതിപ്പേറെയുള്ള വസ്തു തന്നെയാണ് എക്കാലത്തും സ്വർണം. എല്ലാ നാട്ടിലും സ്വർണത്തെ ഇതേ മൂല്യത്തോടെയാണ് ആളുകൾ കാണുന്നതെങ്കിലും വിലയുടെ കാര്യത്തിൽ അങ്ങനെയല്ല. നികുതിയും തീരുവയും മാർക്കറ്റിലെ ഡിമാൻഡുമെല്ലാം സ്വർണത്തിന്റെ വില നിശ്ചയിക്കുന്നതിൽ നിർണായകമാണ്.
നിലവിൽ ഇന്ത്യയിൽ 24 കാരറ്റ് സ്വർണത്തിന്റെ 10 ഗ്രാമിന് 123035 രൂപയാണ് വില. 22 കാരറ്റിന് 118500 രൂപയാണ്. 18 കാരറ്റിലേക്ക് എത്തുമ്പോൾ വില ഒരു ലക്ഷത്തിന് താഴെയാകും. കഴിഞ്ഞ വർഷം ഒക്ടോബറിൽ 24 കാരറ്റ് സ്വർണത്തിന്റെ 10 ഗ്രാമിന് 78000 രൂപയോളമായിരുന്നു വില എന്നോർക്കണം. അതിന് ശേഷം സ്വർണവിലയിൽ വൻ കുതിപ്പാണ് ഉണ്ടായത്.
എന്നാൽ ഇന്ത്യയേക്കാൾ വികസിതമായ മറ്റ് പല രാജ്യങ്ങളിലും സ്വർണത്തിന് ഇത്രയും വിലയില്ല. അതുകൊണ്ട് തന്നെ ഈ രാജ്യങ്ങൾ ഇന്ത്യക്കാർ സ്വർണം വാങ്ങുന്ന കേന്ദ്രങ്ങളായി മാറാറുമുണ്ട്. ഇന്ത്യയിലെ സ്വർണവിലയിൽ നിന്നും 10000 മുതൽ 20000 രൂപയുടെ വ്യത്യാസം ഇവിടങ്ങളിലെ സ്വർണ വിലയിലുണ്ട്.
ഹോങ്കോങ്, തുർക്കി, കുവൈത്ത്, ദുബായ്, ബെഹ്റിൻ, അമേരിക്ക, സിംഗപ്പൂർ, ഓസ്‌ട്രേലിയ, റഷ്യ, ഇന്തോനേഷ്യ എന്നിവയാണ് ഇന്ത്യയേക്കാൾ കുറഞ്ഞ വിലയിൽ സ്വർണം കിട്ടുന്ന പ്രധാനപ്പെട്ട പത്ത് രാജ്യങ്ങൾ. സ്വർണത്തിന് ഇപ്പോൾ ഏറ്റവും വില കുറവ് റഷ്യയിലാണ്. 24 കാരറ്റിന്റെ 10 ഗ്രാം സ്വർണത്തിന് 103910 രൂപയാണ് ഇവിടുത്തെ വില. ഹോങ്കോങ്ങിൽ 113140 രൂപയാകും. തുർക്കിയിൽ 113040, കുവൈറ്റിൽ 113570, ദുബൈയിൽ 114740, ബെഹ്റിനിൽ 114420, അമേരിക്കയിൽ 115360, സിംഗപ്പൂരിൽ 118880, ഓസ്‌ട്രേലിയയിൽ 121870, റഷ്യയിൽ 103910, ഇന്തോനേഷ്യയിൽ 112990 എന്നിങ്ങനെയാണ് വില.
എന്നാല്‍ ഓരോ രാജ്യങ്ങളിൽ നിന്നും സ്വർണം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ നിയമങ്ങളും ചട്ടങ്ങളും ഉണ്ട്. ഉദാഹരണത്തിന്, ദുബൈയിൽ നിന്നും 40 ഗ്രാം സ്വർണമാണ് സ്ത്രീകൾക്കും കുട്ടികൾക്കും കസ്റ്റംസ് ഡ്യൂട്ടി നൽകാതെ കൊണ്ടുവരാൻ കഴിയുന്നത്. ദേഹത്ത് അണിയുന്ന ആഭരണങ്ങൾ കണക്കാക്കിയാണ് ഇത്. ഒരു കിലോ സ്വർണം വരെയാണ് കസ്റ്റംസ് തീരുവ നൽകി കൊണ്ടുവരാൻ കഴിയുന്നത്. സ്വർണം ഗോൾഡ് ബാറുകളോ കോയിനോ ആഭരണങ്ങളോ ആയി കൊണ്ടുവരാൻ കഴിയും. ഇതിന് കൃത്യമായ രേഖകളുണ്ടായിരിക്കണം.
നേരത്തെ പറഞ്ഞിരിക്കുന്ന ഓരോ രാജ്യങ്ങളുടെ കാര്യത്തിലും ഇത്തരത്തിലുള്ള നിയമങ്ങളും നിബന്ധനകളുമുണ്ട്. അവയെല്ലാം പാലിച്ചുകൊണ്ടേ മറ്റ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് സ്വർണം കൊണ്ടുവരാൻ കഴിയൂ.
Content Highlights: Gold price is less in these 10 countries compared to India